മംഗളൂരു: സദാ നിരീക്ഷണത്തിന് എട്ട് നായ്ക്കളും 16 സി.സി ടിവി ക്യാമറകളും. ഇവയുടെയെല്ലാം കണ്ണുവെട്ടിച്ച് അതിവിദഗ്ദ്ധമായി വീട്ടിൽ നിന്ന് കവർന്നത് 80 ലക്ഷം രൂപയുടെ സ്വർണാഭരണം. കുവൈത്തിൽ കുടുംബസമേതം താമസിക്കുന്ന മംഗളൂരു ബജ്‌പെ പെർമുഡെയിലെ പ്രവീൺ പിന്റോയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ ആരുമില്ലാത്തതിനാൽ 16 സി.സി ടി.വി ക്യാമറകൾ വീട്ടിലും പരിസരത്തുമായി സ്ഥാപിച്ചിരുന്നു. മാത്രമല്ല, സുരക്ഷയ്ക്കായി എട്ട് വളർത്തുനായ്ക്കളുടെ കാവലുമുണ്ടായിരുന്നു.
മോഷ്ടാക്കൾ ക്യാമറകളുടെ ആംഗിളുകൾ മാറ്റിയ ശേഷം വീടിന്റെ ഒരു ജനൽചില്ല് ഇരുമ്പ് വടി കൊണ്ട് തകർത്ത് കമ്പി വളച്ച് അകത്തുകടന്നെന്നാണ് പൊലീസ് നിഗമനം. ലോക്കർ തുറന്ന് സ്വർണാഭരണങ്ങളും വാച്ചുകളും മോഷ്ടിച്ചു. നായ്ക്കൾക്ക് ഭക്ഷണം നൽകാൻ പതിവായി വരുന്ന രണ്ട് തൊഴിലാളികളാണ് മോഷണവിവരം പ്രവീണിനെ ധരിപ്പിച്ചത്. എ.സി.പി കെ.ശ്രീകാന്ത്, ഇൻസ്‌പെക്ടർ സന്ദീപ്, വിരലടയാള വിദഗ്ദ്ധർ എന്നിവരും ഡോഗ് സ്‌ക്വാഡും സ്ഥലം പരിശോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |