SignIn
Kerala Kaumudi Online
Sunday, 27 July 2025 1.19 PM IST

വിലയിടിവ്, വന്യമൃഗശല്യം: കശുവണ്ടിയിലും തോറ്റ് കർഷകർ

Increase Font Size Decrease Font Size Print Page
cashuew

വേനൽമഴയുടെ പേരിൽ ഒറ്റയടിക്ക് കുറഞ്ഞത് ₹40

കണ്ണൂർ: സ്വന്തം പറമ്പുകളിൽ കൃഷി ചെയ്തതും പാട്ടത്തിനെടുത്തതുമായ കശുമാവിൻ തോട്ടങ്ങളിൽ അമ്പേ പരാജയപ്പെട്ട് മലയോരകർഷകർ. വന്യമൃഗശല്യം മൂലം തോട്ടണ്ടി ശേഖരിക്കാൻ കഴിയാതെയും ഇടയ്ക്ക് പെയ്യുന്ന മഴകാരണമുള്ള വിലയിടിവും മൂലം കശുമാവ് കൃഷി തന്നെ ഉപേക്ഷിക്കുന്നിടത്തേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്.

വേനൽമഴയ്ക്ക് പിന്നാലെ ഒറ്റയടിക്ക് നാൽപതു രൂപയുടെ കുറവാണ് കശുവണ്ടി വിലയിൽ ഉണ്ടായത്. സീസണിന്റെ തുടക്കത്തിൽ 165 രൂപ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ 125 രൂപയാണ് വ്യാപാരികൾ നൽകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഗുണനിലവാരമുള്ള കശുവണ്ടിയാണ് ഒന്നോ രണ്ടോ മഴയുടെ പേരിൽ വൻതോതിൽ വിലയിടിവ് നേരിടുന്നത്.ഇതിനെ പ്രതിരോധിക്കാൻ ഇന്നും സർക്കാർ തലത്തിൽ സംവിധാനമില്ല.മഴ തുടങ്ങിയാൽ വിലയിടിവ് മുൻവർഷങ്ങളിലും സംഭവിച്ചിട്ടുണ്ടെങ്കിലും
ഇങ്ങനെയൊരു പ്രതിസന്ധി വരാറില്ലെന്നാണ് കർഷക‌ർ പറയുന്നത്.അന്തരീക്ഷതാപം കൂടുന്ന സാഹചര്യത്തിൽ മഴയ്ക്ക് ഇനിയും സാദ്ധ്യതയുണ്ടെന്നിരിക്കെ ഈ വർഷത്തെ കശുവണ്ടി വില്പന കനത്ത നഷ്ടത്തിൽ കലാശിക്കാനാണ് സാദ്ധ്യത. സർക്കാർ താങ്ങുവില പ്രഖ്യാപിക്കാത്തതും വിലത്തകർച്ചയുടെ പിന്നിലുണ്ട്. മഴയുടെ സാദ്ധ്യത ഉത്പാദനത്തേയും വിളയുടെ ഗുണനിലവാരത്തെയും ബാധിക്കും എന്ന പേടിയും കർഷകർക്കുണ്ട്.

വീണടിയുന്നു കോടികളുടെ മുതൽ

ലോകത്തിലെ മേൽത്തരം കശുമാവുകളുടെ കേന്ദ്രമായ കണ്ണൂർ,​ കാസർകോട് ജില്ലകളിൽ കോടിക്കണക്കിന് രൂപയുടെ പോഷകസമൃദ്ധമായ കശുമാങ്ങയാണ് വർഷന്തോറും വീണടിയുന്നത്. ഗോവൻ മാതൃകയിൽ കശുമാങ്ങയിൽ നിന്ന് ഫെനിക്ക് സമാനമായ മദ്യം ഉത്പാദിപ്പിക്കാമെന്നിരിക്കെയാണ് അമൂല്യമായ പഴത്തെ പാടെ അവഗണിക്കുന്നതും കർഷകനെ സഹായിക്കാനുള്ള അവസരം കളഞ്ഞുകുളിക്കുന്നതും. കിലോയ്ക്ക് മൂന്നു രൂപ നിരക്കിൽ കശുമാങ്ങ സംഭരിക്കാമെന്ന ആലോചന നേരത്തെ നടന്നിരുന്നെങ്കിലും ഇതുപയോഗിച്ചുള്ള മൂല്യവ‌ർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനത്തിൽ കാര്യമായ ആലോചനയുണ്ടായില്ല.കൊവിഡിന് മുമ്പായിരുന്നു ഈ ആലോചന നടന്നിരുന്നത്. കണ്ണൂർ ,​കാസർകോട് ജില്ലയുടെ കാർഷിക,​വ്യാവസായിക വളർച്ചയിൽ കുതിച്ചുചാട്ടമുണ്ടാക്കാവുന്നതായിട്ടും സർക്കാരിൽ നിന്ന് കാര്യമായ ആലോചന ഈ വിഷയത്തിൽ ഇന്നും നടക്കുന്നില്ലെന്നതാണ് സത്യം.

സീസൺ വളരെ മോശം

സീസണൽ വിളയായ കശുവണ്ടിയിൽ ഡിസംബർ തുടങ്ങി മാർച്ച് വരെയാണ് വരുമാനം ലഭിക്കേണ്ടത്. ഇക്കുറി മഴ മാറാൻ താമസമുണ്ടായത് ഉത്പാദനത്തെ വൈകിച്ചു. ഉത്പാദനത്തിൽ വലിയ ഇടിവാണ് ഇതുമൂലമുണ്ടായത്. ഏറ്റവുമധികം കശുവണ്ടി ലഭിക്കുന്ന ആറളം പുനരധിവാസ മേഖല അടക്കമുള്ള ഇടങ്ങളിൽ പോലും ഉത്പാദനം കുറഞ്ഞു. കാട്ടാനകളുടെ ഭീഷണിയു കശുവണ്ടി എത്തിയുരുന്നത്. കേളകം, കൊട്ടിയൂർ തിടങ്ങിയ വിപണികളിൽ നിത്യേന 25,000 കിലോ കശുവണ്ടി എത്തിയിരുന്നിടത്ത് ഇപ്പോൾ 10,000 കിലോ മാത്രമാണ് എത്തുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.

വന്യ മൃഗ ശല്യവും പൊറുതി മുട്ടിച്ചു.

ആറളമടക്കമുള്ള മലയോരമേഖലകളിലെല്ലാം രൂക്ഷമായ വന്യമൃഗ ശല്യവമുണ്ട്.കശുവണ്ടിയെ മുള്ളൻ പന്നി, കുരങ്ങ്, മലയണ്ണാൻ തുടങ്ങിയവ നേരിട്ട് നശിപ്പിക്കുമ്പോൾ കാട്ടാന,​ കടുവ,​ പുലി എന്നിവയുടെ കടന്നുവരവ് കശുവണ്ടി ശേഖരിക്കുന്നതിന് തടസമായി. ആറളത്ത് കശുവണ്ടി ശേഖരിക്കാൻ പോയ വൃദ്ധ ദമ്പതികളാണ് അടുത്തിടെ കാട്ടാന ആക്രണത്തിൽ കൊല്ലപ്പെട്ടത്.

വിളവ് നന്നേ കുറവായിരുന്നപ്പോഴും അത്യാവശ്യം വിലയുണ്ടായിരുന്നു എന്ന പ്രതീക്ഷയിലായിരുന്നു. ഒരു മഴ പെയ്തതോടെ അതും അവസാനിച്ചു. ഇനിയും വില കുറയുകയാണെങ്കിൽ ജീവിതം വല്ലാത്ത ബുദ്ധിമുട്ടിലാകും- ബാബു ദാസ് കശുവണ്ടി കർഷകൻ (മട്ടന്നൂർ)

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.