ലിറ്ററിന് 10 രൂപ കുറയാനുള്ള അവസരം അടഞ്ഞു
ഗാർഹിക പാചകവാതകത്തിന് 50 രൂപ കൂട്ടി
കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞതിനെത്തുടർന്ന് ഇന്ധനവില പത്തുരൂപയോളം കുറയ്ക്കാൻ സാഹചര്യം ഒരുങ്ങിയപ്പോൾ, എക്സൈസ് തീരുവ വർദ്ധിപ്പിച്ച് കേന്ദ്രം അതിന് തടയിട്ടു. ഡീസലിനുള്ള തീരുവ ലിറ്ററിന് എട്ടു രൂപയിൽ നിന്ന് പത്താക്കിയപ്പോൾ, പെട്രോളിന് പതിനൊന്നിൽ നിന്ന് പതിമൂന്നാക്കി. സർക്കാരിന് വരുമാന നഷ്ടം ഉണ്ടാകാതിരിക്കാനും സാമ്പത്തിക ഞെരുക്കം ഒഴിവാക്കാനുമാണ് തീരുവ കൂട്ടിയത്. തീരുവ വർദ്ധനയുടെ ബാദ്ധ്യത പൊതുമേഖലാ എണ്ണക്കമ്പനികൾ ഏറ്റെടുക്കുന്നതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്പന വില കൂടില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിച്ച് ഗാർഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന് വിലകൂട്ടി. 14.2 കിലോ സിലിണ്ടറിന്റെ വില ഇന്നു മുതൽ 50 രൂപ വർദ്ധിക്കുമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. ജനറൽ വിഭാഗത്തിലെ സിലിണ്ടറിന്റെ വില 853 രൂപയായും സബ്സിഡിയുള്ള പ്രധാനമന്ത്രി ഉജ്ജ്വല യോജനയിലെ സിലിണ്ടർ വില 553 രൂപയായും വർദ്ധിക്കും. രണ്ടാഴ്ച കൂടുമ്പോൾ എൽ.പി.ജി വിലയിൽ മാറ്റമുണ്ടാകുമെന്നും പുരി വ്യക്തമാക്കി.
ഉത്പാദന ചെലവ് കുറഞ്ഞു
ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധ ഭീഷണിക്കിടെ രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ഇടിഞ്ഞതിനാൽ പെട്രോൾ, ഡീസൽ ഉത്പാദന ചെലവ് ഗണ്യമായി കുറഞ്ഞു.കഴിഞ്ഞ വർഷം മാർച്ച് 14ന് ശേഷം ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറച്ചിട്ടില്ല.
64 ഡോളർ:
ബ്രെൻറ് ക്രൂഡിന്
നിലവിലെ വില
10 ഡോളർ:
ക്രൂഡ് വില
ബാരലിന്
കുറഞ്ഞത്
തകർന്ന് ഓഹരി വിപണി
ആസ്തി നഷ്ടം16 ലക്ഷം കോടി
ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധ ആശങ്ക ശക്തമായതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ തകർന്നടിഞ്ഞു. ഏഷ്യയിലെയും യൂറോപ്പിലെയും വിപണികളുടെ ചുവടുപിടിച്ച് സെൻസെക്സ് 2,226 പോയിന്റും നിഫ്‌റ്റി 743 പോയിന്റും മൂക്കുകുത്തി. ഒരവസരത്തിൽ സെൻസെക്സ് 4,000 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. ഇന്നലെ മാത്രം നിക്ഷേപകരുടെ ആസ്തിയിൽ 16 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി.
തീരുവ ചുമത്തൽ
മുൻകരുതൽ
# ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധം ലോകത്തെ മുൾമുനയിലാക്കുന്നു
# പകരച്ചുങ്കവും തിരിച്ചടി തീരുവയും വിലക്കയറ്റം രൂക്ഷമാക്കും
# അമേരിക്കയും യൂറോപ്പും കടുത്ത മാന്ദ്യത്തിലേക്ക്
# ഡോളറിനെതിരെ രൂപയുടെ ചാഞ്ചാട്ടം നഷ്‌ടസാദ്ധ്യത കൂട്ടുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |