തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെയും പൊതുപ്രവർത്തകരുടെയും അഴിമതി കണ്ടെത്താനും കൈക്കൂലിക്കാരെ കുടുക്കാനും വിജിലൻസിന് ഫോൺചോർത്തൽ അനുമതി നൽകരുതെന്ന് പൊലീസ് സർക്കാരിനെ അറിയിച്ചു. നിലവിൽ ക്രൈംബ്രാഞ്ചിന്റെ സഹായത്തോടെ വിജിലൻസ് ഫോൺ ചോർത്തുന്നുണ്ട്. ഇത് ഫലപ്രദമാണ്. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ഫോൺചോർത്താവൂ എന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ട്. സുരക്ഷാഭീഷണി, ക്രമസമാധാനപ്രശ്നം, ലഹരിയിടപാട് എന്നിങ്ങനെയാണ് അടിയന്തരസാഹചര്യം. വിജിലൻസിന് ഇത്തരം അടിയന്തര സാഹചര്യമില്ലെന്നും
പൊലീസ് നേതൃത്വം ആഭ്യന്തരവകുപ്പിനെ അറിയിച്ചു. സർക്കാർ ഇതംഗീകരിച്ച് വിജിലൻസിന് അനുമതി നിഷേധിക്കും.
അഴിമതി വർദ്ധിക്കുന്ന സാഹചര്യത്തിൽ മറ്റു സംസ്ഥാനങ്ങളിലേതുപോലെ വിജിലൻസിന് ഫോൺചോർത്താൻ അനുമതി തേടി ഡയറക്ടർ യോഗേഷ് ഗുപ്തയാണ് സർക്കാരിനെ സമീപിച്ചത്.
സർക്കാർ പൊലീസിന്റെ അഭിപ്രായം തേടിയപ്പോഴാണ് നിലപാട് വ്യക്തമാക്കിയത്. പൊലീസും ഇന്റലിജൻസും ക്രൈംബ്രാഞ്ചും കുറ്റവാളികളെ കുടുക്കാനും കേസുകൾ തെളിയിക്കാനും രാജ്യസുരക്ഷയ്ക്കും രഹസ്യാന്വേഷണത്തിനും ഫോൺ ചോർത്തുന്നുണ്ട്. അഴിമതിക്കാരുടെ ഫോൺചോർത്താൻ ക്രൈംബ്രാഞ്ചിന് അപേക്ഷ നൽകുകയാണ് വിജിലൻസ് ചെയ്യുന്നത്. പലപ്പോഴും വിവരങ്ങൾ ചോരുന്നുവെന്നാണ് വിജിലൻസിന്റെ പരാതി.
വിജിലൻസിന് ഫോൺചോർത്താൻ അനുമതി നൽകിയാൽ ദുരുപയോഗത്തിന് സാദ്ധ്യതയുണ്ടെന്നും ക്രൈംബ്രാഞ്ച് മുഖേന ചോർത്തുന്നതാണ് നല്ലതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ക്രമസമാധാനച്ചുമതലയുള്ള ഡി.ഐ.ജി മുതൽ ഡി.ജി.പി വരെയുള്ള ഉദ്യോഗസ്ഥർക്കു മാത്രമാണു ഫോൺചോർത്താൻ അധികാരം. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ആരുടെയും ഫോൺ ഏഴു ദിവസത്തേക്കു ചോർത്താം. ചോർത്തിത്തുടങ്ങി മൂന്ന് ദിവസത്തിനകം സർക്കാരിൽ അപേക്ഷിക്കണം. രണ്ടുമാസംവരെ ചോർത്താൻ ആഭ്യന്തരസെക്രട്ടറിക്ക് അനുമതിനൽകാം. ആവശ്യമുള്ള വിവരമെടുത്ത ശേഷം ആറു മാസത്തിനകം ബാക്കിരേഖകൾ നശിപ്പിക്കണം.
കേന്ദ്രസഹായം കിട്ടും
അഴിമതിയന്വേഷിക്കുന്ന കേന്ദ്രഏജൻസികളായ സി.ബി.ഐ, ഇ.ഡി, സെൻട്രൽബോർഡ് ഒഫ് ഡയറക്ട് ടാക്സസ്, ഡി.ആർ.ഐ എന്നിവയ്ക്ക് ഫോൺചോർത്താൻ അധികാരമുണ്ട്. സി.ബി.ഐയും ഇ.ഡിയും നിലവിൽ വിജിലൻസുമായി അന്വേഷണത്തിലടക്കം സഹകരിക്കുന്നുണ്ട്. പുതിയ ക്രിമിനൽനിയമപ്രകാരം ഡിജിറ്റൽ തെളിവുകൾ പ്രാഥമികതെളിവുകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |