കുറ്റപത്രവുമായി എസ്.എഫ്.ഐ.ഒ
ന്യൂഡൽഹി : സി.പി.എം പാർട്ടി കോൺഗ്രസ് മധുരയിൽ പുരോഗമിക്കെ, മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാവിജയനെ പ്രതിയാക്കി സിരീയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) കുറ്റപത്രം. വീണ ഉൾപ്പെടെ പ്രതികൾക്കെതിരെ ഡൽഹിയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെന്നാണ് സൂചന.
കേന്ദ്രമന്ത്രി നിർമ്മലാസീതാരാമന് കീഴിലെ കോർപറേറ്ര് കാര്യ മന്ത്രാലയം പ്രോസിക്യൂഷൻ അനുമതി നൽകിയതിനു പിന്നാലെയാണിത്. കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിന് ഒരു സേവനവും നൽകാതെ 2.7 കോടി രൂപ വീണ തന്റെ കമ്പനിയായ എക്‌സാലോജിക് മുഖേന കൈപ്പറ്രിയെന്നാണ് എസ്.എഫ്.ഐ.ഒ കണ്ടെത്തൽ.
പാർട്ടി കോൺഗ്രസ് നടക്കേ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്നതായി പുറത്തുവന്ന വിവരം. മകളെ പ്രതിയാക്കിയ സാഹചര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ആവശ്യപ്പെട്ടു.
2024 ഡിസംബറിലാണ് അന്വേഷണറിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചത്. റിപ്പോർട്ട് പരിശോധിച്ചു നിയമോപദേശവും കൂടി നേടിയ ശേഷമാണ് കോർപറേറ്റ് കാര്യ മന്ത്രാലയം പ്രോസിക്യൂഷൻ അനുമതി നൽകിയത്. കമ്പനീസ് ആക്‌ടിലെ നിയമലംഘനം ഉൾപ്പെടെയുള്ള കുറ്റങ്ങളിലാണ് വീണയും മറ്റു പ്രതികളും വിചാരണ നേരിടേണ്ടത്.
182 കോടിയുടെ കള്ളക്കണക്ക്
കരിമണൽ കമ്പനിയെയും അതിന്റെ എം.ഡി ശശിധരൻ കർത്തയെയും എക്‌സാലോജിക് കമ്പനിയെയും ഉൾപ്പെടെ പ്രതിപ്പട്ടികയിൽ ചേർത്തു. സി.എം.ആർ.എൽ കള്ളക്കണക്കുകൾ നിർമ്മിച്ച് 182 കോടി വകയിരുത്തിയെന്ന് എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടു. ഇതിൽ നിന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും നേതാക്കളും പങ്കുപറ്റി. മാലിന്യനീക്കത്തിന്റെ പേരിലും കള്ളക്കണക്കുണ്ടാക്കിയെന്ന് കേന്ദ്ര ഏജൻസി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |