വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പുതിയ റെക്കാഡ്. ഒരുമാസം 50ലധികം കപ്പലുകളെത്തി ചരക്കുനീക്കം നടത്തി ഒരു ലക്ഷത്തിലധികം ടി.ഇ.യു കൈകാര്യം ചെയ്താണ് നേട്ടം കൈവരിച്ചത്. കഴിഞ്ഞ മാസം 51ചരക്ക് കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേർന്നത്.1.08 ലക്ഷം ടി.ഇ.യുവാണ് തുറമുഖത്ത് കൈകാര്യം ചെയ്തത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനമാരംഭിച്ച് ട്രയലടിസ്ഥാനത്തിൽ കപ്പലുകൾ തുറമുഖത്തിലടുത്ത് തുടങ്ങിയ 2024 ജൂലായ് 11 മുതൽ മാർച്ച് വരെ 240 കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേർന്നത്. ഇതുവരെ 4,88,396 ടി.ഇ.യുവാണ് തുറമുഖത്ത് കൈകാര്യം ചെയ്തത്.
രണ്ടും മൂന്നുംഘട്ട നിർമ്മാണം ഉടൻ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർഘട്ടങ്ങൾക്കായി പാരിസ്ഥിതികാനുമതി ലഭിച്ചതിനെത്തുടർന്ന് അടുത്തഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള പ്രാരംഭനടപടികൾ ആരംഭിച്ചു. പുലിമുട്ട് നിർമ്മാണം ഉൾപ്പെടെയുള്ളവയ്ക്കായി ഉപകരാറുകൾ ക്ഷണിക്കുന്നതിനുള്ള നടപടികളാണ് തുടങ്ങിയത്. അതോടൊപ്പം വിവിധ കേന്ദ്രങ്ങളിൽ സംഭരിച്ചുവച്ചിരുന്ന കരിങ്കല്ലുകൾ തുറമുഖ നിർമ്മാണസ്ഥലത്തേക്ക് എത്തിക്കുകയാണ്. അടുത്തഘട്ടം തുടങ്ങുന്നതോടെ കല്ലുകൾ കടലിലൂടെ ബാർജ് മുഖാന്തരവും കരയിലൂടെ വാഹനത്തിലുമെത്തിച്ച് പുലിമുട്ടിന്റെ നീളം കൂട്ടുന്ന പദ്ധതികൾ ആരംഭിക്കും. തുടർന്നാകും ബർത്ത് നിർമ്മാണം. തുറമുഖ നിർമ്മാണത്തിന്റെ 3ഘട്ടങ്ങളും 2028 ഡിസംബറിൽ പൂർത്തീകരിക്കും. ടെർമിനൽ 1200 മീറ്റർ നീളത്തിലേക്ക് വിപുലീകരിക്കും, ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റർ കൂടി വർദ്ധിപ്പിക്കും. കണ്ടെയ്നർ സംഭരണ യാർഡിന്റെയും, ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം,1220 മീറ്റർ നീളമുള്ള മൾട്ടിപർപ്പസ് ബർത്തുകൾ, 250 മീറ്റർ നീളമുള്ള ലിക്വിഡ് ബർത്തുകൾ, ലിക്വിഡ് കാർഗോ സംഭരണ സൗകര്യങ്ങളുടെ വികസനം,77.17 ഹെക്ടർ വിസ്തൃതിയിലുള്ള ഭൂമിയേറ്റെടുക്കൽ, ഡ്രഡ്ജിംഗ് എന്നിവ ഉൾപ്പെടുന്നു. തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10000 കോടി അദാനിയാണ് മുടക്കുന്നത്.
പോർട്ട് റോഡ് നിർമ്മാണം
അവസാന ഘട്ടത്തിൽ
തുറമുഖത്തുനിന്ന് എൻ.എച്ച് 66മായി ബന്ധിപ്പിക്കുന്ന 1.7 കിലോമീറ്റർ വരുന്ന പോർട്ട് റോഡിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. പോർട്ട് റോഡ് എൻ.എച്ച് 66മായുള്ള ഇന്റർസെക്ഷൻ സ്‌കീം നാഷണൽ ഹൈവേ അതോറിട്ടിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്.
കസ്റ്റംസ് ഓഫീസ് സജ്ജമായി
വിഴിഞ്ഞത്ത് തുറമുഖ കവാടത്തിനു സമീപം നിർമ്മിച്ച കസ്റ്റംസ് എമിഗ്രേഷൻ ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ ആഴ്ച നടന്നു. കസ്റ്റംസ് അധികൃതർ മാത്രമാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്.
പ്രവർത്തന പന്ഥാവിൽ പുതിയ റെക്കാഡ് സ്ഥാപിച്ച് വിഴിഞ്ഞം കേരളത്തിന്റെ വികസന കവാടമായി അതിവേഗം വളർന്നു കൊണ്ടിരിക്കുന്നു.
വി.എൻ.വാസവൻ.
തുറമുഖ വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |