മധുര: കേരളത്തിൽ ആശ വർക്കർമാർ നടത്തുന്ന സമരത്തോട് സർക്കാർ സ്വീകരിച്ച സമീപനത്തെ ആന്ധ്രപ്രദേശിൽ നിന്നുള്ള അംഗങ്ങൾ വിമർശിച്ചു.. സെക്രട്ടേറിയറ്റ് നടയിൽ സ്ത്രീകളുടെ നേതൃത്വത്തിൽ നടത്തുന്ന ശക്തമായ പ്രക്ഷോഭത്തോട് ഒരു ഇടതുപക്ഷ സർക്കാർ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത് എന്നായിരുന്നു ചോദ്യം. സ്ത്രീകൾ മുടി മുറിച്ച് പ്രതിഷേധിച്ചപ്പോഴും വെല്ലുവിളിയുടെ സ്വരത്തിലാണ് ഒരു മന്ത്രി സംസാരിച്ചത്. രണ്ട് മാസം നീണ്ടു പോയിട്ടും സമരം ഒത്തുതീർക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും ആന്ധ്ര ഘടകം വിമർശിച്ചു.
പി.ബിക്കെതിരെ
വിമർശനം
സി.പി.എം കേന്ദ്ര കമ്മിറ്റിക്കെതിരെ കഴിഞ്ഞ ദിവസം ഉയർന്ന വിമർശനത്തിന് പിന്നാലെ പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്കെതിരെയും അതിരൂക്ഷ വിമർശനം. ബുൾഡോസറിന് മുന്നിൽ ബൃന്ദകാരാട്ട് നിന്നപ്പോൾ മറ്റ് പി.ബി അംഗങ്ങൾ എവിടെയായിരുന്നു എന്നാണ് രാഷ്ട്രീയ അവലോകന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ കേരളത്തിന്റെ വിമർശനം ഉയർന്നത്.
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പി.ബി അംഗങ്ങൾ പോലും ഇക്കാര്യത്തിൽ ശുഷ്കാന്തി കാട്ടിയില്ല. രണ്ടാം നിര നേതാക്കളെ ഉയർത്തിക്കൊണ്ടു വരുന്നതിൽ ദേശീയ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നതാണ് മറ്റൊരു വിമർശനം. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും അടക്കമുള്ളവരെ ഇ.എം.എസാണ് വളർത്തിക്കൊണ്ടു വന്നത്. ആ രീതിയിലൊരു ഉയർത്തിക്കൊണ്ടുവരൽ ഇല്ലാതെ പോയതിനാലാണ് പാർട്ടി ജനറൽ സെക്രട്ടറി ഇല്ലാതായപ്പോൾ പ്രകാശ് കാരാട്ട് രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിക്കേണ്ടി വന്നത് . പ്രായപരിധിയുടെ പേരിൽ ഒരു നിര തന്നെ ഒഴിയാൻ നിൽക്കുമ്പോൾ പകരം ആര് വരുമെന്നതാണ് ചോദ്യമെന്നും വിമർശനമുയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |