ബംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവു 38 കോടിയോളം വരുന്ന ഹവാല ഇടപാടിലും കണ്ണിയായിരുന്നെന്ന് അന്വേഷണ സംഘം. കേസിലെ മൂന്നാം പ്രതിയായ സാഹിൽ ജെയിനിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. സ്വർണ വ്യാപാരിയായ സാഹിൽ ജെയ്ൻ, സ്വർണം കൈമാറാൻ രന്യയെ സഹായിച്ചു. ഹവാല കേസിൽ രന്യയുടെ സുഹൃത്ത് തരുൺ രാജും പ്രതിയാണ്. ഹവാല ശൃംഖലയിൽ രന്യ ഒരു പ്രധാന കണ്ണിയായിരുന്നതായാണ് റിപ്പോർട്ട്.
50 കിലോഗ്രാം സ്വർണവും 38 കോടി ഹവാല പണവും ദുബായിക്കും ബംഗളൂരുവിനുമിടയിൽ കൈമാറാൻ രന്യയെ സാഹിൽ സഹായിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഓരോ ഇടപാടിനും 55,000 രൂപയാണ് കമ്മിഷനായി ലഭിച്ചിരുന്നത്. ഫെബ്രുവരിയിൽ 13 കിലോ സ്വർണവും 11.25 കോടി വരുന്ന ഹവാല പണവും ദുബായിലേക്ക് കടത്താൻ രന്യയെ സഹായിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരോട് സാഹിൽ പറഞ്ഞു. ബംഗളൂരുവിൽ 55 ലക്ഷം വരുന്ന ഹവാല പണം കൈമാറ്റം ചെയ്യാനും രന്യയെ സഹായിച്ചതായി സാഹിൽ പൊലീസിന് മൊഴി നൽകി.അതേസമയം, സ്വർണം വാങ്ങുന്നതിനായി ഹവാല പണം ഉപയോഗിച്ചിരുന്നതായി നേരത്തേ രന്യ വെളിപ്പെടുത്തിയിരുന്നു. രന്യ ഇക്കാര്യം സമ്മതിച്ചതായി ഡി.ആർ.ഐ കഴിഞ്ഞമാസം കോടതിയെ അറിയിച്ചിരുന്നു. മാർച്ച് മൂന്നിനാണ് ബംഗളൂരു വിമാനത്താവളത്തിൽ വച്ച് റന്യ റാവുവിനെ ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) അറസ്റ്റ് ചെയ്തത്. 12.56 കോടി രൂപ വിലവരുന്ന 14.2 കിലോഗ്രാം സ്വർണമാണ് രന്യയുടെ പക്കലുണ്ടായിരുന്നത്. തുടർന്ന് ബംഗളൂരുവിലെ രന്യയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടു കോടി വരുന്ന സ്വർണവും 2.67 കോടി രൂപയും കണ്ടെത്തി. ഇത് ഹവാല പണം ഉപയോഗിച്ച് ദുബായിൽനിന്ന് സ്വർണം വാങ്ങി ബംഗളൂരുവിൽ വിറ്റുകിട്ടിയ പണമാണെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. നിലവിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് രന്യയെ പാർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ദുബായിലേക്ക് മാത്രം 27 യാത്രയാണ് രന്യ നടത്തിയത്.
ദുരിതം; വിവാഹമോചനത്തിന്
രന്യയുടെ ഭർത്താവ്
അതിനിടെ രന്യയുടെ ഭർത്താവ് വിവാഹമോചനത്തിന് ഒരുങ്ങുന്നു. ഭർത്താവ് ജതിൻ ഹുക്കേരി വിവാഹമോചനത്തിന് കോടതിയിൽ അപേക്ഷ നൽകിയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതിനാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും അകന്നുകഴിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന് ശേഷമാണ് സ്വർണക്കടത്ത് കേസിൽ രന്യ അറസ്റ്റിലാകുന്നത്. തങ്ങളുടെ ദാമ്പത്യ ജീവിതം ആദ്യം മുതലേ പ്രശ്നങ്ങളായിരുന്നുവെന്ന് ജതിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വിവാഹിതരായ ദിവസം മുതൽ വേദനയും ദുരിതവും സഹിക്കുകയാണ്. ഒടുവിൽ വിവാഹമോചനം നടത്താൻ തീരുമാനിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. രന്യയുമായുള്ള വിവാഹം 2024 നവംബറിലായിരുന്നു. എന്നാൽ ഒരുമാസത്തിനുശേഷം വേർപിരിഞ്ഞു. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട അറസ്റ്റിൽനിന്ന് സംരക്ഷണം തേടി കോടതിയെ സമീപിപ്പോൾ ജതിനുവേണ്ടി ഹാജരായ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. നവംബറിൽ വിവാഹിതരായെങ്കിലും ചില പ്രശ്നങ്ങളെ തുടർന്ന് നിയമപരമല്ലാതെയാണെങ്കിലും ഡിസംബറിൽ വേർപിരിഞ്ഞെന്ന് അഭിഭാഷകൻ പ്രഭുലിംഗ് നവദാഗി കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |