തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായുള്ള കെ.പി.സി.സി ഫണ്ട് പിരിവിനെ അട്ടിമറിക്കാൻ ഐ.എൻ.ടി.യു.സി സ്വന്തംനിലയിൽ ഫണ്ട് പിരിവ് തുടങ്ങിയെന്ന ആക്ഷേപവുമായി തിരുവനന്തപുരം ഡി.സി.സി. ഇതോടെ ആശാവർക്കർമാരുടെ സമരത്തെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ്- ഐ.എൻ.ടി.യു.സി പോര് പുതിയ തലത്തിലെത്തി. ആശാസമരത്തിൽ വിരുദ്ധനിലപാടെടുത്ത ഐ.എൻ.ടി.യു.സി കോൺഗ്രസ് നേതാക്കളുടെ കർശന നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പിന്തുണ പ്രഖ്യാപിച്ചത്. അതിന് പിന്നാലെയാണ് ഫണ്ട് പിരിവ് വിവാദം.
ഒരോ വാർഡിൽ നിന്നും കുറഞ്ഞത് 50,000 രൂപവീതം പിരിച്ച് മണ്ഡലം പ്രസിഡന്റ്, വാർഡ് പ്രസിഡന്റ് എന്നിവരുടെ ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്കു വേണ്ടി ഉപയോഗിക്കണമെന്നും കീഴ്ഘടകങ്ങൾക്ക് കെ.പി.സി.സി സർക്കുലർ നൽകിയിരുന്നു. അതിനിടെയാണ് സ്വന്തം പ്രവർത്തനങ്ങൾക്കായി ഐ.എൻ.ടി.യു.സി ഫണ്ട് പിരിവ് തുടങ്ങിയത്.
ഓരോ ജില്ലാ കമ്മിറ്റിയും കീഴ് ഘടകങ്ങൾ വഴി കുറഞ്ഞത് 15 ലക്ഷംരൂപ പിരിച്ച് സംസ്ഥാന കമ്മിറ്റിയെ ഏല്പിക്കണമെന്നാണ് ഐ.എൻ.ടി.യു.സി നിർദ്ദേശം. സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരന്റെ നിർദ്ദേശപ്രകാരം ജില്ലാകമ്മിറ്റികൾ കൂപ്പൺ അടിച്ച് പിരിവും തുടങ്ങി. ഐ.എൻ.ടി.യു.സിയുടെ പിരിവ് കോൺഗ്രസ് ഫണ്ട് പിരിവിനെ കാര്യമായി ബാധിക്കുമെന്നാണ് ആക്ഷേപം.
'കോൺ. സ്ഥാനാർത്ഥികൾ
തോൽക്കാൻ ഇടയാകും'
ഐ.എൻ.ടി.യു.സിയുടെഫണ്ട് പിരിവിനെതിരെ തിരുവനന്തപുരം ഡി.സി.സി കോർ കമ്മിറ്റി യോഗത്തിൽ രൂക്ഷവിമർശനമാണ് ഉയർന്നത്.മതിയായ ഫണ്ടില്ലാതെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തടസപ്പെട്ടാൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ തോൽവിക്ക് അതിടയാക്കുമെന്ന വിമർശനവുമുണ്ടായി. തുടർന്ന് ഐ.എൻ.ടി യു.സിയുടെ പിരിവ് നിറുത്തിവയ്പ്പിക്കണമെന്ന് കെ.പി.സി സി പ്രസിഡന്റിനോട് ആവശ്യപ്പെടാൻ ഡി.സി.സി പ്രസിഡന്റ് പാലോട് രവിയേയും ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാറിനേയും യോഗം ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |