കേരള സർവകലാശാലയിലെ ചില വാർത്തകൾ ശുഭകരമല്ല. ഏറ്റവും കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തേണ്ട സർവകലാശാലയിൽ ഏറ്റവും അശ്രദ്ധമായാണ് അതു നടക്കുന്നതെന്ന് തെളിയിക്കുന്ന സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. എം.ബി.എ പരീക്ഷയെഴുതിയ 71 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടമായ വിവരം സർവകലാശാല മറച്ചുവച്ച സംഭവം മാത്രമല്ല, ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക നൽകിയതിനെത്തുടർന്ന് വകുപ്പുതല പരീക്ഷ പി.എസ്.സി റദ്ദാക്കിയതും നാണക്കേടുണ്ടാക്കുന്നതാണ്. ഉത്തരക്കടലാസ് നഷ്ടപ്പെടുന്നതിനേക്കാൾ വലിയ കുറ്റമാണ് ആ വിവരം മറച്ചുവയ്ക്കുന്നത്. അതാണ് സർവകലാശാലാ അധികൃതർ ചെയ്തത്. കഴിഞ്ഞ മേയിൽ നടത്തിയ മൂന്നാം സെമസ്‌റ്റർ പരീക്ഷയുടെ ഉത്തരക്കടലാസ് ബൈക്ക് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി അദ്ധ്യാപകൻ ഈ വർഷം തുടക്കത്തിൽ അറിയിച്ചെങ്കിലും അക്കാര്യം വെളിപ്പെടുത്തി, പുതിയ പരീക്ഷ നടത്തേണ്ടതിനു പകരം ഫലപ്രഖ്യാപനം അനന്തമായി നീട്ടിക്കൊണ്ടുപോയി മിണ്ടാതിരിക്കുകയാണ് സർവകലാശാല ചെയ്തത്!
വിദ്യാർത്ഥികൾ പലതവണ സർവകലാശാലയെ സമീപിച്ചതിനു ശേഷമാണ് സിൻഡിക്കേറ്റിന്റെ അജൻഡയിൽ ഉൾപ്പെടുത്തി വിഷയത്തിൽ നടപടി സ്വീകരിക്കാൻ സർവകലാശാല തുനിഞ്ഞത്. ഉത്തരക്കടലാസുകൾ നഷ്ടപ്പെടുന്നത് ആദ്യ സംഭവമൊന്നുമല്ല. ഇതിനു മുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ പരീക്ഷാ വിഭാഗം എത്രയും വേഗം പുതിയ പരീക്ഷ നടത്തുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തവണ രണ്ടുമാസത്തോളം, വിവരം പുറത്തുവന്നതിന് ശേഷവും, പരീക്ഷാവിഭാഗം ഒരു നടപടിയും എടുത്തില്ല. ഇത് തികഞ്ഞ അനാസ്ഥയാണ്. ഇതുമൂലം വലഞ്ഞത് വിദ്യാർത്ഥികളാണ്. ഇതിനിടെ വീണ്ടും പരീക്ഷ നടത്താതെ മറ്റു വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ ശരാശരി ഈ പേപ്പറിനു നൽകി പ്രശ്നം പരിഹരിക്കാനും ആലോചനകൾ നടക്കുന്നുണ്ട്. വിദ്യാർത്ഥികൾ പൊതുവെ ഈ ആവശ്യത്തെയാണ് പിന്തുണയ്ക്കുന്നത്. ഏതു രീതിയിലായാലും ഇതിന് ഒരു പരിഹാരം സർവകലാശാല എത്രയും വേഗം കണ്ടെത്തേണ്ടതാണ്. ഉത്തരക്കടലാസുകൾ പരിശോധകർക്ക് എത്തിക്കുന്നതിലും കൃത്യസമയത്ത് തിരികെ വാങ്ങുന്നതിലും വീഴ്ച സംഭവിക്കുന്നു എന്നതിലേക്കാണ് ഈ സംഭവം വിരൽചൂണ്ടുന്നത്.
വലിയ ശമ്പളം വാങ്ങുന്നവരാണ് പി.എസ്.സി അംഗങ്ങളും അവിടത്തെ ഉദ്യോഗസ്ഥവൃന്ദവും. അവർ നടത്തുന്ന പരീക്ഷയിൽ ചോദ്യപേപ്പറിനു പകരം ഉത്തരക്കടലാസ് നൽകിയത് എത്രയോ ഗുരുതരമായ വീഴ്ചയാണ്. ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക നൽകിയതിനെത്തുടർന്ന് സർവേയർമാർക്ക് സൂപ്രണ്ട് തസ്തികയിലേക്ക് പ്രൊമോഷനുവേണ്ടി നടത്തിയ പരീക്ഷയാണ് പി.എസ്.സി റദ്ദാക്കിയത്. വൈകാതെ പുനഃപരീക്ഷ നടത്തി ഈ പ്രശ്നം പരിഹരിക്കണം. ഇല്ലെങ്കിൽ വർഷങ്ങളായി പ്രൊമോഷനു കാത്തിരിക്കുന്ന ജീവനക്കാരെയാണ് അത് പ്രതികൂലമായി ബാധിക്കുക. അതുപോലെ തന്നെ, ഈ വീഴ്ച എങ്ങനെ സംഭവിച്ചു എന്നത് വിശദമായി പരിശോധിച്ച് തെറ്റു വരുത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണം.
പരീക്ഷകളുടെ വിശ്വാസ്യതയാണ് സർവകലാശാലകളുടെയും പി.എസ്.സിയുടെയുമൊക്കെ നിലവാരം കാത്തുസൂക്ഷിക്കുന്നത്. അതിനാൽ അതെങ്കിലും കുറ്റമറ്റ രീതിയിൽ നടത്താനാണ് ഇരു സ്ഥാപനങ്ങളും ശ്രദ്ധിക്കേണ്ടത്. ചോദ്യക്കടലാസിൽ എത്ര ശ്രദ്ധിച്ചാലും ചില അക്ഷരത്തെറ്റുകളൊക്കെ മുമ്പും കടന്നുകൂടിയിട്ടുണ്ട്. എന്നാൽ, ഏതാനും ദിവസം മുമ്പ് നടന്ന പ്ളസ്ടു മലയാളം ചോദ്യക്കടലാസിൽ അക്ഷരത്തെറ്റുകളുടെ ബാഹുല്യമാണ് കാണാൻ കഴിഞ്ഞത്. ഉയർന്ന ശമ്പളം വാങ്ങിയാൽ മാത്രം പോരാ, അതിനോട് നീതി പുലർത്തുന്ന കർത്തവ്യം ബന്ധപ്പെട്ടവരിൽ നിന്ന് ഉണ്ടാവുകകൂടി വേണം. പരീക്ഷാ നടത്തിപ്പിൽ കാണിക്കുന്ന ഇത്തരം അലംഭാവങ്ങൾ എത്രയോ പേരുടെ ഭാവിയെയാണ് തകർക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |