കല്ലെറിഞ്ഞത് യുവതിയെ ദുരുദ്ദേശത്തോടെ നോക്കിയത് ചോദ്യം ചെയ്ത യുവാവിനെ ലക്ഷ്യമാക്കി
കാസർകോട്: യുവതിയെ മോശമായ അർത്ഥത്തിൽ നോക്കിയതിനെ കൂടെയുണ്ടായിരുന്നയാൾ ചോദ്യം ചെയ്ത വിരോധത്തിൽ അവർ സഞ്ചരിച്ച ട്രെയിനിനു നേരെ കല്ലെറിഞ്ഞ പ്രതിയെ റെയിൽവേ പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. തെക്കിൽ മയിലാട്ടി സ്വദേശി എസ്.അനിൽകുമാർ (41)ആണ് പിടിയിലായത്. കാസർകോട് റെയിൽവേ പൊലീസ് എസ്. എച്ച്. ഒ എം റെജികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ എം.വിപ്രകാശൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനീഷ്, സിവിൽ പൊലീസ് ഓഫീസർ ജ്യോതിഷ് ജോസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
സംഭവത്തിന് ശേഷം പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊയിനാച്ചിയിൽ വച്ച് പ്രതിയെ പിടികൂടിയത്. ഈയാളെ ഇന്നലെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കി. ഞായറാഴ്‌ച രാത്രി ഏഴരയോടെ ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതി അക്രമം നടത്തിയത്. മംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മലബാർ എക്‌സ്പ്രസിലെ ജനറൽ കോച്ചിൽ യാത്ര ചെയ്ത ഈയാൾ യാത്രക്കിടയിൽ മലപ്പുറം, വെളിയങ്കോട് സ്വദേശി കെ.റിജാസുമായി വാക്കേറ്റം നടന്നിരുന്നു. തന്റെ കൂടെയുണ്ടായിരുന്ന യുവതിയെ മോശമായി നോക്കിയെന്നാരോപിച്ച് റിജാസ് ഈയാളെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് മദ്യലഹരിയിലായിരുന്ന പ്രതിയും സുഹൃത്തും ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം റിജാസിന്റെ മുഖത്തടിച്ചിരുന്നു. ഇതിന് ശേഷം റിജാസിനെ ലക്ഷ്യമാക്കി ഈയാൾ ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലെറിയുന്ന ദൃശ്യം സമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |