തിരുവനന്തപുരം: മദ്യപാനമോ, മറ്റു ദുഃശീലങ്ങളോ ഇല്ല. എന്നിട്ടും ജനിച്ചുവീഴുന്ന കുട്ടികളിൽ ഉൾപ്പെടെ കരൾ രോഗങ്ങൾ വ്യാപകമാണ്. ജനിതകമായ പ്രശ്നങ്ങളും ജീവിതശൈലിയും കുഞ്ഞുകരളുകളെ കവർന്നെടുക്കുമ്പോൾ രക്ഷിതാക്കൾ കരുതിയേ തീരൂ.
യഥാസമയം ചികിത്സിച്ചില്ലെങ്കിൽ കരൾരോഗങ്ങൾ സിറോസിസായും യംഗ്സ്റ്റേജ് ലിവർ ഡിസീസായും ക്യാൻസറായും മാറുമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രശാന്ത്.കെ.എസ് പറയുന്നു. കുട്ടികളിൽ 30ലധികം കാരണങ്ങൾ കരൾ രോഗത്തിടയാകും. കാരണം അറിയാത്തവ വേറെയും. മാരക കരൾ രോഗങ്ങളാണ് ജീവന് ഭീഷണിയാകുന്നത്. നവജാതശിശുക്കളിൽ പിത്തനാളി കുഴലുകൾ ചുരുങ്ങുന്നതിലൂടെയുണ്ടാകുന്ന ബിലിയറി അട്രേഷ്യയാണ് പ്രധാനം.
നവജാത ശിശുകൾക്ക് മഞ്ഞപ്പിത്തം സാധാരണമാണ്. ഈ ഫിസിയോളജിക്കൽ ജോണ്ടിസ് ഒരാഴ്ചയ്ക്കുള്ളിൽ പൂർണമായി മാറും. രണ്ടാഴ്ചയ്ക്ക് ശേഷവും കുഞ്ഞിന്റെ കണ്ണിലും മൂത്രത്തിലും കടുത്ത മഞ്ഞ, മലത്തിന് വെള്ളനിറം എന്നിവയുണ്ടായാൽ അടിയന്തരമായി ഡോക്ടറെ കാണണം. ബിലിയറി അട്രേഷ്യയുള്ള കുഞ്ഞുങ്ങളെ ജനിച്ച് 60 ദിവസത്തിനുള്ളിൽ ശസ്ത്രക്രിയക്ക് വിധേയരാക്കണം.
മുതിർന്ന കുട്ടികളിൽ കോശങ്ങൾ ശരീരത്തിനെതിരെ പ്രവർത്തിച്ചുണ്ടാകുന്ന ഓട്ടോ ഇമ്മ്യൂൺ കരൾ രോഗങ്ങൾ, വൈറൽ ഹെപ്പറ്റൈറ്റിസ്- ബി, സി ഇൻഫക്ഷൻ, കരളിൽ ചെമ്പ് അടിഞ്ഞുണ്ടാകുന്ന വിൽസൺസ് ഡിസീസ് എന്നിവയും ഭീഷണിയാണ്. ജീവിതശൈലിയും ഫാറ്റിലിവറും അലസമായ ജീവിതശൈലിയും ഭക്ഷണരീതിയും അമിതവണ്ണത്തിനും പൊണ്ണത്തടിക്കും കാരണമായി കുട്ടികളിൽ ഫാറ്റിലിവർ വർദ്ധിക്കുന്നുവെന്നാണ് കണ്ടെത്തൽ. 40വയസിനുശേഷം വരാവുന്ന കരൾ രോഗങ്ങൾ ഇന്ന് 10വയസുള്ള കുട്ടികളിലുണ്ട്. അമിതമായി പൊരിച്ച ഭക്ഷണം, മധുരം, ഉപ്പ്, കൊഴുപ്പ് എന്നിവയാണ് വില്ലൻ. കരളിൽ 30ശതമാനം കൊഴുപ്പ് അടിയുമ്പോഴാണ് അൾട്രാസൗണ്ടിലൂടെ ഫാറ്റിലിവർ കണ്ടെത്തുന്നത്. എന്നാൽ അഞ്ചുശതമാനം കരൾകോശങ്ങളിൽ കൊഴുപ്പ് അടിയുമ്പോഴേ ഒരാൾക്ക് ഫാറ്റിലിവറായി മാറും. അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്കും മെലിഞ്ഞ ശരീരമുള്ളവരിലും ഫാറ്റിലിവറുണ്ടാകുന്നത് ജനിതക കാരണങ്ങൾകൊണ്ടാണ്.
അതിജീവിക്കണം ഫാറ്റിലിവറിനെ
ഉദാസീനമായ ജീവിതരീതി ഉപേക്ഷിച്ച്, സമീകൃതഭക്ഷണം യഥാസമയം കഴിക്കണം
വ്യായാമം ശീലമാക്കണം
ടി.വി, മൊബൈൽ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കണം
കുട്ടികളിലെ കരൾരോഗങ്ങൾക്കെതിരെ എല്ലാവരും ബോധവാൻമാരാകണം. അല്ലെങ്കിൽ സമീപഭാവിയിൽ വലിയൊരു പൊതുജനാരോഗ്യപ്രശ്നമായി ഇതുമാറും.
-ഡോ. പ്രശാന്ത്.കെ.എസ്, അസോസിയേറ്റ് പ്രൊഫസർ,
എസ്.എ.ടി, തിരുവനന്തപുരം മെഡിക്കൽ കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |