സംസ്ഥാനങ്ങളും മാർഗനിർദ്ദേശം പരിഗണിക്കണം
കൊച്ചി: സർക്കാർ കക്ഷിയായ കേസുകളുടെ ബാഹുല്യം കുറയ്‌ക്കാൻ കേന്ദ്ര നിയമ മന്ത്രാലയം മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കേസുകളിലെ കാലതാമസവും ഖജനാവിനുണ്ടാകുന്ന നഷ്ടവും കേസ് നടത്തിപ്പ് സംവിധാനത്തിന്റെ പോരായ്മയും കണക്കിലെടുത്താണിത്. നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരുകളും പരിഗണിക്കണമെന്ന് മന്ത്രാലയത്തിന്റെ സർക്കുലറിൽ പറയുന്നു.
സമാന സ്വഭാവമുള്ള വ്യവഹാരങ്ങളുടെ ആവർത്തനം കുറച്ചും കോടതി ഉത്തരവുകൾ സമയബന്ധിതമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയും എല്ലാ വകുപ്പുകളിലും കാര്യക്ഷമമായ സംവിധാനമൊരുക്കിയും കേസുകളുടെ എണ്ണം കുറയ്‌ക്കാനാണ് നീക്കം. സർവീസ് - പെൻഷൻ കേസുകൾ, കോടതി അലക്ഷ്യ കേസുകൾ തുടങ്ങിയവ ഗണ്യമായി കുറയ്‌ക്കാൻ ഇതുവഴി സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
മന്ത്രാലയങ്ങളിൽ പ്രത്യേക ലീഗൽ സെൽ മൂന്നു മാസത്തിനകം രൂപീകരിക്കണം. സെല്ലിൽ ജോയിന്റ് സെക്രട്ടറി റാങ്കിൽ കുറയാത്ത നോഡൽ ഓഫീസർ ഉണ്ടാകണം. നിയമബിരുദമോ പരിജ്ഞാനമോ അഭികാമ്യം. അംഗങ്ങൾക്ക് പരിശീലനം നൽകണം. നിർണായക കേസുകൾ കൈകാര്യം ചെയ്യുന്നതിനായി വകുപ്പു സെക്രട്ടറി യോഗം വിളിച്ച് തന്ത്രങ്ങൾ ആവിഷ്കരിക്കണം.
മറ്റു നിർദ്ദേശങ്ങൾ
ലീഗൽ സെല്ലിൽ എൽ.എൽ.ബി ബിരുദമുള്ള യുവാക്കളെ കരാറിൽ നിയമിക്കണം. പ്രത്യേക കേസുകളിൽ വിദഗ്ദ്ധരുടെ സേവനം ആവശ്യമെങ്കിൽ നിശ്ചിത കാലാവധിയിലേക്ക് നിയോഗിക്കണം.
ഡയറക്ടർ (ലീഗൽ), ഡെപ്യൂട്ടി സെക്രട്ടറി (ലീഗൽ), അണ്ടർ സെക്രട്ടറി(ലീഗൽ) എന്നിവർ ഉദ്യോഗസ്ഥ സംഘത്തിലുണ്ടാകണം.
ആർബിട്രേഷൻ, മീഡിയേഷൻ നടപടികളിലൂടെ പരമാവധി കേസുകൾ വേഗത്തിൽ തീർപ്പാക്കണം. സർവീസ് വിഷയങ്ങൾ പരിഹരിക്കാൻ സ്റ്റാഫ് അദാലത്തുകളും വാർഷിക ശില്പശാലകളും നടത്തണം.
കേടതികളിലെ കേസുകൾ രണ്ടു തവണയിലധികം മാറ്റിവയ്‌ക്കാൻ അഭിഭാഷകർ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ നോഡൽ ഓഫീസറെ കൃത്യമായ കാരണം അറിയിക്കണം.
അഭിഭാഷകരെ
വിലയിരുത്തും
കേന്ദ്രസർക്കാർ അഭിഭാഷകരുടെ പ്രകടനം സംബന്ധിച്ച് ഓരോ വർഷവും ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് റിപ്പോർട്ട് നൽകണം. ഇത് വിലയിരുത്തി സ്ഥാനക്കയറ്റം, കാലാവധി നീട്ടൽ തുടങ്ങിയവ പരിഗണിക്കും. പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ നീക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |