ചെന്നൈ: തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷസ്ഥാനം ഒഴിയുമെന്നും പുനഃസംഘടനയുടെ ഭാഗമായി പുതിയ അദ്ധ്യക്ഷനെ പാർട്ടി തിരഞ്ഞെടുക്കുമെന്നും കെ. അണ്ണാമലൈ വ്യക്തമാക്കി.തമിഴ്നാട് ബി.ജെ.പിയിൽ മത്സരമില്ല. നേതാവിനെ ഏകകണ്ഠമായി തിരഞ്ഞെടുക്കും. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി- എ.ഐ.ഡി.എം.കെ സഖ്യം തിരികെ കൊണ്ടുവരാനുള്ള ചർച്ചകൾക്കിടെയാണ് അണ്ണാമലൈയുടെ പ്രഖ്യാപനം. വീണ്ടും സഖ്യത്തിലേർപ്പെടണമെങ്കിൽ അണ്ണാമലൈയെ മാറ്റണമെന്ന് കഴിഞ്ഞ മാസം നടന്ന കൂടിക്കാഴ്ചയിൽ പളനിസ്വാമി അമിത് ഷായോട് ആവശ്യപ്പെട്ടെന്ന് സൂചനയുണ്ട്. ആറിന് തമിഴ്നാട് സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പളനിസ്വാമി കൂടിക്കാഴ്ച നടത്താനും സാദ്ധ്യതയുണ്ട്. സന്ദർശന വേളയിൽ സഖ്യ ചർച്ചകൾ നടന്നേക്കും. അതിനുശേഷം പുതിയ ബി.ജെ.പി അദ്ധ്യക്ഷനെ പ്രഖ്യാപിക്കാനാണ് സാദ്ധ്യത. 2021ലാണ് അണ്ണാമലൈ അദ്ധ്യക്ഷനായത്.
സ്ഥാനക്കയറ്റമോ
തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷസ്ഥാനം ഒഴിയുമെന്ന് അണ്ണാമലൈ പ്രഖ്യാപിച്ചതിനുപിന്നാലെ ഭിന്നാഭിപ്രായങ്ങളാണ് ഉയരുന്നത്. അണ്ണാമലൈയെ പുറത്താക്കുന്നതാണെന്നും അത് പാർട്ടി ശിക്ഷയാണെന്നും സംസാരമുണ്ട്. അതല്ല, സംസ്ഥാനത്ത് പാർട്ടിയുടെ വ്യാപനം വർദ്ധിപ്പിക്കുന്നതിനുള്ള ഭാഗമാണെന്നും പറയുന്നു. പാർട്ടിയിലോ കേന്ദ്ര സർക്കാരിലോ അദ്ദേഹത്തിന് വലിയ സ്ഥാനം ലഭിക്കുമെന്ന് ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. അണ്ണാമലൈയുടെ മുൻഗാമിയായ എൽ. മുരുകനെ കേന്ദ്രമന്ത്രിയാക്കിയത് ഉദാഹരണം. തമിഴ്നാട്ടിൽ തന്നെ തുടരാനുള്ള താത്പര്യം അണ്ണാമലൈ അമിത് ഷായെ അറിയിച്ചിട്ടുണ്ട്. അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് 2023ൽ എ.ഐ.ഡി.എം.കെ ബി.ജെ.പി സഖ്യം വിടാൻ പ്രധാന കാരണം. വീണ്ടും സഖ്യ സാദ്ധ്യത മുന്നിൽ കണ്ട് എ.ഐ.ഡി.എം.കെ ജനറൽ സെക്രട്ടറിയും തമിഴ്നാട് മുൻമുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി കുറച്ച് ദിവസം മുമ്പ് അമിത് ഷായെ സന്ദർശിച്ചിരുന്നു. അണ്ണാമലൈയെ നീക്കാൻ തീരുമാനിച്ചതായി അമിത് ഷാ നേരിട്ടറിയിച്ചെന്നാണ് ബി.ജെ.പിക്കുള്ളിൽ തന്നെ ഒരു വിഭാഗം പറയുന്നത്. പകരം ബി.ജെ.പി നിയമസഭ കക്ഷിനേതാവ് നൈനാർ നാഗേന്ദ്രൻ അദ്ധ്യക്ഷ സ്ഥാനത്തേക്ക് സാദ്ധ്യതയുണ്ട്. ഗൗണ്ടർ വിഭാഗത്തിൽനിന്നുള്ള നേതാക്കളാണ് അണ്ണാമലൈയും പളനിസ്വാമിയും. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി ജാതി സമവാക്യങ്ങൾ സന്തുലിതമാക്കാൻ ശ്രമിച്ചേക്കാം.
ദേശീയ ശ്രദ്ധ നേടി
2021ലാണ് അണ്ണാമലൈ തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷനാകുന്നത്. തമിഴ്നാട്ടിൽ കാര്യമായ തിരഞ്ഞെടുപ്പ് നേട്ടങ്ങൾ കൈവരിച്ചില്ലെങ്കിലും പാർട്ടിയെ സംസ്ഥാനത്ത് വളർത്താൻ അണ്ണാമലൈക്ക് കഴിഞ്ഞു. മുൻ ഐ.പി.എസ് ഓഫീസറായ അണ്ണാമലൈ, ഡി.എം.കെയുടെ കടുത്ത വിമർശകരിൽ ഒരാളാണ്. അണ്ണാ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി മാനഭംഗത്തിനിരയായ സംഭവത്തിൽ കഴിഞ്ഞ വർഷം ഡിസംബറിൽ ഡി.എം.കെയ്‌ക്കെതിരെ വൻ പ്രതിഷേധം നടത്തി. ആറ് തവ ണ സ്വയം ചാട്ടവാറടിച്ച പ്രതിഷേധം ദേശീയ ശ്രദ്ധ നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |