കൊച്ചി: ഡയറക്ട് മാർക്കറ്റിംഗ് സ്ഥാപനത്തിൽ ടാർജറ്റ് തികച്ചില്ലെന്ന പേരിൽ യുവതീയുവാക്കളെ നായ്ക്കളെപ്പോലെ ബൽറ്റ് കെട്ടി നടത്തിച്ചു. വായിൽ ഉപ്പ് തിരുകിക്കയറ്റി വീർപ്പു മുട്ടിച്ചു. പഴത്തിൽ തുപ്പി തീറ്റിച്ചു. 100 ശതമാനം സാക്ഷരമായ സാംസ്കാരിക കേരളത്തിലാണ് കേട്ടുകേൾവിപോലും ഇല്ലാത്ത ഈ മൃഗീയത നടമാടിയത്.
എറണാകുളം കലൂരിലെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിന്റെ ഉത്പന്നങ്ങൾ വിൽക്കുന്ന പെരുമ്പാവൂരിലെ കെൽട്രോ എന്ന സ്ഥാപനത്തിലാണ് കിരാതവാഴ്ച . വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്. അതിനിടെ പെരുമ്പാവൂർ പൊലീസിൽ നാലു പരാതികളും എത്തി. സംഭവത്തിൽ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി ഇടപെട്ടു. ജില്ല ലേബർ ഓഫീസർ മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. സംസ്ഥാന യുവജന കമ്മിഷൻ സ്വമേധയാ കേസെടുത്തു. പ്രതിഷേധവുമായി എത്തിയ യുവജന സംഘടനകൾ കലൂരിലെ സ്ഥാപനം പൂട്ടിച്ചു. പാലാരിവട്ടം പൊലീസ് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിൽ പരിശോധന നടത്തി.
ആകർഷകമായ ശമ്പളം വാഗ്ദാനം ചെയ്താണ്യുവതീയുവാക്കളെ ഇവർ കെണിയിൽ വീഴ്ത്തിയിരുന്നത്. അടുക്കള സാധനങ്ങളും മറ്റും വീടുകളിൽ നേരിട്ടെത്തി വിൽക്കുന്നതാണ് ജോലി. തുടക്കത്തിൽ 8,000 മുതൽ 12,000 രൂപ വരെയും ഇൻസെന്റീവും വാഗ്ദാനം ചെയ്യുമെങ്കിലും ഒരു രൂപ പോലും നൽകില്ല. ശമ്പളം ആവശ്യപ്പെട്ടാൽ ഇൻസെന്റീവ് മാത്രമേ ലഭിക്കൂവെന്ന് പറയും. പ്രതിദിനം 2000 മുതൽ 2500 വരെ രൂപയുടെ സാധനങ്ങൾ വിറ്റില്ലെങ്കിൽ അന്നുരാത്രി ശിക്ഷയുറപ്പ്.അതേസമയം ഹിന്ദുസ്ഥാൻ പവർലിങ്ക്സിൽ തൊഴിൽപീഡനം നടക്കുന്നതായ വാർത്തകൾ അടിസ്ഥാനരഹിതമെന്ന് പ്രൊപ്രൈറ്റർ ജോയ് ജോസഫ് അറിയിച്ചു.
കിരാത ശിക്ഷ ഇങ്ങനെ
കഴുത്തിൽ നായയുടെ ബെൽറ്റിട്ട് മുട്ടിൽ നടത്തിക്കും, നിലത്തുവച്ച പാത്രത്തിലെ വെള്ളം നക്കിക്കുടിപ്പിക്കും, വായിൽ ഉപ്പിട്ട് തുപ്പാൻ അനുവദിക്കാതിരിക്കും, നനഞ്ഞ തോർത്തിന് അടിക്കും. ട്രെയിനിംഗ് കഴിഞ്ഞാൽ ഉയർന്ന വരുമാനം ലഭിക്കുമെന്നും മാനേജരാക്കുമെന്നുമുള്ള വാഗ്ദാനത്തിലാണ് പലരും പിടിച്ചുനിന്നത്.
മാറമ്പിള്ളി മീറ്റിംഗ്
സംഭവത്തിൽ ആരോപണ വിധേയമായ കെൽട്രോയുടെ ജനറൽ മാനേജർ ഹുബൈൽ സ്ത്രീത്വത്തെ അപമാനിച്ച കേസിലെ പ്രതി. സ്ഥാപനത്തിലെ ഫീൽഡ് സ്റ്റാഫായ യുവതിയുടെ പരാതിയിൽ ഇയാൾ അറസ്റ്റിലായിരുന്നു. മാറമ്പിള്ളിയിലെ ബ്രാഞ്ച് ഓഫീസ് കെട്ടിടത്തിന്റെ ടെറസിലേക്ക് പഴ്സണൽ മീറ്റിംഗ് എന്നു പറഞ്ഞ് വിളിച്ചു വരുത്തിയാണ് യുവതിയെ അവഹേളിച്ചത്.
നായയെ പോലെ മൂത്രമൊഴിപ്പിച്ചു. നിലത്തുനിന്ന് നാണയം കടിച്ചെടുപ്പിച്ചു, അപ്പോഴാണ് ജോലിവിട്ടത്.
അഖിൽ (പൊലീസിൽ പരാതി നൽകിയ ഉദ്യോഗാർത്ഥി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |