കരൾരോഗ ബാധിതനായിരുന്നു
തിരുവനന്തപുരം: മൃഗശാലയിലെ ഏറ്റവും പ്രായമുള്ള കടുവ ചത്തു. 23 വയസുള്ള രാഹുൽ എന്ന ബംഗാൾ കടുവയാണ് ഇന്നലെ രാവിലെ ചത്തത്. മൃഗശാലയിൽ ജനിച്ച് വളർന്ന അവസാനത്തെ കടുവയായിരുന്നു.
പ്രായാധിക്യം കാരണം അവശതയായതോടെ ഇക്കഴിഞ്ഞ 18 മുതൽ രാഹുലിനെ പ്രത്യേകം കൂട്ടിലാണ് പരിചരിച്ചിരുന്നത്.
2003 മേയ് 11നാണ് രാഹുൽ എന്ന ആൺ കടുവ ജനിച്ചത്. കരൾ രോഗം ബാധിച്ചതോടെ ഏറെക്കാലമായി പ്രത്യേക ചികിത്സയിലായിരുന്നു.പ്രായാധിക്യത്താൽ മരങ്ങളിലും പാറകളിലും മാന്തി നഖങ്ങളുടെ വളർച്ച സ്വയം നിയന്ത്രിക്കാൻ കഴിയാതായതോടെ, അമിതമായി വളർന്ന നഖങ്ങൾ ഈയിടെ വിരലിലേക്ക് തുളഞ്ഞ് കയറിയിരുന്നു. തുടർന്ന് മൃഗശാല വെറ്ററിനറി സർജൻ ഡോ.നികേഷ് കിരണിന്റെ നേതൃത്വത്തിൽ ചികിത്സിച്ച് ഭേദമാക്കിയെങ്കിലും മറ്റുള്ള അവശതകൾ തുടർന്നു.
രോഗാവസ്ഥയിലാകുന്നതിനു മുൻപ് ദിവസവും 7 കിലോ ബീഫാണ് കഴിച്ചിരുന്നത്. പിന്നീട് സ്വന്തമായി ഇറച്ചി എല്ലിൽ നിന്ന് കടിച്ചെടുത്ത് കഴിക്കാതായതോടെ സൂപ്പും പാലും ഒക്കെയായിരുന്നു ഭക്ഷണമായി നൽകിയിരുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ തന്നെ മൃതദേഹം സംസ്കരിച്ചു.
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് പാലോട് നിന്നുള്ള ഡോ.സൗമ്യ വിജയകുമാർ,ഡോ.അജിത് കുമാർ.ജി.എസ്,ഡോ.പ്രത്യുഷ്.പി.ആർ,മൃഗശാല വെറ്ററിനറി സർജൻ ഡോ.നികേഷ് കിരൺ,മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി,മൃഗശാല സൂപ്രണ്ട് രാജേഷ്.വി.എസ്,ക്യൂറേറ്റർ സംഗീത,ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ ജിജോ,സുധിൻ,നഹാസ്,സൂപ്പർവൈസർമാരായ മുരളി,രാമചന്ദ്രൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
ഇനി അഞ്ച് കടുവകൾ
വയനാട് നിന്ന് കൊണ്ടുവന്ന രണ്ട് പെൺ കടുവകളും ഒരു ആൺ കടുവയുമാണ് മൃഗശാലയിൽ ഇനി ബാക്കിയുള്ളത്. ഇത് കൂടാതെ ശ്രാവൺ, മലർ എന്നീ വെള്ളക്കടുവകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |