പയ്യന്നൂർ: മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരവും കേരള പൊലീസ് റിട്ട. അസിസ്റ്റന്റ് കമാൻഡന്റുമായ അന്നൂരിലെ എം.ബാബുരാജ് നിര്യാതനായി. 60 വയസായിരുന്നു. 1964ൽ അന്നൂരിൽ ജനിച്ച ബാബുരാജ് പയ്യന്നൂർ കോളേജ് ടീമിലൂടെയാണ് ഫുട്ബോളിൽ മികവ് കാട്ടിത്തുടങ്ങിയത്. പയ്യന്നൂർ കോളേജ് ടീം ക്യാപ്ടനുമായിരുന്നു.
1986 ൽ ഹവിൽദാറായി നിയമനം ലഭിച്ചതോടെ പൊലീസ് ടീമിൽ സജീവമായി.
യു.ഷറഫലി, വി.പി.സത്യൻ, ഐ.എം.വിജയൻ ,സി.വി പാപ്പച്ചൻ, കെ.ടി.ചാക്കോ, ലിസ്റ്റൺ, ഹബീബ് റഹ്മാൻ, തുടങ്ങിയ വമ്പൻ താരനിര അടങ്ങിയ പൊലീസ് ടീമിൽ നിർണായക സാന്നിധ്യമായിരുന്നു റൈറ്റ് ബാക്ക് ബാബുരാജ്. ഇന്ത്യയിലും വിദേശത്തും നിരവധി ടൂർണമെന്റുകളിൽ കളിച്ചു. കൊല്ലത്ത് നടന്ന സന്തോഷ് ട്രോഫിയിലും കേരളാ പൊലീസ് ചാമ്പ്യൻമാരായ രണ്ട് ഫെഡറേഷൻ കപ്പുകളിലും മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച ബാബുരാജ് , കണ്ണൂരിൽ നടന്ന ശ്രീനാരായണ കപ്പ് ടൂർണമെന്റിൽ കൊൽക്കത്ത മുഹമ്മദൻസ് സ്പോർട്ടിങ്ങിനെതിരെ ഗോൾ നേടിയിരുന്നു. 2008 ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ചിരുന്നു.
അന്നൂരിലെ പരേതനായ നാരായണന്റെയും എം. നാരായണിയുടെയും മകനാണ്.ഭാര്യ: യു.പുഷ്പ.
മക്കൾ: എം.സുജിൻ രാജ്, എം.സുബിൻ രാജ്. മരുമകൾ: പ്രഗതി സുജിൻ രാജ്. സഹോദരങ്ങൾ :എം. അനിൽ കുമാർ (റിട്ട. ഹവിൽദാർ),എം.അനിതകുമാരി, പരേതനായ വേണുഗോപാൽ.സംസ്‍കാരം ഇന്ന് രാവിലെ 10 ന് മൂരിക്കോവ്വൽ സമുദായ ശ്മശാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |