കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സർക്കാർ - എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങൾ റദ്ദാക്കിയ സുപ്രീം കോടതി വിധി, ഇക്കാര്യത്തിൽ ഗവർണർ ഡോ.സി.വി ആനന്ദ ബോസിന്റെ നിലപാട് ശരിവയ്ക്കുന്നു. സർക്കാർ - എയ്ഡഡ് സ്‌കൂളുകളിലെ 25,753 അദ്ധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും നിയമനമാണ് സുപ്രീം കോടതി കഴിഞ്ഞദിവസം അസാധുവാക്കിയത്. നിയമവിരുദ്ധ നിയമനക്കേസ് അന്വേഷിക്കുന്ന സി.ബി.ഐ, ഇതുസംബന്ധിച്ച് ഫയൽ ചെയ്ത കേസുകളിൽ മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജിക്കെതിരെ ഗവർണർ ഭരണഘടനാധികാരം ഉപയോഗിച്ച് അനുമതി നൽകിയതോടെയാണ് കേസിൽ സുപ്രധാന അവഴിത്തിരിവുണ്ടായത്.
കേസിൽ പണമിടപാട് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് 2022 ജൂലൈ 23 നാണ് ചാറ്റർജിയെ അറസ്റ്റ് ചെയ്തത്. സ്‌കൂൾ ജോലി തട്ടിപ്പുകേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐയും ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. പശ്ചിമ ബംഗാളിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് പ്രക്രിയയിലെ ക്രമക്കേടുകൾ, അർഹരായ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ജീവിതം ദുരിതത്തിലാഴ്ത്തിയെന്ന് വിലയിരുത്തിയാണ് ഗവർണർ മന്ത്രിക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയത്. കുറ്റവാളികളെ നിയമത്തിന് കൊണ്ടുവരാനും സി.ബി.ഐ അന്വേഷണത്തിന് സൗകര്യമൊരുക്കാനും അത് വഴിയൊരുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |