മധുര: ദേശീയ തലത്തിൽ കോൺഗ്രസിനോട് സഹകരിക്കുമ്പോഴും, കേരളത്തിൽ നേരിട്ട് എതിർക്കുന്നത് തുടരണമെന്ന് സി.പി.എം മധുര പാർട്ടി കോൺഗ്രസ്. പാർട്ടിയുടെ വോട്ടിംഗ് ശതമാനവും ജനകീയ അടിത്തറയും വർദ്ധിപ്പിക്കാൻ കഠിനശ്രമവും വേണം.
ബി.ജെ.പി-ആർ.എസ്.എസ് ശക്തികൾക്കെതിരായ പോരാട്ടത്തിൽ മതേതര നിലപാടുള്ള വലിയ കക്ഷി എന്ന നിലയിൽ കോൺഗ്രസിനും പങ്കുണ്ടെന്നാണ് സി.പി.എം നിലപാട്. എന്നാൽ നയങ്ങളെ അംഗീകരിക്കുന്നു എന്നർത്ഥമില്ല. കോൺഗ്രസുമായി നേരിട്ട് ഏറ്റുമുട്ടേണ്ട സംസ്ഥാനങ്ങളിൽ എതിർക്കുക തന്നെ ചെയ്യും.
ഹിന്ദുത്വ ശക്തികളുടെ ഭീഷണി പ്രതിരോധിക്കുന്നതിന് മതേതര കക്ഷികൾക്കൊപ്പം കൂട്ടുകൂടുമ്പോൾ സി.പി.എമ്മിന്റെ ശക്തി ക്ഷയിക്കുന്നു. മുന്നണി സീറ്റ് പങ്കിടൽ ധാരണ പ്രകാരം സി.പി.എം മത്സരിക്കുന്ന സീറ്റുകൾ കുറയുന്നു. ഇത് പാർട്ടിയുടെ ജനകീയ അടിത്തറയെ ബാധിക്കുന്നു. സ്വതന്ത്രമായ വളർച്ചയെ ഇല്ലാതാക്കുന്നെന്നും പാർട്ടി വിലയിരുത്തുന്നു.
ബദലായി വികസിക്കണം
ഒരു ബദലായി എങ്ങനെ സ്വയം വികസിക്കാം എന്നതിനെ അടിസ്ഥാനമാക്കിയാണ് രാഷ്‌ട്രീയ ലൈൻ സ്വീകരിക്കുകയെന്ന് പി.ബി അംഗം വൃന്ദാകാരാട്ട് പറഞ്ഞു. തിരിച്ചടി നേരിട്ട പശ്ചിമ ബംഗാളിലും ത്രിപുരയിലും അതെങ്ങനെ നടപ്പാക്കുമെന്നത് വെല്ലുവിളിയാണ്. സ്വയം വിമർശനാത്മക രീതിയിൽ അതു സാദ്ധ്യമാക്കാനുള്ള ഒരു തലം സൃഷ്‌ടിക്കാനാണ് ശ്രമിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മതേതര കക്ഷികൾ 'ഇന്ത്യ' മുന്നണിക്ക് കീഴിൽ ഒന്നിച്ചുനിന്നത് ബി.ജെ.പിയുടെ സീറ്റുകൾ കുറയ്‌ക്കാൻ സഹായിച്ചു. എന്നാൽ മുന്നണി കൂട്ടായ്മ ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയായിരുന്നു. തുടർന്ന് മഹാരാഷ്‌ട്രയിൽ അടക്കം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മുൻപു നിലനിന്ന സഖ്യങ്ങൾ തുടർന്നു. സി.പി.എമ്മും അതിന്റെ ഭാഗമായിട്ടുണ്ട്. കൂട്ടായ്‌മകളുടെ ഭാഗമാകുമ്പോഴും സ്വതന്ത്രമായ വളർച്ച ഉറപ്പാക്കുന്ന പ്ളാറ്റ്‌ഫോം വേണമെന്നാണ് പാർട്ടി കോൺഗ്രസ് നിർദ്ദേശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |