SignIn
Kerala Kaumudi Online
Sunday, 27 July 2025 5.56 AM IST

ജീവനായി കാത്തിരുന്ന് കേരളം

Increase Font Size Decrease Font Size Print Page
a

മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവദാനത്തിനും സമ്മതപത്രം നൽകുന്നതിലും കേരളം ഏറെ പിന്നിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2012 മുതലുള്ള കണക്കനുസരിച്ച് ഇതുവരെ സംസ്ഥാനത്ത് 377 പേർ മാത്രമാണ് അവയവ ദാതാക്കൾ. കഴിഞ്ഞ വർഷം വെറും 10 പേർ മാത്രമാണ് അവയവദാനത്തിന് സമ്മതം അറിച്ചത്. അതേസമയം, ജീവിച്ചിരിക്കുന്നവരിൽ നിന്നുള്ള അവയവദാന ശസ്ത്രക്രിയകളുടെ എണ്ണം കൂടുന്നതായും അവയവദാന മേൽനോട്ട ചുമതലയുള്ള കെസോട്ടോ (കേരള സ്‌റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യൂ ട്രാൻസ്പ്ലാന്റ്‌ ഓർഗനൈസേഷൻ) വ്യക്തമാക്കി. സംസ്ഥാനത്ത് 2008ലാണ് മരണാനന്തര അവയവദാന പദ്ധതി തുടങ്ങിയത്. മരണാനന്തര അവയവദാനത്തിൽ കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും മുന്നിലെത്തിയത് തമിഴ്നാടാണ്. 1,500 അവയവദാനങ്ങളാണ് ഇവിടെ നടന്നത്. 863 പ്രധാന അവയവങ്ങളും 637 ചെറിയ അവയവങ്ങളുമാണ് മാറ്റിവച്ചത്. മരണാന്തര അവയവദാനം നടത്തുന്നവരുടെ ശവസംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചതോടെ സന്നദ്ധരായവരുടെ എണ്ണവും വർദ്ധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അവയവദാനം

കുറയുന്നത്
കേരളത്തിൽ വൃക്ക മാറ്റിവെയ്ക്കലിന് മാത്രമായി 1,000ത്തിലധികം പേർ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നുണ്ട്. സമ്മതപത്രം നൽകുന്നതിൽ കഴിഞ്ഞ വർഷം കേരളത്തിന്റെ സ്ഥാനം 13-ാമതായിരുന്നു. ഒന്നാം സ്ഥാനത്ത് രാജസ്ഥാനായിരുന്നു. തൊട്ടുപിന്നിൽ മഹാരാഷ്ട്ര, കർണാടക, മദ്ധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളുമാണ്. മാറ്റിവയ്ക്കാനുള്ള അവയവം കാത്തിരുന്ന് കേരളത്തിൽ 12 വർഷത്തിനിടെ ജീവൻ നഷ്ടമായത് 1,870 പേർക്കാണ്.

സം​സ്ഥാ​ന​ത്ത് വാ​ഹ​നാ​പ​ക​ട​ങ്ങ​ളുടെ എണ്ണം വർദ്ധിക്കുന്നത് മ​സ്തി​ഷ്ക​ മ​ര​ണ​ങ്ങ​ളുടെ എണ്ണവും കൂട്ടുന്നുണ്ട് എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ​. അവയവദാനവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളും ഭയവും കാരണമാണ് പലരും ഇതിന് തയ്യാറാവാത്തതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അവയവ കച്ചവടവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളും സാംസ്‌കാരികവും മതപരവുമായ കാഴ്ചപ്പാടുകളും ഇതിന് പ്രധാന കാരണമാണ്.

അവയവദാനവുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാൻ സംസ്ഥാന തലത്തിൽ സാങ്കേതിക സമിതിയ്ക്ക് കൂടി സർക്കാർ രൂപം നൽകിയിട്ടുണ്ട്. കച്ചവട സാദ്ധ്യതകൾ അടക്കമുള്ള സംശയം ഉയർന്നാൽ നിലവിൽ ജില്ലാ തലത്തിലുള്ള സർക്കാർതല സമിതി അനുമതി നിഷേധിക്കാറുണ്ട്. സമിതി തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുക മാത്രമാണ് പോംവഴി ഉണ്ടായിരുന്നത്. ഇനി നിലവിലുള്ള സമിതികളുടെ തീരുമാനത്തിനെതിരെ സംസ്ഥാനതല സാങ്കേതിക സമിതിയ്ക്ക് അപ്പീൽ നൽകാനാവും. അവരും അനുമതി നിഷേധിച്ചാൽ മാത്രം കോടതിയെ സമീപിച്ചാൽ മതി. മെഡിക്കൽ വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയാണ് സാങ്കേതിക സമിതിയുടെ അദ്ധ്യക്ഷൻ. കെസോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടറാണ് സമിതി കൺവീനർ. മസ്തിഷ്‌ക മരണങ്ങൾ സൃഷ്ടിക്കുകയാണെന്ന ആരോപണങ്ങളും അവയവദാനമെന്ന മഹത്തായ കർമ്മത്തെ പുകമറയ്ക്കുള്ളിലാക്കുന്നു. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്. മുൻഗണനാ ക്രമം അനുസരിച്ച് സർക്കാർ ഏജൻസിയായ മൃതസഞ്ജീവനിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് അവയവങ്ങൾ ലഭിക്കുക.

കേരളത്തിൽ

അവയവദാനം നടത്തിയവർ

2012 - 9.

2013- 36 .

2014 - 58,

2015 - 76,

2016 - 72,

2017 - 18,

2018 - 8,

2019 - 19,

2020 - 21,

2021 - 17,

2022 - 14,

2023 - 19.

2024 - 10

മറ്റു സംസ്ഥാനങ്ങളിൽ

(2022ലെ കണക്ക് പ്രകാരം)

തെലങ്കാന- 194

കർണ്ണാടക - 151

ഗുജറാത്ത്-148

മഹാരാഷ്ട്ര- 105

ആർക്കെല്ലാം

ദാനം ചെയ്യാം

18 വയസിന് മുകളിലുള്ള ആർക്കും അവയവമോ കോശ സംയുക്തങ്ങളോ ദാനം ചെയ്യുന്നതിന് സന്നദ്ധത അറിയിക്കാവുന്നതാണ്. ജീവിച്ചിരിക്കുമ്പോൾ സാധാരണ ദാനം ചെയ്യാൻ കഴിയുന്ന അവയവം വൃക്കയാണ്. ഹൃദയം, ശ്വാസകോശം, കണ്ണുകൾ എന്നിവ ദാതാവ് മരിച്ച ശേഷം എടുക്കാം. അവയവദാനത്തിന് മുമ്പ് നിരവധി മെഡിക്കൽ പരിശോധനകൾ ദാതാവിന് നടത്തേണ്ടതുണ്ട്. ജീവിച്ചിരിക്കുന്ന ദാതാവാണെങ്കിൽ അവയവദാനം മൂലം ആരോഗ്യ പ്രശ്നങ്ങളുണ്ടാവില്ലെന്ന് ഉറപ്പാക്കണം.

വൃക്ക ദാനം ചെയ്യുന്ന അവസരത്തിൽ കിഡ്നി ഫങ്ഷൻ ടെസ്റ്റ് നടത്തി എടുക്കാൻ പോവുന്ന വൃക്കയുടെ ആരോഗ്യവും ഒരെണ്ണം എടുത്താൽ ശേഷിക്കുന്ന വൃക്കയുടെ ആരോഗ്യവും വിലയിരുത്തും.
ദാതാവിന് പ്രമേഹം, ഹൃദ്രോഗം, ഹെപ്പറ്റൈറ്റിസ് പോലുള്ള രോഗങ്ങൾ കണ്ടെത്തിയാൽ അവയവ ദാനത്തിന് അനുമതി നിഷേധിക്കപ്പെടും. അവയവദാനം ദാതാവിന്റെ ആരോഗ്യകരമായ ജീവിത ശൈലിയെ ബാധിക്കുമെന്ന് കണ്ടെത്തിയാലും അനുമതി നൽകില്ല. മറ്റൊരു വ്യക്തിയുടെ അവയവം സ്വന്തം ശരീരത്തിലേക്ക് മാറ്റിവച്ച് കഴിഞ്ഞാൽ രോഗിയും അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അവയവം ആരോഗ്യത്തോടെ തുടരുന്നതിന് ആരോഗ്യ പൂർണമായ ജീവിതശൈലി പിന്തുടരേണ്ടതുണ്ട്. തുടർച്ചയായ ആരോഗ്യ പരിശോധനകളും നിർബന്ധമാണ്.

TAGS: ORGANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.