ന്യൂഡൽഹി: അടിത്തറ ശക്തിപ്പെടുത്തി സംസ്ഥാനങ്ങളിൽ മികച്ച നേതൃനിരയെ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് 84-ാം എ.ഐ.സി.സി സമ്മേളനം ഇന്ന് അഹമ്മദാബാദിൽ തുടങ്ങും. ദ്വിദിന സമ്മേളനമാണ്.
വിശാല പ്രവർത്തക സമിതി യോഗമാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. നാളെ സബർമതി നദിക്കരയിലെ വേദിയിൽ എ.ഐ.സി.സി സെഷൻ നടക്കും.
1885ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ ശേഷം ഗുജറാത്തിൽ നടക്കുന്ന ആറാമത് എ.ഐ.സി.സി സമ്മേളനമാണിത്. അഹമ്മദാബാദിൽ മൂന്നാമതും. 64 വർഷത്തിനു ശേഷം ഗുജറാത്ത് വേദിയാക്കിയതും സമ്മേളനത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. മഹാത്മാ ഗാന്ധിയുടെയും സർദാർ വല്ലഭ് ഭായ് പട്ടേലിന്റെയും മണ്ണിൽ നടക്കുന്ന സമ്മേളനത്തിൽ പാർട്ടിയുടെ മഹത്തായ പാരമ്പര്യം തിരിച്ചുപിടിക്കുകയെന്നത് ലക്ഷ്യം. പ്രവർത്തക സമിതി യോഗം ഷാഹിബാഗിലെ സർദാർ പട്ടേൽ ദേശീയ സ്‌മാരകത്തിലാണ്. ഗുജറാത്തിൽ മൂന്നു ദശകമായി കോൺഗ്രസ് പ്രതിപക്ഷത്താണ്.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പാർലമെന്ററി പാർട്ടി നേതാവ് സോണിയാ ഗാന്ധി, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, സംസ്ഥാന അദ്ധ്യക്ഷന്മാർ, പ്രവർത്തക സമിതി അംഗങ്ങൾ തുടങ്ങി 262 നേതാക്കൾ പങ്കെടുക്കും. ബുധനാഴ്ചത്തെ എ.ഐ.സി.സി സെഷനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 3000ൽപ്പരം പ്രതിനിധികളെത്തും.
ന്യായ്‌പഥ് : സങ്കൽപ്, സമർപ്പൺ, സംഘർഷ് എന്നതാണ് ഇത്തവണത്തെ തീം. ബി.ജെ.പിക്കെതിരെയും മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെയും നിലപാട് സ്വീകരിക്കും. 'രാജ്യത്തിന് വേണ്ടി കോൺഗ്രസിന് എന്തു ചെയ്യാൻ കഴിയും, പാർട്ടി കേഡർമാർക്ക് കോൺഗ്രസിനായി എന്തുചെയ്യാൻ കഴിയും' എന്നതാണ് പ്രവർത്തക സമിതി ചർച്ച ചെയ്യുക.
എല്ലാ വിഭാഗങ്ങൾക്കും
പ്രാതിനിദ്ധ്യം ഉറപ്പാക്കും
ഡി.സി.സി അദ്ധ്യക്ഷ പദത്തിൽ ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിദ്ധ്യം ഉറപ്പാക്കാൻ സംഘടനാ തലത്തിൽ അടിമുടി മാറ്രത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. പാർട്ടി ഭരണഘടനയിൽ ഭേദഗതി വന്നേക്കും. യുവജനങ്ങൾക്കും വനിതകൾക്കും പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങൾക്കും പ്രാതിനിദ്ധ്യം ഉറപ്പാക്കും. ഡി.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് എല്ലാ ജില്ലകളിലും അഞ്ചംഗ സമിതി രൂപീകരിക്കണമെന്ന് നേതൃത്വത്തിന് മുന്നിൽ നിർദ്ദേശമുണ്ട്. ഡി.സി.സികളിലെ മാറ്റങ്ങളിൽ പ്രമേയം പാസാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |