ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനം വിട്ട് വിദ്യാർത്ഥികൾ പോകുമ്പോഴാണ് കുട്ടികൾക്ക് ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുത്തു പഠിക്കാമെന്ന വാഗ്‌ദാനത്തോടെ നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിച്ചത്. കുട്ടികളുടെ അഭിരുചിക്ക് മുൻഗണന നൽകുമെന്നതിനാൽ രക്ഷിതാക്കളും ഏറെ പ്രതീക്ഷയോടെയാണ് ഈ മാറ്റത്തെ നോക്കിക്കണ്ടത്. മൂന്നുവർഷ ബിരുദം നാലുവർഷമാക്കുമ്പോൾ തുടർ പഠനത്തിനുള്ള കാലയളവ് ലഘൂകരിക്കപ്പെടുമെന്നും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ നാലുവർഷ കോഴ്സ് രണ്ട് സെമസ്റ്റർ പിന്നിടുമ്പോൾ വാഗ്‌ദാനങ്ങളെല്ലാം ജലരേഖകളാകുന്നുവെന്നു മാത്രമല്ല, അദ്ധ്യാപകർപോലും ആശയക്കുഴപ്പത്തിലാകുന്ന സാഹചര്യമാണ് സംജാതമായിട്ടുള്ളത്. അദ്ധ്യാപകരുടെ അവസ്ഥ ഇതാണെങ്കിൽ കുട്ടികളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
രണ്ടാം സെമസ്റ്റർ പരീക്ഷ ഈ മാസം 21ന് തുടങ്ങുമെന്ന് സർവകലാശാല പ്രഖ്യാപിച്ചുകഴിഞ്ഞെങ്കിലും മിക്ക കോളേജുകളിലും മുപ്പത് ശതമാനം പാഠഭാഗങ്ങൾപോലും ഇനിയും പഠിപ്പിച്ചുതീർത്തിട്ടില്ല. വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താതെ മൂന്നുവർഷ കോഴ്സ് നാലുവർഷമാക്കി മാറ്റുകയായിരുന്നു എന്നുവേണം കരുതാൻ. ചോദ്യക്കടലാസിനുള്ള ശില്പശാല, സിലബസ് തയ്യാറാക്കാനുള്ള ശില്പശാല തുടങ്ങി അദ്ധ്യാപകർ നെട്ടോട്ടത്തിലാണ്. ഈ തിരക്കിനിടയിൽ ക്ളാസുകൾ പൂർത്തിയാക്കാനും കഴിയുന്നില്ല. പരീക്ഷാ തീയതി വന്നതോടെ റെഗുലർ ക്ളാസുകൾ പലയിടങ്ങളിലും അവസാനിച്ചമട്ടാണ്. പാഠഭാഗങ്ങൾ പൂർത്തിയാക്കാതെ റിവിഷൻ നടത്തിയിട്ട് കാര്യമില്ലാത്തതിനാൽ അത്തരമൊരു ഏർപ്പാടും എങ്ങുമില്ല. ചോദ്യപേപ്പർ അദ്ധ്യാപകർ തന്നെ തയ്യാറാക്കി സർവകലാശാലയ്ക്ക് നൽകണം. ഒന്നാം സെമസ്റ്ററിന്റെ മൂല്യനിർണയം അതത് കോളേജുകളിൽ ആയിരുന്നെങ്കിൽ രണ്ടാം സെമസ്റ്ററിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
കൃത്യമായ പാഠ്യവിഷയങ്ങളില്ലെന്നുമാത്രമല്ല പഠിക്കേണ്ട പുസ്തകങ്ങളെക്കുറിച്ച് വ്യക്തമായ നിർദ്ദേശവുമില്ല. വിലകൂടിയ റഫറൻസ് ഗ്രന്ഥങ്ങളിൽനിന്ന് അദ്ധ്യാപകർ പ്രസക്തമായ പേജുകളുടെ ഫോട്ടോ കോപ്പിയെടുത്ത് കുട്ടികൾക്ക് നൽകുകയാണ്, നടുക്കടലിൽ മുങ്ങിത്തപ്പുന്ന സ്ഥിതിവിഷേഷമാണ് കുട്ടികൾ അഭിമുഖീകരിക്കുന്നത്. തങ്ങൾക്ക് താത്പര്യമുള്ള വിഷയങ്ങളുടെ കോംബിനേഷൻ എടുത്ത് പഠിക്കാമെന്നാണ് കോഴ്സിന്റെ പ്രത്യേകതയായി ആദ്യം പറഞ്ഞതെങ്കിലും മിക്ക കോളേജുകളിലും കുട്ടികൾക്ക് ഇഷ്ടമായ വിഷയങ്ങൾ കോഴ്സ് ബാസ്ക്കറ്റിലില്ല. കോളേജുകളിലില്ലാത്ത രണ്ടു കോഴ്സുകൾ ഓൺലൈനായോ മറ്റു കോളേജുകളിലോ പഠിക്കാമെന്നു പറഞ്ഞിരുന്നെങ്കിലും അതും നടപ്പിലായിട്ടില്ല. മാത്രമല്ല ഇതിനൊക്കെ പ്രത്യേക ഫീസ് നൽകുകയും വേണം. പരീക്ഷാ ഫീസ് വർദ്ധിപ്പിച്ചത് കുറയ്ക്കുമെന്ന് പറഞ്ഞെങ്കിലും അത് പ്രാവർത്തികമായിട്ടുമില്ല.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വ്യവസ്ഥകൾ ലഘൂകരിക്കാൻ സർവകലാശാലകൾ തയ്യാറാകുന്നില്ല. മൂന്നു വർഷങ്ങളിലെ മൊത്തം മാർക്കിന്റെ 75 ശതമാനം ഉണ്ടെങ്കിൽ മാത്രമെ നാലാം വർഷത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന നിബന്ധനയുണ്ട്. ഇത് പിൻവലിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. നാലാംവർഷ കോഴ്സിനു ചേർന്ന ആദ്യബാച്ചിന്റെ അനുഭവം ഈ രീതിയിലാണെങ്കിൽ അടുത്ത ബാച്ചിലേക്ക് പഠിക്കാൻ ആളെ കിട്ടുമോയെന്ന് സംശയമാണ്. ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുമെന്ന് നാഴികയ്ക്ക് നാല്പതുവട്ടം പ്രസംഗിച്ചിട്ടു കാര്യമില്ല. പറഞ്ഞിട്ടുള്ള കാര്യങ്ങൾ പ്രാവർത്തികമാക്കുകയാണ് വേണ്ടത്. തുടർ പഠനത്തിന് അടിസ്ഥാന ബിരുദം ഏറ്റവും പ്രധാനമായതിനാൽ ഇക്കാര്യത്തിൽ സംഭവിക്കുന്ന വീഴ്ചകൾ കുട്ടികളുടെ ഭാവിയെയാണ് ദോഷകരമായി ബാധിക്കുക. അതിനു വഴിവയ്ക്കാതെ തിരുത്തൽ നടപടികൾ കൈക്കൊള്ളാൻ അടിയന്തര മാർഗങ്ങൾ ആവിഷ്കരിക്കുകയാണ് വേണ്ടത്. സർവകലാശാലകൾ തന്നെ അതിന് മുൻകൈയെടുക്കണം. ജാഗ്രതക്കുറവുണ്ടാകരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |