SignIn
Kerala Kaumudi Online
Sunday, 27 July 2025 5.05 AM IST

ഒരിറ്റ് ദാഹജലം തരുമോ...

Increase Font Size Decrease Font Size Print Page
water

വേനൽ കടുത്തതോടെ ജലസ്രോതസുകൾ അതിവേഗമാണ് വറ്റി വരളുന്നത്. നദികളിലും കിണറുകളിലും ജലനിരപ്പ് ദിവസവും ഗണ്യമായി കുറയുന്നു. ചെറുജലാശയങ്ങളെ വരൾച്ച ബാധിച്ചു. ഇതുവരെ വറ്റാത്ത കുടിവെള്ള സ്രോതസുകൾ പോലും ഉണങ്ങുകയാണ്. ദിനംപ്രതിയെന്നോണം ചൂടിന് കാഠിന്യം കൂടുന്നു. ഈ സ്ഥിതി തുടർന്നാൽ ആഴ്ചകൾക്കുള്ളിൽ കുടിവെള്ളക്ഷാമം ജനങ്ങൾക്ക് കൂടുതൽ ദുരിതമായി മാറും. കാർഷിക മേഖലയിലും ഇതിന്റെ പ്രതിഫലനം കാണാം. കുരുമുളക്, ഏലം തുടങ്ങിയ നാണ്യവിളകൾക്കാണ് പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റം കൂടുതൽ ദോഷം ചെയ്യുന്നത്. മറ്റ് കൃഷികളും കാലിവളർത്തലും പ്രതിസന്ധിയിലാണ്. ജലക്ഷാമം നേരിടാൻ പഞ്ചായത്തുകളോ മറ്റ് ബന്ധപ്പെട്ട അധികാരികളോ യാതൊരു മുന്നൊരുക്കവും നടത്തുന്നില്ല. ആദിവാസി മേഖലകളിൽ നിരവധി കുടിവെള്ള പദ്ധതികളാണ് നിർമ്മാണം നിലച്ചോ പ്രവർത്തനം തടസപ്പെട്ടോ കിടക്കുന്നത്. ഇതൊന്നും പൂർത്തീകരിക്കാനോ പ്രവർത്തന സജ്ജമാക്കാനോ നടപടി സ്വീകരിക്കുന്നില്ല. കോടികൾ മുടക്കി ജലനിധി പദ്ധതി നടപ്പിലാക്കിയ പഞ്ചായത്തുകളിലൊക്കെ ജലക്ഷാമം അതിരൂക്ഷമാണ്. വൻകിടക്കാരുടെ തോട്ടങ്ങളിലും മറ്റും നിർമ്മിക്കപ്പെട്ട വലിയ കുളങ്ങളൊക്കെ കൃഷിക്കും മറ്റുമായി ഉപയോഗിക്കുന്നു. എല്ലാ പഞ്ചായത്തുകളിലും 30 മുതൽ 50 വരെ കുഴൽ കിണറുകൾ ഉപയോഗശൂന്യമായി കിടക്കുകയാണ്.

ജലക്ഷാമത്തിന്

കാരണങ്ങൾ അനവധി
സ്വാഭാവിക ജലസ്രോതസുകളുടെ അഭാവത്തിന് പുറമെ ശാസ്ത്രീയമായ ജലവിതരണ പദ്ധതികൾ ഇല്ലാത്തതാണ് കുടിവെള്ള ക്ഷാമത്തിന് ഒരു കാരണം. നിലവിലുള്ള പദ്ധതികൾ ശാസ്ത്രീയമായി ഉപയോഗിക്കാൻ കഴിയാത്തത് മറ്റൊന്ന്. കുടിവെള്ള പദ്ധതികൾക്ക് പഞ്ഞമുള്ള നാടല്ല നമ്മുടേത്. ലക്ഷങ്ങൾ ചിലവിട്ട ചില പദ്ധതികൾ ദീർഘവീക്ഷണവും ആസൂത്രണമില്ലായ്മയും നിർമ്മാണത്തിലെ അപാകതകളും മൂലം ഗുണഭോക്താക്കൾക്ക് ഒരു തുള്ളിവെള്ളം പോലും നൽകാൻ കഴിയാതെ പിടിപ്പുകേടിന്റെയും അനാസ്ഥയുടെയും സ്മാരകങ്ങളായി തുടരുന്നു. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തത് മൂലം വരും നാളുകളിൽ കുടിവെള്ള ക്ഷാമം കൂടുതൽ രൂക്ഷമാകും. ചെറുതും വലുതുമായ നിരവധി ചോർച്ചകളാണ് കുടിവെള്ള പദ്ധതികളിലുള്ളത്. ഇത് യഥാസമയം പരിഹരിക്കുന്നില്ല. ചെറിയ ചോർച്ച വരുമ്പോൾ തന്നെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ കാലതാമസം വരുത്തുകയും പിന്നീട് ആഴ്ചകളോളം സമയമെടുത്ത് പരിഹരിക്കേണ്ടതായും വരുന്നുണ്ട്. കുടിവെള്ള കണക്ഷനുകൾ അധികവും കടന്നു പോകുന്നത് പൊതു റോഡിലൂടെയാണ്. ചെറിയ ചോർച്ചകൾ ഉണ്ടാകുമ്പോൾ തന്നെ ഇവ കണ്ടെത്തിയാൽ മണിക്കൂറുകൾക്കകം പരിഹരിക്കാം. കാലതാമസം വരുംതോറും ചോർച്ച വലുതാവുകയും റോഡ് വിണ്ടുകീറുകയും ചെയ്യും. പിന്നീടിത് പരിഹരിക്കാൻ ഗതാഗതം പോലും തടസപ്പെടുത്തേണ്ടിവരുന്ന അവസ്ഥയാണ്. പൈപ്പും മോട്ടറും അറ്റകുറ്റപ്പണി നടത്തുന്ന കരാറുകാർക്ക് കോടികളാണ് കുടിശ്ശിക ഇനത്തിൽ സർക്കാർ നൽകാനുള്ളത്. അവർ പണിമുടക്കുമ്പോൾ അൽപം കുടിശ്ശിക നൽകി പണിമുടക്ക് മാറ്റിവയ്പ്പിക്കും. കുടിശ്ശിക പിന്നെയും വർദ്ധിക്കുമ്പോൾ വീണ്ടും പണിമുടക്കും. ഇതാണ് നടന്നു വരുന്നത്. വേനൽ കനക്കുന്നതോടെ പൈപ്പുകൾ തുടരെത്തുടരെ പൊട്ടും. ഈ സമയം കരാറുകാർ പണിമുടക്കുമായി വരാൻ സാദ്ധ്യത കൂടുതലാണ്. ഇതിൽ ബുദ്ധിമുട്ടിലാകുന്നത് ജനങ്ങളാണ്. വേനൽ കനക്കും മുൻപ് കുടിശ്ശിക നൽകി വരാനിരിക്കുന്ന പ്രതിസന്ധി മറികടക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

കുഴൽക്കിണർ

നിർമ്മാണം വ്യാപകം

വെയിൽ കഠിനമായതോടെ ജലക്ഷാമം രൂക്ഷമാകുന്നത് മുൻനിറുത്തി കുഴൽക്കിണറുകളുടെ നിർമാണം പലയിടത്തും വ്യാപകമാകുകയാണ്. പെട്ടെന്ന് നിർമ്മാണം നടത്താൻ കഴിയുമെന്നുള്ളതും സ്ഥലലാഭവുമാണ് കുഴൽക്കിണർ വ്യാപകമാകാൻ കാരണം. നിർമ്മാണത്തിന് ഏജൻസികൾ ധാരാളമാണ്. പെട്ടെന്ന് വെള്ളം കണ്ടെത്താൻ കഴിയുമെന്നത് നേട്ടമാണെങ്കിൽ പെട്ടെന്ന് വെള്ളം വറ്റാനും സാദ്ധ്യത കൂടുതലാണ്. വെള്ളത്തിൽ മാലിന്യം കലരുന്ന അവസ്ഥയും പലയിടത്തും പ്രകടമായിട്ടുണ്ട്. ശാസ്ത്രീയമായി ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ ശേഷം കുഴൽക്കിണർ നിർമ്മിക്കുന്ന രീതി പ്രചാരത്തിലായിട്ടുമില്ല. വലിയ വ്യാസത്തിൽ ആഴമേറിയ കുഴൽക്കിണറുകൾ വ്യാവസായിക ആവശ്യങ്ങൾക്ക് നിർമ്മിക്കുന്നതും വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കുഴൽക്കിണർ നിർമ്മാണം സംബന്ധിച്ച് നിയമപരിഷ്‌കാരം അടുത്തിടെ പ്രാബല്യത്തിലായത്. കുഴൽക്കിണർ കുഴിക്കാൻ തദ്ദേശ സ്ഥാപനത്തിന്റെ പെർമിറ്റും ഭൂജല വകുപ്പിന്റെ ക്ലിയറൻസും ആവശ്യമാണ്. അനുമതി നേടാതെ കിണർ നിർമ്മിച്ചാൽ ഒരു ലക്ഷം രൂപ വരെയും രജിസ്‌ട്രേഷൻ ഇല്ലാതെ കുഴിച്ചാൽ 25,000 രൂപയുമാണ് പിഴ. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കിട്ടിയാൽ ഭൂഗർഭജല വകുപ്പിന്റെ 'നീരറിവ് " മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്യണം. നിർമ്മാണവിവരം ഈ ആപ്പിൽ അപ്‌ലോഡ് ചെയ്യുക. ഭൂജല വകുപ്പ് ജില്ലാ എക്സിക്യൂട്ടീവ് എൻജിനിയർക്കാണ് പിഴ ചുമത്താനുള്ള അനുമതി. ഏജൻസികൾ ഒറ്റത്തവണ അടയ്‌ക്കേണ്ട രജിസ്‌ട്രേഷൻ ഫീസ് 60,000 രൂപയാണ്. രജിസ്‌ട്രേഷനില്ലാത്ത ഏജൻസികളെക്കൊണ്ട് കുഴൽക്കിണർ നിർമ്മിച്ചാൽ കിണറിന്റെ ഉടമയും പിഴ അടയ്‌ക്കേണ്ടി വരും. നിയമം മാറിയതറിയാതെ കുഴൽക്കിണർ നിർമ്മിക്കുന്നവരും നിർമ്മാണം നടത്തുന്ന ഏജൻസികളും ഒരേപോലെ പിഴ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നുള്ളതാണ് പുതിയ നിയമത്തിന്റെ പ്രത്യേകതയെന്ന് ജില്ലാ ഭൂജല വകുപ്പ് അധികൃതർ പറയുന്നു. ഇതോടൊപ്പം കുഴൽക്കിണർ നിർമ്മാണങ്ങളുടെ വിവരശേഖരണത്തിന് കുടുംബശ്രീയെയും നിയോഗിച്ചിട്ടുണ്ട്. കുഴൽക്കിണറുകളുടെ വിവരങ്ങളും ജലലഭ്യതയും അറിയുന്നതിനുള്ള സർവേ നടത്താൻ കുടുംബശ്രീയ്ക്ക് ചുമതല ലഭിച്ചതോടെ അനധികൃത കുഴൽക്കിണർ നിർമ്മാണം പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയുമെന്നാണ് ഭൂജല വകുപ്പിന്റെ വിലയിരുത്തൽ.

കാടിറങ്ങി വന്യമൃഗങ്ങളും
വേനൽ കടുത്തതോടെ വന്യമൃഗങ്ങൾ കുടിവെള്ളം തേടി നാട്ടിലേക്കിറങ്ങുന്നത് വർദ്ധിച്ചിട്ടുണ്ട്. വനത്തിനുള്ളിൽ ഫലവൃക്ഷങ്ങൾ കുറഞ്ഞതോടെ ആനകളും മലയണ്ണാനും വാനരന്മാരും വിവിധയിനം പക്ഷികളും നാട്ടിലേക്കെത്തിയിട്ടുണ്ട്. വനത്തിലെ നീരുറവകൾ വരണ്ടതോടെയാണ് വെള്ളം കുടിക്കാനായി മൃഗങ്ങൾ നാട്ടിലിറങ്ങുന്നത്. വനങ്ങളിൽ നിന്ന് കാട്ടുപോത്ത്, കാട്ടാന, മ്ലാവ്, മാൻ, കേഴയാട്,​ പുലി,​ കടുവ എന്നിവ ധാരാളമായി എത്തുന്നുണ്ട്. കാടിറങ്ങുന്ന പല മൃഗങ്ങളും കൃഷി വിളകൾ നശിപ്പിക്കുന്നതായും പരാതിയുണ്ട്. വനത്തിനുള്ളിൽ മൃഗങ്ങൾക്കുള്ള ഭക്ഷണവും വെള്ളവും ഒരുക്കാൻ എല്ലാ വർഷവും കോടികളുടെ ഫണ്ട് വകയിരുത്താറുണ്ട്. എന്നാൽ വനംവകുപ്പ് ഇത് കൃത്യമായി വിനിയോഗിക്കാത്തതാണ് മൃഗങ്ങൾ നാട്ടിലേക്കിറങ്ങാൻ കാരണം.

TAGS: WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.