ന്യൂഡൽഹി : വഖഫ് ഭേദഗതി ബിൽ രാജ്യത്തെ ഓരോരുത്തർക്കും വേണ്ടിയാണെന്നും എല്ലാവരും അംഗീകരിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു ഭീഷണിയും ഇങ്ങോട്ടു വേണ്ട. അസഹിഷ്‌ണുത വച്ചുപൊറുപ്പിക്കില്ല.
അതേസമയം, രാജ്യത്തെ മത ന്യൂനപക്ഷത്തെ ആക്രമിക്കുകയാണ് കേന്ദ്രസർക്കാരിന്റെ അജൻഡയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും ലോക്‌സഭാംഗവുമായ കെ.സി. വേണുഗോപാൽ ആരോപിച്ചു. രാഷ്ട്രീയനേട്ടത്തിനായി രാജ്യത്തെ വിഭജിക്കുന്നുവെന്നും കുറ്റപ്പെടുത്തി.
വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകൾ നടക്കുന്നുവെന്ന് അമിത്ഷാ പറഞ്ഞു. വഖഫ് ബോർഡുകൾക്ക് കീഴിൽ 39 ലക്ഷം ഏക്കർ വഖഫ് ഭൂമിയാണുള്ളത്. 20,000ൽപ്പരം സ്വത്തുക്കൾ വാടകയ്‌ക്ക് നൽകിയിരുന്നത് ഇപ്പോൾ പൂജ്യമാണ്. അവ എവിടെ പോയി ? സ്വത്തുക്കൾ വിൽക്കാൻ ആരാണ് അനുമതി നൽകിയത് ?ഇതിനു പിന്നിൽ വഖഫ് ബോർഡുകളിലെ അഴിമതിയാണ്. ന്യൂനപക്ഷ വികസനത്തിനുള്ള വഖഫ് വരുമാനം കൊള്ളയടിക്കുന്നു. ഡൽഹിയിലെ 123 വി.ഐ.പി സ്ഥലങ്ങൾ കോൺഗ്രസ് സർക്കാർ വഖഫിന് നൽകിയെന്നും അമിത് ഷാ പറഞ്ഞു.
ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ ഒരു പാർലമെന്ററി സമിതി നടത്തിയ ഏറ്റവും വലിയ പരിശോധനയാണ് വഖഫ് നിയമഭേദഗതിയുടെ കാര്യത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) നടത്തിയതെന്ന് ബിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.
അനുകൂലിച്ച് ഘടകകക്ഷികൾ
ബിൽ കാരണം ഒരു കൊടുങ്കാറ്റുമുണ്ടാകില്ലെന്ന് ജെ.ഡിയു നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് രഞ്ജൻ സിംഗ് വ്യക്തമാക്കി. മുസ്ലിമിലെ പസ്‌മന്ദ സമുദായത്തിന് അടക്കം പ്രയോജനകരമാണ്. പാർട്ടി പൂർണ പിന്തുണ നൽകും. വഖഫ് ബോർഡുകളുടെ ഘടന തീരുമാനിക്കുന്നത് സംസ്ഥാനങ്ങൾക്ക് വിടുന്നത് പരിഗണിക്കണമെന്ന് ടി.ഡി.പി അഭ്യർത്ഥിച്ചു. ചട്ടങ്ങൾ രൂപീകരിക്കുമ്പോൾ അക്കാര്യം പരിഗണിക്കണമെന്ന് ടി.ഡി.പി അംഗം കൃഷ്‌ണപ്രസാദ് ആവശ്യപ്പെട്ടു.
ആഞ്ഞടിച്ച് പ്രതിപക്ഷം
ഹിന്ദു മതം പഠിപ്പിക്കുന്നത് `ലോകാഃ സമസ്‌താഃ സുഖിനോ ഭവന്തു' എന്നാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.ആറ്റുകാൽ പൊങ്കാല സമയത്ത് മറ്റു മതവിഭാഗക്കാർ ഹിന്ദു വിശ്വാസികൾക്ക് വെള്ളവും ഭക്ഷണവും നൽകുന്നത് ചൂണ്ടിക്കാട്ടി. ഇസ്ലാം മതം 5 വർഷമെങ്കിലും ആചരിച്ചവർക്ക് മാത്രമേ വഖഫ് നൽകാൻ കഴിയൂവെന്ന ഭേദഗതിയെ കോൺഗ്രസിലെ ഇമ്രാൻ മസൂദ് ചോദ്യം ചെയ്‌തു. മുസ്ലീമുകളുടെ രക്ഷകനാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടിക്കുന്നുവെന്നാണ് മുസ്ലീം ലീഗ് അംഗം ഇ.ടി.മുഹമ്മദ് ബഷീർ ആരോപിച്ചത്. അമിത് ഷായുടെ അവകാശവാദം 2025ലെ ഏറ്റവും വലിയ തമാശയാണെന്നും പരിഹസിച്ചു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ഡി.എം.കെയിലെ എ.രാജ, കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗൊയ് തുടങ്ങിയവർ ബില്ലിനെ രൂക്ഷമായി എതിർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |