തിരുവനന്തപുരം: ക്ലാർക്ക്-ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ്-ക്ലാർക്ക് തസ്തിക നിറുത്തലാക്കാനുള്ള ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പിന്റെ ശുപാർശക്കിടെ നിലവിലുള്ള ഒഴിവുകളിൽ നിയമനം നടത്താത്തതിൽ റാങ്ക് ലിസ്റ്റിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾ ആശങ്കയിൽ. 14 ജില്ലകളിലായി ഇതുവരെ 667 പേർക്കാണ് നിയമനം ലഭിച്ചത്. ഈ തസ്തികയിൽ അഞ്ചുവർഷം പൂർത്തിയാക്കുന്നവർക്ക് എൽ.ഡി ക്ലാർക്ക്,എൽ.ഡി ടൈപ്പിസ്റ്റ് തസ്തികകളിൽ കാറ്റഗറിമാറ്റം അനുവദിക്കണമെന്ന വ്യവസ്ഥ നടപ്പാക്കാത്തതാണ് ഉദ്യോഗാർത്ഥികൾക്ക് വിനയായത്. കാറ്റഗറി മാറ്റമുണ്ടായാൽ എഴുപതോളം ഒഴിവുണ്ടാകുമ്പോൾ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനമുണ്ടാകും. എന്നാൽ,തസ്തിക മാറ്റത്തിനുള്ള നീക്കമൊന്നും നടക്കുന്നില്ല.
തസ്തികയിൽ അഞ്ചുവർഷം പൂർത്തിയാക്കുന്നവർക്ക് എൽ.ഡി ക്ലാർക്ക്,എൽ.ഡി ടൈപ്പിസ്റ്റ് തസ്തികകളിൽ കാറ്റഗറി മാറ്റം അനുവദിക്കണമെന്ന വ്യവസ്ഥ നിർബന്ധമാക്കാത്തതിനാൽ ഒരേ ഓഫീസിൽ വർഷങ്ങളായി ജോലിയിലുള്ളവർ ഇപ്പോഴും തുടരുകയാണ്. വിവിധ ജില്ലകളിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഉടൻ അവസാനിക്കും. ഉദ്യോഗസ്ഥ-ഭരണ പരിഷ്കാര വകുപ്പിന്റെ ശുപാർശ നിലനില്കുന്നതിനാൽ ഇനി മറ്രൊരു വിജ്ഞാപനമുണ്ടാകില്ല. എൽ.ഡി ക്ലാർക്കായി ജോലിയിൽ പ്രവേശിക്കുന്നവർ പ്രൊബേഷൻ പൂർത്തിയാക്കാൻ വേഡ് പ്രോസസിംഗിൽ പരീക്ഷ വിജയിക്കണമെന്ന വ്യവസ്ഥ നടപ്പാക്കുന്നതോടെ ക്ലാർക്ക്-ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ്-ക്ലാർക്ക് തസ്തിക ഒഴിവാക്കാനാണ് നീക്കം. ഈ സാഹചര്യത്തിൽ നിലവിൽ ജോലി ചെയ്യുന്നവർക്ക് കാറ്റഗറി മാറ്റം അനുവദിക്കുകയും അതിലൂടെ ഒഴിവിലേക്ക് റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തണമെന്നും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |