കൊച്ചി: കേന്ദ്രസർക്കാർ സ്ഥാപനമായ നാളികേര വികസന ബോർഡിന്റെ കൊച്ചിയിലെ ആസ്ഥാനം ജപ്തി ഭീഷണിയിൽ. ഇതോടെ നേര്യമംഗലത്തെ ബോർഡിന്റെ 50 ഏക്കറിലെ വിത്തുത്പാദന കേന്ദ്രം ഗുജറാത്തിലേക്ക് മാറ്റാൻ നീക്കം. ഇതിനായി ജുനഗഡ് കാർഷിക സർവകലാശാലയ്‌ക്ക് കീഴിലെ 40 ഏക്കർ ഗുജറാത്ത് സൗജന്യമായി വാഗ്ദാനം ചെയ്തു. വിത്തുത്പാദന കേന്ദ്രം മാറ്റുന്നത് കേരളത്തിന് നഷ്ടമാണ്.
നേര്യമംഗലം തോട്ടത്തിന്റെ 1.71 കോടിയുടെ പാട്ടക്കുടിശികയുടെ പേരിലാണ് എം.ജി റോഡിനോട് ചേർന്നുള്ള 50 കോടിയിലേറെ മൂല്യമുള്ള അരയേക്കർ ഭൂമിയിലെ പത്തുനില ബോർഡ് ആസ്ഥാനമന്ദിരം ജപ്തി ഭീഷണിയിലായത്. ജപ്തി ഒഴിവാക്കണമെന്ന ബോർഡിന്റെ കത്ത് ലാൻഡ് റവന്യു കമ്മിഷറുടെ പരിഗണനയിലാണ്.
1997ൽ സംസ്ഥാന കൃഷി വകുപ്പ് ഒരു രൂപ പാട്ടത്തിന് നൽകിയതാണ് നേര്യമംഗലത്തെ 50 ഏക്കർ. 2012ൽ പാട്ടക്കാലാവധി തീർന്നു. ദീർഘിപ്പിക്കാൻ കത്തുനൽകിയെങ്കിലും കൃഷിവകുപ്പ് നടപടിയെടുത്തില്ല. 2017ൽ 78 ലക്ഷത്തിന്റെ പാട്ടക്കുടിശിക ഈടാക്കാൻ റവന്യു വകുപ്പ് നടപടി തുടങ്ങി. കൃഷിമന്ത്രിയായിരുന്ന വി.എസ്.സുനിൽകുമാർ ഇടപെട്ട് ഒരുരൂപ വ്യവസ്ഥയിൽ പുതുക്കാമെന്ന് അറിയിച്ചെങ്കിലും നടന്നില്ല.
ബോർഡിന് കീഴിൽ വിവിധ സംസ്ഥാനങ്ങളിലെ 11 തോട്ടങ്ങളും സൗജന്യമായോ നാമമാത്രമായ പാട്ടത്തിനോ ആണ് ബോർഡിന് ലഭിച്ചിട്ടുള്ളത്. കേരളത്തിൽ മാത്രം ഭീമമായ പാട്ടം നൽകി തോട്ടം നിലനിറുത്തില്ലെന്ന തീരുമാനത്തിലാണ് ബോർഡ്. അതേസമയം, വിത്തുത്പാദന കേന്ദ്രം മാറ്റിയാലും കുഴപ്പമില്ലെന്നാണ് കൃഷിവകുപ്പിന്റെ നിലപാട്.
നേര്യമംഗലം വിത്ത് ഉത്പാദന കേന്ദ്രം
വിത്തെടുക്കുന്ന 1200 മാതൃവൃക്ഷങ്ങൾ ഉൾപ്പടെ 3000 തെങ്ങുകൾ. തൈ 150 രൂപ നിരക്കിലാണ് വില്പന. 600 രൂപവരെ വിലയുള്ള ഹൈബ്രിഡ് തൈകൾ 200 രൂപയ്ക്ക് ലഭിക്കും. ഏഴ് സ്ഥിരം സ്റ്റാഫും 16 ദിവസക്കൂലിക്കാരുമുണ്ട്. ഫാം പൂട്ടിയാൽ മലയാളികളായ സ്ഥിരം ജീവനക്കാർക്കും സംസ്ഥാനം വിടേണ്ടിവരും. പാട്ടം പുതുക്കാത്തതിനാൽ 2012 മുതൽ ഇവിടെ വികസനപ്രവർത്തനങ്ങളും പരിശീലന പരിപാടികളും നിറുത്തിവച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |