കൊല്ലം: അന്ന് എം.എ.ബേബി എട്ടാം ക്ലാസിലായിരുന്നു. സ്കൂളുകളും കോളേജുകളുമെല്ലാം കെ.എസ്.യു ഭരിച്ചിരുന്ന കാലം. ബേബി പഠിക്കുന്ന പ്രാക്കുളം എൻ.എസ്.എസ് ഹൈസ്കൂളിലെ സ്ഥിതിയും വ്യത്യസ്തമല്ല. കാലം 1967. തൊട്ടടുത്തുള്ള നീരാവിൽ സ്കൂളിലെ വിദ്യാർത്ഥി വി.കെ.വിക്രമനാണ് പ്രാക്കുളം സ്കൂളിലെ കെ.എസ്.എഫിന്റെ ചുമതലക്കാരൻ.
അവിടത്തെ ഒരു ക്ലാസെങ്കിലും പിടിക്കണമെന്ന വാശിയിലായിരുന്നു വിക്രമൻ. കെ.എസ്.എഫിന് സ്ഥാനാർത്ഥിയാകാൻ ആളെ കിട്ടാത്ത കാലം. എന്താണ് പോംവഴി. ഒരു സഖാവ് പറഞ്ഞു- ''സ്കൂളിന് തൊട്ടടുത്തുള്ള അലക്സാണ്ടർ സാറിന്റെ മക്കളിൽ ഒരാൾ അവിടെയുണ്ട്. പേര് ബേബി. കാണാൻ സുന്ദരനാണ്. നന്നായി പ്രസംഗിക്കും. ഡിബേറ്റ് മത്സരത്തിലൊക്കെ സ്ഥിരമായി സമ്മാനം വാങ്ങാറുണ്ട്."
അങ്ങനെ ബേബി എട്ടാം ക്ലാസിലെ കെ.എസ്.എഫ് സ്ഥാനാർത്ഥിയായി. ജയിക്കാനായില്ല. പക്ഷേ, തീപ്പൊരി നേതാവായി. കൊല്ലം എസ്.എൻ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നതോടെ അതിന് ശക്തിയേറി. വി.കെ.വിക്രമൻ തൊഴിലാളി സംഘടനാരംഗത്തേക്ക് തിരിഞ്ഞു.
ബേബി സി.പി.എമ്മിന്റെ അമരത്ത് എത്തിയതിൽ അതീവ സന്തോഷത്തിലാണ് 80 പിന്നിട്ട വിക്രമൻ. ബേബി ജനറൽ സെക്രട്ടറിയാകുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. പ്രാക്കുളത്ത് ബേബി വരുമ്പോഴെല്ലാം വിക്രമന്റെ വീട്ടിലെത്തും. ക്രിസ്മസിന് ഭാര്യ ബെറ്റിക്കൊപ്പം കേക്കുമായാണ് എത്തിയത്. 10 ദിവസം മുമ്പും ആ ഗുരുസന്നിധിയിൽ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |