ദിസ്പൂർ: ടൂറിസം മേഖലയിൽ നേട്ടം കൊയ്ത് അസാം. വിനോദ സഞ്ചാരികളുടെ നീണ്ട ഒഴുക്കാണ് അസാമിലേക്ക് ഇപ്പോൾ. പ്രധാനമായും കാസിരംഗ ദേശീയോദ്യാനവും കടുവാസംരക്ഷണ കേന്ദ്രവും കാണാനാണ് സഞ്ചാരികളുടെ തിരക്ക്. 2024-25ൽ മാത്രം 4,06,564 പേർ ഇവിടം സന്ദർശിച്ചെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 17,693 പേർ വിദേശ സഞ്ചാരികളാണ്. വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 4.5 ശതമാനത്തോളം വർദ്ധനവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. 2024-25 കാലത്ത് 10.90 കോടി രൂപയാണ് പാർക്കിൽ നിന്ന് മാത്രമായുള്ള വരുമാനം. 2014-15 നേക്കാൾ 2.85 കോടി കൂടുതലാണിത്. പ്രാദേശിക കട-കമ്പോളങ്ങളും ലാഭത്തിലായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി,ഭൂട്ടാൻ രാജാവ് അടക്കമുള്ളവരുടെ സന്ദർശനം സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിപ്പിക്കാൻ കാരണമായതായി റിപ്പോർട്ടിൽ പറയുന്നു. മാർച്ച് 2024ൽ മോദിയും കാസിരംഗയിൽ എത്തി. 1974ൽ ദേശീയോദ്യാനമായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യൻ പ്രധാനമന്ത്രി കാസിരംഗ സന്ദർശിക്കുന്നത്. 2025 ഫെബ്രുവരിയിൽ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ 60 വിദേശ പ്രതിനിധികളടങ്ങുന്ന സംഘവുമായി ഉദ്യാനത്തിലെത്തി. ഇതിനുപിന്നാലെ കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ കാസിരംഗയെയും ഉൾപ്പെടുത്തി ഒരു ഫീച്ചർ പുറത്തുവന്നിരുന്നു. ഇക്കോ ടൂറിസത്തിന്പ്രാധാന്യം നൽകുന്ന സംസ്ഥാന സർക്കാർ പ്രകൃതിക്കനുയോജ്യമായ ഇലക്ട്രിക് വാഹനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
4.5% വർദ്ധനവ്
വിദേശ സഞ്ചാരികളുടെ എണ്ണം
സന്ദർശകരുടെ കണക്ക്
(വർഷം, ആളുകളുടെ എണ്ണം)
2014-15...................................1,32,930പേർ
2021-22..................................2,34,416 പേർ
2022-23..................................3,24,836 പേർ
2023-24..................................3,27,493 പേർ
2024-25..................................4,06,564 പേർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |