ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലും, ധനകാര്യ ബില്ലും ഉൾപ്പെടെ 16 ബില്ലുകൾ പാസാക്കിയ ബഡ്‌ജറ്റ് സമ്മേളനത്തിന് പരിസമാപ്‌തി. ഇന്നലെ പാർലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു. ഇന്ത്യയ്‌ക്ക് മേൽ 27 ശതമാനം ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയ യു.എസിന്റെ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ ഇന്നലെ പാർലമെന്റ് വളപ്പിലെ മകർദ്വാറിൽ പ്രതിഷേധിച്ചു. മദ്ധ്യപ്രദേശിലെ ജബൽപൂരിൽ മലയാളി വൈദികർക്ക് നേരെയുണ്ടായ ആക്രമണത്തിലും, ചണ്ഡിഗറിൽ ദുഃഖവെള്ളി ദിനം പ്രവൃത്തി ദിവസമാക്കിയ തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാർ പ്രതിഷേധിച്ചു. ലോക്‌സഭാ സ്‌പീക്കറുടെ ചായ സത്കാരം പ്രതിപക്ഷം ബഹിഷ്കരിച്ചു.
മികച്ച സമ്മേളനം
ജനുവരി 31ന് ആരംഭിച്ച സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13ന് പിരിഞ്ഞു. മാർച്ച് പത്തിന് രണ്ടാംഘട്ടം തുടങ്ങി ഇന്നലെ അവസാനിച്ചു. 26 ദിവസത്തെ സിറ്റിംഗിൽ 160 മണിക്കൂറോളം സഭ പ്രവർത്തിച്ചുവെന്ന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർള അറിയിച്ചു. മികച്ച സമ്മേളനമായിരുന്നുവെന്ന് രാജ്യസഭാ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ജഗ്‌ദീപ് ധൻകർ പറഞ്ഞു. ഏപ്രിൽ മൂന്നിന് രാവിലെ 11ന് ആരംഭിച്ച രാജ്യസഭാ നടപടികൾ വഖഫ് ഭേദഗതി ബില്ലും പാസാക്കി പിന്നേറ്റ് പുലർച്ചെ നാലുവരെ തുടർന്നു. ഇത് എക്കാലത്തെയും ദൈർഘ്യമേറിയ സിറ്റിംഗായിരുന്നു. ചരിത്രപരമായ നാഴികക്കല്ലെന്നും രാജ്യസഭാ അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |