ബംഗളൂരു: ഭാര്യ മല്ലിക മരിച്ചെന്നാണ് സുരേഷും കരുതിയത്. കർമ്മങ്ങൾ നടത്തി. അധികം വൈകാതെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജയിലിൽ കഴിയവേ ഒന്നര വർഷത്തിന് ശേഷം ട്വിസ്റ്റ്. കൊല്ലപ്പെട്ടെന്ന് കരുതിയ മല്ലിക കോടതിയിൽ ഹാജരായി. കർണാടകയിലെ കുടക് ജില്ലയിലെ ബസവനഹള്ളി സംഭവം. മല്ലികയെ കാണാനില്ലെന്ന് കാണിച്ച് 2020 ഡിസംബറിൽ സുരേഷ് പൊലീസിൽ പരാതി നൽകി. മിസിംഗ് കേസ് ചാർജ് ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ബെട്ടഡാരപുരയെന്ന സ്ഥലത്തുനിന്ന് സ്ത്രീയുടേതെന്ന് കരുതുന്ന അസ്ഥികൂടം പൊലീസിന് ലഭിച്ചു. ഇത് മല്ലികയുടേതാണെന്നും സുരേഷ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നാടകം കളിച്ചതാണെന്നും പൊലീസ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. ശക്തമായ പ്രതിഷേധങ്ങൾക്കിടെ സുരേഷിനെ അറസ്റ്റ് ചെയ്തു. സുരേഷിനെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. അസ്ഥികൂടം മല്ലികയുടേതാണെന്ന് തെളിയിച്ചതെങ്ങനെയെന്ന് കോടതി ചോദിച്ചു. വിചാരണയ്ക്കിടെ, മല്ലിക ജീവിച്ചിരിപ്പുണ്ടെന്ന് ഏഴ് സാക്ഷികളും അറിയിച്ചു. കഴിഞ്ഞ ദിവസം വരെ നിരവധി വാദം കേൾക്കലുകൾ നടന്നു. ഇതിനിടെയാണ് ട്വിസ്റ്റ്. കേസിലെ സാക്ഷി കൂടിയായ സുരേഷിന്റെ സുഹൃത്ത് മല്ലികയെ കണ്ടു. മടിക്കേരിയിലെ ഹോട്ടലിൽ മറ്റൊരാൾക്കൊപ്പം ഭക്ഷണം കഴിക്കുന്നു. മല്ലികയെ കൈയോടെ പിടിച്ച് സുരേഷിന്റെ സുഹൃത്ത് മടിക്കേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു. വിവരം കോടതിയിലും അറിയിച്ചു. താൻ കാമുകനൊപ്പം ഒളിച്ചോടി പോയതാണെന്നും അയാളെ വിവാഹം കഴിച്ച് ജീവിക്കുകയാണെന്നും മല്ലിക കോടതിയിൽ വെളിപ്പെടുത്തി. സുരേഷിന് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും മല്ലിക പറഞ്ഞു. ഇതോടെ കേസിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് കോടതി വിലയിരുത്തി. കേസിന്റെ പൂർണ വിവരങ്ങൾ സമർപ്പിക്കണമെന്ന് എസ്.പിക്ക് കോടതി നിർദ്ദേശം നൽകി. അസ്ഥികൂടം ആരുടേതാണെന്ന് കണ്ടെത്താനും ഉത്തരവിട്ടു. മകനെ തെറ്റായി പ്രതിചേർത്ത് പീഡിപ്പിച്ചതിന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് സുരേഷിന്റെ പിതാവ് ആവശ്യപ്പെട്ടു. നഷ്ടപരിഹാരവും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |