അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതുക്കിയ വ്യാപാരനയം ഏറെ പ്രത്യാഘാതമുളവാക്കുന്നതാണ്, ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ ഇതിന്റെ മാറ്റങ്ങൾ പ്രതിഫലിക്കും. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് അമേരിക്കയുടെ 26 ശതമാനം ഇറക്കുമതി തീരുവ ചുമത്താനുള്ള തീരുമാനം ആഗോള തലത്തിൽ കാർഷികോത്പന്ന,ഓട്ടോമോട്ടീവ്, സെമികണ്ടക്ടർ, ഫാർമസി, സ്റ്റീൽ കയറ്റുമതിയെ സാരമായി ബാധിക്കും. ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ, സംസ്‌കരിച്ച മത്സ്യം, കശുഅണ്ടി പരിപ്പ്, സുഗന്ധ വ്യഞ്ജനങ്ങൾ, സ്റ്റീൽ മുതലായവയുടെ കയറ്റുമതി വളരെ കൂടുതലാണ്.
ഇറക്കുമതി തീരുവ ഉയർത്തുന്നത് ഇന്ത്യൻ കയറ്റുമതിക്കാരെ വിവിധ രീതിയിൽ ബാധിക്കും. കയറ്റുമതിക്കുള്ള ചെലവ് വർദ്ധിക്കാനിടവരും. ഇത് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ അളവ് കുറയ്ക്കാനിടയാക്കും. ഉയർന്ന വിലയ്ക്ക് വാങ്ങാനുള്ള അമേരിക്കൻ ഉപഭോക്താക്കളുടെ താത്പര്യക്കുറവ് വിപണിയിൽ പ്രതിഫലിക്കും. തീരുവ കുറയ്ക്കാനുള്ള വിലപേശൽ ഇനിയും തുടരും. ഇതിലൂടെ അമേരിക്കയും ഇന്ത്യയും കയറ്റുമതി- ഇറക്കുമതി മേഖലയിൽ സുസ്ഥിര നടപടിക്രമങ്ങൾക്ക് മുൻഗണന നൽകും. ഇന്ത്യ, കയറ്റുമതിയിലൂടെ കൂടുതൽ വരുമാനത്തിനായി ഇറക്കുമതി തീരുവ കുറഞ്ഞ രാജ്യങ്ങൾ കണ്ടെത്താൻ ശ്രമിക്കും.
കുറഞ്ഞ വിലക്ക് അമേരിക്കയിൽ സുലഭമായി ലഭിക്കുന്ന കോഴിക്കാൽ വർഷങ്ങൾക്കു മുമ്പ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. ഇത് ആഭ്യന്തര ഇറച്ചിക്കോഴി വിപണിയെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങിയപ്പോഴാണ് ഇന്ത്യാ സർക്കാർ 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തി കോഴിക്കലിന്റെ വരവ് നിയന്ത്രിച്ചത്. അമേരിക്കയുടെ സമ്മർദ്ദം മൂലം ഇന്ത്യ, അമേരിക്കയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചാൽ വിലകുറഞ്ഞ ഉത്പന്നങ്ങളുടെ ഇറക്കുമതി വർദ്ധിക്കാനിടവരും. ഇത് ആഭ്യന്തര വിപണിയെ പ്രതികൂലമായി ബാധിക്കും. 2024 ഏപ്രിൽ മുതൽ നവംബർ വരെ 1946.42 ദശലക്ഷം ഡോളറിന്റെ ഉത്പന്നങ്ങൾ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇതേ കാലയളവിൽ 9981.26 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഉത്പന്നങ്ങൾ അമേരിക്കയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു.
തീരുവ ഉയർത്തി ഉത്പന്ന കയറ്റുമതി കുറയ്ക്കാനുള്ള അമേരിക്കയുടെ തന്ത്രങ്ങൾ, കാർഷിക, വ്യവസായ മേഖലകളെ ബാധിക്കാനിടയുണ്ട്. കൃഷി എന്നത് അഗ്രി ബിസിനസിലേക്കു മാറുമ്പോൾ കാർഷിക, ഫിഷറീസ് ഉത്പന്നങ്ങളുടെ കയറ്റുമതിയിലുണ്ടാകുന്ന കുറവ് രാജ്യത്തെ കയറ്റുമതി വരുമാനത്തെ പ്രതികൂലമായി ബാധിക്കും. അശാസ്ത്രീയ ഇറക്കുമതി തീരുവ ഉയർത്താനുള്ള തീരുമാനം ആഗോള വ്യാപാരത്തെ ബാധിക്കും. ഇത് ലോകവ്യാപാര കരാറിന്റെ നിബന്ധനകൾക്ക് വിരുദ്ധമായ തീരുമാനങ്ങളാണ്. അടുത്തകാലത്ത് നടന്ന ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസ് പഠനങ്ങൾ സൂചിപ്പിക്കുന്നത് തീരുവയിലൂടെ സൃഷ്ടിക്കുന്ന അശാസ്ത്രീയ നയങ്ങൾ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |