ന്യൂഡൽഹി : മുനമ്പത്തെ ജനങ്ങളെ ഒഴിപ്പിക്കാനാണ് കോൺഗ്രസും സി.പി.എമ്മെന്നും ശ്രമിക്കുന്നത് തുടങ്ങി കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പരാമർശങ്ങളിൽ വൻ ബഹളമാണ് രാജ്യസഭയിലുയർന്നത്. വഖഫ് നിയമഭേദഗതി ബില്ലിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ബി.ജെ.പിയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമേ മുനമ്പത്തെ ജനങ്ങളെ രക്ഷിക്കാൻ കഴിയൂ. സത്യാവസ്ഥ അറിയാവുന്നതുകൊണ്ടാണ് കെ.സി.ബി.സിയും മറ്റു ക്രിസ്ത്യൻ സംഘടനകളും ബില്ലിനെ പിന്തുണച്ചത്. ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം മുനമ്പത്തെ ജനങ്ങൾക്ക് എതിരാണ്. എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിനെ വധിച്ചത് പോപ്പുലർ ഫ്രണ്ടാണ്. ആ സംഘടനയെ നിരോധിച്ചത് പ്രതിപക്ഷ പാർട്ടികളെ അങ്കലാപ്പിലാക്കിയെന്നും ജോർജ് കുര്യൻ പറഞ്ഞു. ഇതോടെ ഭരണപക്ഷം വൻപ്രതിഷേധമുയർത്തി. കേരളത്തിനെതിരെ ജോർജ് കുര്യൻ സംസാരിച്ചുവെന്ന് സി.പി.ഐയിലെ പി. സന്തോഷ് കുമാർ ആരോപിച്ചു. അതേസമയം, ബിൽ ന്യൂനപക്ഷ സമൂഹത്തിന്റെ സ്വയംഭരണാവകാശങ്ങളും വിശ്വാസങ്ങളും ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ബോധപൂർവമായ തന്ത്രമാണെന്ന് ജെബി മേത്തർ എം.പി ചർച്ചയിൽ പറഞ്ഞു. ഇന്ന് മുസ്ലിങ്ങളുടെ അവകാശങ്ങളാണ് ഹനിക്കപ്പെടുന്നതെങ്കിൽ നാളെ മറ്റു ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ചോദ്യം ചെയ്യപ്പെടാം.
അനുകൂലമെന്ന്
ജോസ് കെ. മാണി
ബില്ലിലെ ഭൂരിഭാഗം വ്യവസ്ഥകളെയും എതിർത്തെങ്കിലും രണ്ട് കാര്യങ്ങളിൽ കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണി അനുകൂലിച്ചു. വഖഫ് ബോർഡുകൾക്ക് ഏത് ഭൂമിയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കാൻ കഴിയുന്ന 'വകുപ്പ് 40' സമ്പൂർണമായി പുതിയ ബില്ലിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ നിലപാടിനെ അനുകൂലിച്ചു. ഭൂമി തർക്കങ്ങളിൽ വഖഫ് ബോർഡിന്റെയും ട്രൈബ്യൂണലിന്റെയും തീരുമാനം അന്തിമമല്ലെന്നും അപ്പീൽ നൽകാമെന്നുമുള്ള വ്യവസ്ഥയെയും രാജ്യസഭയിലെ ശബ്‌ദ വോട്ടെടുപ്പിൽ ജോസ് കെ.മാണി അനുകൂലിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |