ഡോ.ടി.പി. സേതുമാധവൻ
പരീക്ഷയ്ക്ക് ശേഷം പ്ലസ്ടു വിദ്യാർത്ഥികളും രക്ഷിതാക്കളും ഉപരിപഠന മേഖല കണ്ടെത്താനുള്ള ശ്രമത്തിലാണ്. വിദ്യാർത്ഥിയുടെ താല്പര്യം, അഭിരുചി, കോഴ്‌സിന്റെ പ്രസക്തി, ലക്ഷ്യം, തൊഴിൽ സാദ്ധ്യതകൾ എന്നിവയ്ക്കിണങ്ങിയ ശരിയായ തീരുമാനമെടുക്കേണ്ട സമയമാണിത്. ബിരുദ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷകളുടെ വിജ്ഞാപനം ഇറങ്ങുന്ന സമയം കൂടിയാണിത്. രാജ്യത്തിനകത്തും വിദേശത്തുമുള്ള ബിരുദ, പ്രൊഫഷണൽ, പാരാമെഡിക്കൽ, ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ, ഡിപ്ലോമ പ്രോഗ്രാമുകൾ, സ്‌കിൽ വികസന കോഴ്‌സുകൾ തുടങ്ങി നിരവധി അവസരങ്ങളുണ്ട്. താല്പര്യത്തിനനുസരിച്ച് പ്രത്യേകം വിലയിരുത്തി ഉപരിപഠന കോഴ്‌സുകൾക്ക് ചേരണം.
എ.ഐയും ഫുഡ് ടെക്നോളജിയും
അനിമേഷൻ, വിഷ്വൽ എഫക്ട്‌സ്, ഗെയിമിംഗ്, കോമിക്‌സ് എന്നിവ സാദ്ധ്യതയുള്ള മേഖലകളാണ്. ഇതുമായി ബന്ധപ്പെട്ട് എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം പൂർത്തിയാക്കിയവർക്കുള്ള ടെക്‌നീഷ്യൻ, സൂപ്പർവൈസറി, മാനേജീരിയൽ തല കോഴ്‌സുകളുണ്ട്. ഡിസൈൻ കോഴ്‌സുകൾക്ക് എല്ലാ മേഖലയിലും സാദ്ധ്യതകളുണ്ട്. മെഷീൻ ഡിസൈൻ, പ്രോഡക്ട് ഡിസൈൻ, അപ്പാരൽ ഡിസൈൻ, ഫാഷൻ ഡിസൈൻ, ഫാഷൻ കമ്മ്യൂണിക്കേഷൻ എന്നിവ തൊഴിൽ സാദ്ധ്യതയുള്ള മേഖലകളാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഓട്ടോമേഷൻ, സൈബർ സെക്യൂരിറ്റി, ബ്ലോക്ക് ചെയിൻ ടെക്‌നോളജി, ഡാറ്റ അനലിറ്റിക്‌സ്, ഡാറ്റാ മാനേജ്മന്റ്, പ്രെസിഷൻ ഫാമിംഗ്, ഡ്രോൺ ടെക്‌നോളജി, ജി.ഐ.എസ്, സോയിൽ മാപ്പിംഗ്, ഡാറ്റ സയൻസ് എന്നിവ മികച്ച കോഴ്‌സുകളാണ്. മൂല്യവർദ്ധിത ഉല്പന്നത്തിന് പ്രാധാന്യം ലഭിക്കുന്നതോടെ ഫുഡ് ടെക്‌നോളജി കരുത്താർജിക്കും.
എനർജി മേഖല
എനർജി മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകളിൽ ഹൈഡ്രജൻ, ഗ്രീൻ, ക്ലീൻ എനർജി എന്നിവ വിപുലപ്പെടും. എൻജിനിയറിംഗ് രംഗത്ത് കംപ്യൂട്ടർ സയൻസ്, ബയോമെഡിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, കമ്മ്യൂണിക്കേഷൻ, കെമിക്കൽ, ആർക്കിടെക്ചർ, റോബോട്ടിക്, ഡയറി ടെക്‌നോളജി, ഇലക്ട്രിക്ക് വെഹിക്കിൾ ടെക്‌നോളജി എന്നിവയിൽ തൊഴിലവസരങ്ങളേറും. ഡിജിറ്റലൈസേഷൻ കൂടുതൽ വളർച്ച കൈവരിക്കുന്നതോടെ ഡിജിറ്റൽ മാർക്കറ്റിംഗ്, ഇ-കോമേഴ്‌സ്, അക്കൗണ്ടിംഗ്, ഇലക്ട്രിക് വെഹിക്കിൾ ടെക്‌നോളജി, ഹൈബ്രിഡ് ടെക്‌നോളജി, എഡ്യൂക്കേഷൻ ടെക്‌നോളജി, ന്യൂ മീഡിയ എന്നിവയിൽ വളർച്ചാ നിരക്ക് പ്രതീക്ഷിക്കാം.
ഡോക്ടറൽ പ്രോഗ്രാം @എൻ.ഐ.ടി, കോഴിക്കോട്
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ പി.എച്ച്ഡി പ്രോഗ്രാമിന് 17വരെ അപേക്ഷിക്കാം. എൻജിനിയറിംഗ്, സയൻസ്, മാനേജ്‌മെന്റ് പഠനം, മാത്തമാറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളിൽ ഡോക്ടറൽ പ്രോഗ്രാമിന് അപേക്ഷിക്കാം. അഞ്ചു സ്‌കീമുകളിലായി പ്രവേശന യോഗ്യതകളുണ്ട്. www.research.nitc.ac.in
ചേഞ്ച് മേക്കേഴ്‌സ് 2025 ബൂട്ട് ക്യാമ്പ്
ഐ.ഐ.ടി ഡൽഹി 11,12 ക്ലാസുകൾ, ബിരുദ വിദ്യാർത്ഥികൾക്കായി സമ്മർ ബൂട്ട് ക്യാമ്പ് നടത്തുന്നു. ചേഞ്ച് മേക്കേഴ്‌സ് 2025 സമ്മർ ബൂട്ട് ക്യാമ്പ് ജൂൺ 9മുതൽ 27വരെ നടത്തും. ആദ്യത്തെ രണ്ടാഴ്ച ഓൺലൈനാണ്. www.iitd.ac.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |