SignIn
Kerala Kaumudi Online
Sunday, 27 July 2025 6.32 PM IST

പ്രകൃതിയുടെ സ്വന്തം സംരംഭകരാകാം

Increase Font Size Decrease Font Size Print Page

a

വലിയ ഫാക്ടറികളും കെട്ടിടങ്ങളും ജീവനക്കാരുമെല്ലാം വേണോ ഒരു സംരംഭം തുടങ്ങാൻ ? പ്രകൃതി സൗഹൃദമായി പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാതെ എത്രയോ ഉത്പന്നങ്ങൾ നമുക്കുണ്ടാക്കാൻ കഴിയും. ആയുർവേദത്തിന്റെ ഈറ്റില്ലമായ കേരളത്തിലല്ലാതെ മറ്റെവിടെയാണ് അത് സാദ്ധ്യമാകുക. കേരളത്തിന്റെ സ്വന്തം സുഗന്ധവ്യഞ്ജനങ്ങളും ഔഷധ സസ്യങ്ങളും ഹരിതാഭമായ പ്രകൃതിയും ഫലഭൂയിഷ്ഠമായ മണ്ണുമെല്ലാം മറ്റെവിടെയുണ്ടാകും?

കൊവിഡ് കാലത്ത് ഒട്ടനവധി സ്ത്രീകൾ സംരംഭകരായത് വാർത്തയായിരുന്നു. അലങ്കാര വസ്തുക്കളുണ്ടാക്കിയും ഫുഡ് സപ്ളിമെന്റുകൾ തയ്യാറാക്കിയും വിദേശ വിപണിവരെ കേരളത്തിലെ സ്ത്രീകൾ കെെയടക്കി.

കൗമാരത്തിലേ കാഴ്ച നഷ്ടപ്പെട്ട് ഇരുളിന്റെ ലോകത്തായ ഗീത സലീഷ് കൊവിഡ് കാലത്താണ് മനസിൽ ഒരു സ്വപ്നക്കാഴ്ച കണ്ടത്.

മഞ്ഞളിലൂടെ ലോകത്തിലെ മനുഷ്യർക്കെല്ലാം രോഗപ്രതിരോധം! ലോക്ഡൗണിൽ പൊട്ടിമുളച്ച മോഹം സഫലമാക്കാനായി 'കുർക്ക് മീൽ' എന്നൊരു ഫുഡ് സപ്ളിമെന്റ് ഉണ്ടാക്കി. ക്യാൻസർ അടക്കമുളള രോഗങ്ങളെ തടയാനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ള കുർക്കുമിന്റെ സാന്നിദ്ധ്യമുള്ള മഞ്ഞൾ പ്രധാന ചേരുവയായി നിർമ്മിച്ചെടുക്കുകയായിരുന്നു. അത് ഗീതയുടേയും ഭർത്താവ് സലീഷിന്റെയും ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു.

കാടിനും കാടിന്റെ മക്കൾക്കും

അക്കേഷ്യയും യൂക്കാലിപ്റ്റ്സുമെല്ലാം നട്ടുവളർത്തി കേരളത്തിലെ കാടുകൾ പ്ളാന്റേഷനുകളാക്കിയതിന്റെ പരിണിതഫലം നമ്മൾ അനുഭവിക്കുന്നുണ്ട്. മൃഗങ്ങളുടെ കാടിറക്കവും കാട്ടുതീയും പരിസ്ഥിതിയിലെ അസന്തുലിതാവസ്ഥയുമെല്ലാം നമ്മൾ അനുഭവിക്കുന്നു. തേക്കും റബറും കാട്ടിൽ നിറഞ്ഞാൽ പണം കൊയ്യാമെന്ന് ധരിച്ച നമ്മൾ സുഗന്ധ വ്യഞ്ജനങ്ങളെ തഴഞ്ഞു.

കാടിന്റെ സ്വാഭാവികതയെ ഒട്ടും ബാധിക്കാതെ ഇഞ്ചിയും മഞ്ഞളും കുരുമുളകുമെല്ലാം നട്ടുവളർത്താം. ആദിവാസി വിഭാഗങ്ങൾക്ക് അതൊരു താങ്ങും തണലുമാകും. ഗീത ചിന്തിച്ചതും അതാണ്. അട്ടപ്പാടിയിലെ മലഞ്ചെരിവിൽ കസ്തൂരി മഞ്ഞൾ കൃഷി ചെയ്യുന്ന ഗോത്ര വിഭാഗക്കാരായ വനിതകൾക്ക് ഗീതയുടെ ഇടപെടൽ ആശ്വാസമായി. ഏലവും കാപ്പിയും ഇഞ്ചിയും മഞ്ഞളുമെല്ലാം കൃഷി ചെയ്തിരുന്ന അട്ടപ്പാടി ആദിവാസി ഉന്നതിയിലെ ഇരുള വിഭാഗക്കാരായ വനിതകൾ കൃഷി ചെയ്യുന്ന കസ്തൂരി മഞ്ഞൾ ഗീതയാണ് വാങ്ങുന്നത്. ഏലവും കാപ്പിയും ഇഞ്ചിയും കൃഷി ചെയ്യുന്നതിനേക്കാൾ ലാഭകരം. കാട്ടുപന്നിയും കാട്ടാനയും മയിലുമൊന്നും നശിപ്പിക്കില്ല. പരിപാലനച്ചെലവും കുറവ്.

മഞ്ഞളും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. കറികളിൽ ഉപയോഗിക്കുന്നതും വിലയേറിയതുമായ പ്രതിഭ ഇനത്തിലുള്ള സാധാരണ മഞ്ഞളിന്റെ പൊടിക്ക് പോലും കിലോയ്ക്ക് 700 രൂപയാണ്. കസ്തൂരി മഞ്ഞളിന്റേയും സാധാരണ മഞ്ഞളിന്റേയുമെല്ലാം ഗന്ധം പന്നികൾക്കും മറ്റ് മൃഗങ്ങൾക്കും അസഹനീയമായതിനാൽ നശിപ്പിക്കില്ല. വെള്ളവും അധികം വേണ്ട. മേയിൽ വിത്തിറക്കിയാൽ 10 മാസത്തിനുളളിൽ വിളവെടുക്കാം. കള പറിക്കണം. ആറുകിലോ ഉണക്കിയാൽ ഒരു കിലോ പാെടി കിട്ടും. ഷാേളയൂർ പഞ്ചായത്തിലെ കാവൻമേട് വയലൂർ മേഖലയിലാണ് ഇരുള വിഭാഗം വനിതകൾ കൃഷിയിറക്കിയത്.

സംരംഭകരെ

കുരുക്കരുത്
പതിമൂന്നാം വയസിൽ കാഴ്ച നഷ്ടപ്പെട്ടിട്ടും മികച്ച സംരംഭകയായി വളർന്ന ഗീത സലീഷിന്റെ മഞ്ഞൾ ഉത്പന്ന നിർമ്മാണ യൂണിറ്റിലേക്കാണ് അട്ടപ്പാടിയിലെ മഞ്ഞൾ വാങ്ങുന്നത്. ആദിവാസി വനിതകൾക്ക് കൂടുതൽ ലാഭം കിട്ടാൻ ഡ്രൈയർ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് ഗീത. കോഴിക്കോടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പൈസസ് റിസർച്ച് സെന്ററിൽ ഉത്പാദിപ്പിക്കുന്ന കുർക്ക്മിൻ സാന്നിദ്ധ്യം കൂടുതലുള്ള പ്രതിഭ എന്ന മഞ്ഞളാണ് ഗീത കൃഷി ചെയ്തു തുടങ്ങിയത്. സംരംഭകരായി നിരവധി വനിതകൾ രംഗത്തിറങ്ങുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥ തലത്തിലുള്ള നൂലാമാലകളാണ് വട്ടം കറക്കുന്നത്. അത് ഒഴിവായി കിട്ടിയാൽ വനിതാസംരംഭകർ ഇവിടെ ചരിത്രമാകും. ബ്രെയിൽ ലിപിയിലൂടെ പഠിച്ച് തൃശൂർ കേരളവർമ്മ കോളേജിൽ നിന്ന് ബിരുദം നേടിയ ഗീത 2011 ൽ ഓർഗാനിക്ക് ഭക്ഷ്യപദാർത്ഥങ്ങൾ ഒരുക്കിക്കൊണ്ടായിരുന്നു തുടക്കം കുറിച്ചത്. ഓൺലൈൻ സംരംഭത്തിലൂടെ കേരളം മുതൽ കശ്മീർ വരെയുള്ള ആവശ്യക്കാരെ സൃഷ്ടിച്ചെടുക്കാനുമായി.

ചെറുകിട ഇടത്തരം

സംരംഭങ്ങളും സജീവം

കൃഷി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന മേഖലയായി മാറിയിരിക്കുകയാണ് എം.എസ്.എം.ഇ. താരതമ്യേന ചെറിയ മൂലധന നിക്ഷേപത്തിൽ വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും സാമൂഹിക വികസനത്തിലും സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭ (എം.എസ്.എം.ഇ) മേഖല വലിയ പങ്കുവഹിക്കുന്നുണ്ട്. കരകൗശലം, കൈത്തറി, ഖാദി, ഭക്ഷ്യ സംസ്‌കരണം, വസ്ത്ര നിർമ്മാണം, നെയ്ത്തു വ്യവസായം, കയർ/തടി/മുള/റബ്ബർ/തുകൽ/കളിമൺ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് ഈ മേഖലയുടെ കീഴിലുളള പ്രധാന വ്യവസായങ്ങൾ. പരമ്പരാഗത ഉത്പ്പന്നങ്ങൾ മുതൽ ഉന്നത സാങ്കേതിക ഉത്പ്പന്നങ്ങൾ വരെയുള്ള വ്യത്യസ്തമായ ഉത്പ്പന്നങ്ങൾ വിവിധ സൂക്ഷമ, ചെറുകിട ഇടത്തരം സംരംഭങ്ങൾ ഉത്പ്പാദിപ്പിക്കുന്നു. കേരളത്തിലെ എം.എസ്.എം.ഇ യൂണിറ്റുകളിൽ മൂന്നിലൊന്ന് സ്ത്രീകളുടെ ഉടമസ്ഥതയിലാണെന്ന് പറയുന്നു. വനിതകൾ ഈ മേഖലയിലേക്ക് കൂടുതലായി കടന്നുവരുന്നതിന്റെ സൂചന കൂടിയാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, വനിതാ സംരംഭകർക്ക് ഏറെ നിർണായകമാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും സംരംഭകർ നേരിടുന്ന പ്രധാന പ്രശ്‌നമാണ് മൊബൈൽ ഡാറ്റ പാക്കുകളുടെ അമിത നിരക്ക്. താഴ്ന്ന അല്ലെങ്കിൽ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ സ്വന്തമായി ബിസിനസ് ചെയ്യുന്നവരിൽ 45 ശതമാനവും സ്ത്രീകൾക്ക് അമിത ചെലവും കണക്ഷൻ പ്രശ്നങ്ങളും കാരണം പലപ്പോഴും ഇന്റർനെറ്റ് സംവിധാനങ്ങൾ ലഭ്യമാകുന്നില്ലെന്നും പറയുന്നു. ഫാഷൻ ഔട്ട്ലെറ്റുകൾ, ഭക്ഷണം, ഫാം തുടങ്ങിയ മേഖലകളിൽ ബിസിനസ് ചെയ്യുന്ന സ്ത്രീകൾ അവരുടെ സംരംഭത്തെ വളർത്താനും ഉപഭോക്താക്കളുമായി ഇടപഴകാനും, ഡിജിറ്റൽ പെയ്‌മെന്റുകൾ നടത്താനും കൂടുതലും മൊബൈൽ ഫോണുകളെയാണ് ഉപയോഗിക്കുന്നത്. എന്നാൽ, ഈ മേഖലകളിൽ മാത്രമല്ല മറ്റ് സംരംഭങ്ങളിലും ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇന്റർനെറ്റ് സംവിധാനം. അതുകൊണ്ടു തന്നെ ആ മേഖലയിലും പിന്തുണ നൽകേണ്ടതുണ്ട്.

TAGS: NATURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.