തിരുവനന്തപുരം: കോൺഗ്രസിന്റെ ചെലവിൽ മാത്രമല്ല, സി.പി.എമ്മിന്റെ സ്വാധീനമേഖലയിലും ബി.ജെ.പി വളരുന്നുണ്ടെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. ബി.ജെ.പിയെ അധികാരത്തിൽ നിന്നിറക്കാൻ കഴിയുന്നിടത്തെല്ലാം കോൺഗ്രസുമായി സഹകരിക്കുമെന്നും കേസരിയിൽ മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെയും നവഫാസിസ്റ്റ് ശക്തികളെയും പരാജയപ്പെടുത്തുന്നതിന് കോൺഗ്രസിന് പ്രധാനമായ പങ്ക് വഹിക്കാനുണ്ട്. അതവർ മനസിലാക്കുന്നുണ്ടോ എന്നറിയില്ല. മനസിലാക്കുന്നുണ്ടെങ്കിൽ നരസിംഹറാവു സർക്കാർമുതൽ തുടർന്നുവന്ന, കുത്തകകളെ പ്രീണിപ്പിക്കുന്ന സാമ്പത്തികനയം തിരുത്താനുള്ള ശ്രമംകൂടി ഉണ്ടാകണം.
നവഫാസിസത്തെ ഇല്ലാതാക്കാൻ സി.പി.എമ്മിന്റെയും ഇടതുപാർട്ടികളുടെയും സ്വാധീനം പതിന്മടങ് വർദ്ധിപ്പിക്കണം. കുറവുകൾ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകണം. ബംഗാളിലും ത്രിപുരയിലും പാർട്ടിയുടെ സ്വാധീനം വീണ്ടെടുക്കും. സി.പി.എം ആരുടെയെല്ലാം താത്പര്യങ്ങൾ സംരക്ഷിക്കുന്നുവോ അത്തരം വിഭാഗത്തിന് അതു മനസിലാക്കിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അത്തരം വിഭാഗങ്ങൾ ജാതീയമായ ചേരിതിരിവുകളിൽ കുടുങ്ങിക്കിടക്കുകയാണ്. കേരളത്തിൽ എല്ലാവിഭാഗം ജനങ്ങളുമായി ദൃഢമായ ബന്ധം സ്ഥാപിക്കാനായതാണ് തുടർഭരണത്തിന് അവസരമൊരുക്കിയത്.
ബി.ജെ.പിക്ക് പിന്നിൽ അണിനിരക്കുന്നത് കുറച്ചിലാണെന്ന തോന്നൽ കേരളത്തിൽ മുൻപ് ഉണ്ടായിരുന്നു. അതില്ലാതായത് തുടർച്ചായി കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നതിന് ശേഷമാണ്. വ്യത്യസ്ത മേഖലയിലെ പ്രമുഖർ പ്രാഞ്ചിയേട്ടന്മാരായി ആദരവുകൾക്ക് വേണ്ടി നിലപാടെടുക്കുന്നു. ആശാസമരം നടത്തുന്ന സംഘടന എന്തുകൊണ്ടാണ് മറ്റുസംഘടനകളുമായി ചേർന്ന് യോജിച്ച സമരത്തിന് ശ്രമിക്കാത്തത്. അവർ കേന്ദ്രസർക്കാരിനെതിരെ സമരം നടത്തുന്നില്ല. കേന്ദ്രമന്ത്രിക്കൊപ്പം പാട്ടുപാടുകയാണ് ചെയ്തത്.
'സി.പി.എമ്മിൽ ആരും ആരുടേയും മുകളിലല്ല'
സി.പി.എമ്മിൽ ആരും ആരുടേയും മുകളിലല്ലെന്നും പാർട്ടിയിലെ വ്യത്യസ്ത ഘടകങ്ങളിലെത്തുമ്പോൾ ഒരാൾ മറ്റൊരാളുടെ മുകളിലായി എന്നർത്ഥമില്ലെന്നും ബേബി പറഞ്ഞു. പിണറായി വിജയൻ പ്രായംകൊണ്ടും അനുഭവസമ്പത്തു കൊണ്ടും ഉന്നതനാണ്. കൊവിഡും പ്രകൃതി ക്ഷോഭങ്ങളും ഉണ്ടായപ്പോൾ അദ്ദേഹം തന്റെ ഭരണമികവിലൂടെ ഓരോ വീട്ടിലെയും കാരണവരായി മാറി. പല ഗവർണർമാരും സംഘപരിവാർ താത്പര്യം സംരക്ഷിക്കുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് സി.എം.ആർ.എൽ കമ്പനി പണം നൽകിയത് കൃത്യമായ സേവനം നൽകിയിട്ടാണ്. അതിന് അവർ നികുതി അടച്ചിട്ടുണ്ട്.
പി.ജയരാജൻ അത്ഭുതം
പി.ജയരാജന് ഒരുപാട് ആരാധകരുണ്ട്.അദ്ദേഹം ജീവിച്ചിരിക്കുന്ന അത്ഭുതമാണ്. ജനങ്ങൾക്ക് അദ്ദേഹത്തോട് ആരാധനയുണ്ട്. ജനങ്ങൾ ചെന്താരകമെന്നോ, കണ്ണേ, കരളേ എന്നൊക്കെ വിളിക്കും. അത് അതിരു കടക്കുന്നുവെന്ന് തോന്നുമ്പോഴാണ് വിമർശനം ഉണ്ടാകുന്നതെന്നും ബേബി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |