പെൻഡൗൺ സമരവും
തിരുവനന്തപുരം: നിയമസഭാ ലൈബ്രറി ജീവനക്കാർക്ക് ഇ-ഓഫീസ് വഴി ഫയൽ കൈകാര്യം ചെയ്യാൻ അനുമതി നൽകിയ സ്പീക്കറുടെ നടപടി നിയമപരമെന്ന് ഭരണപക്ഷ സംഘടനാ ജീവനക്കാർ. പ്രതിപക്ഷ ജീവനക്കാർ കടുത്ത പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയാണ് സ്പീക്കറെ അനുകൂലിച്ച് ജീവനക്കാർ രംഗത്തെത്തിയത്. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷൻ ഇന്നലെ കരിദിനവും പെൻ/ മൗസ് ഡൗൺ സമരവും നടത്തി.
ഓഫീസ് മാനുവലിനും സർവീസ് ചട്ടങ്ങൾക്കും വിരുദ്ധമായാണ് ഇ-ഓഫീസ് ലോഗിൻ അധികാരം നൽകിയതെന്നാണ് സമരത്തിലുള്ളവരുടെ വാദം. ഇ-ഓഫീസിൽ ഫയലുകൾ സൃഷ്ടിക്കാനും കൈകാര്യം ചെയ്യാനുമാണ് അനുമതി നൽകിയത്. ചട്ടങ്ങൾ അനുസരിച്ച് ഫയൽ കൈകാര്യം ചെയ്യാനുള്ള അധികാരം അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ജീവനക്കാർക്ക് മാത്രമാണെന്ന് സമരക്കാർ പറയുന്നു.
എന്നാൽ, ലൈബ്രറിയിൽ ദൈനംദിന കാര്യങ്ങൾ ചെയ്തിരുന്ന അതേരീതിയിൽ തന്നെയാണ് ഇ-ഫയലിംഗുമെന്ന് സമരത്തിനെതിരേ രംഗത്തെത്തിയവർ പറഞ്ഞു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലെ ഉദ്യോഗസ്ഥൻ തുടങ്ങുന്ന ഫയൽ, ലൈബ്രറി ഉദ്യോഗസ്ഥർ അവരുടെ വിഭാഗത്തിലെ കാര്യങ്ങൾ എഴുതി നിയമസഭയിലെ സ്‌പെഷ്യൽ സെക്രട്ടറി മുഖേന തീർപ്പാക്കുന്നതാണ് പതിവുരീതി. ഇ-ഓഫീസ് സംവിധാനം നിലവിൽ വന്നപ്പോൾ ഈ ജോലികൾ ചെയ്യുന്നതിന് ലോഗിൻ അധികാരം മാത്രമാണ് നൽകിയതെന്നു പറയുന്നു.
കറുപ്പണിഞ്ഞ് പ്രതിഷേധം
കരിദിനാചരണത്തിൽ കറുത്ത വസ്ത്രങ്ങളണിഞ്ഞ് അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിൽപ്പെട്ടവർ പ്രതിഷേധിച്ചു. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ ജോലിയിൽ നിന്ന് വിട്ടുനിന്നു. ഭരണകക്ഷി സംഘടനയിലെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും പോഷക സംഘടനാ ഭാരവാഹികളും രാജിവച്ചുള്ള പ്രതിഷേധം തുടരുകയാണെന്നും സർവീസ് സംഘടനകൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |