സാൻ ഫ്രാൻസിസ്‌കോ: ഇന്ത്യൻ ടെക് സംരംഭകനും റിപ്ലിംഗ് സഹസ്ഥാപകനുമായ പ്രസന്ന ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ദിവ്യ ശശിധർ. ബലാത്സംഗം, ലൈംഗിക പീഡനം, ശാരീരിക പീഡനം, സാമ്പത്തിക തട്ടിപ്പ്, നികുതി തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളാണ് ശങ്കറിനെതിരെ ദിവ്യ ആരോപിച്ചത്. ദിവ്യ അപമാനിച്ചെന്നും മകനെ തട്ടിക്കൊണ്ടുപോയെന്നും ശങ്കർ അടുത്തിടെ പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
എച്ച്ആർ-ടെക് സ്ഥാപനമായ റിപ്ലിംഗിന്റെ സഹസ്ഥാപകനായ ശങ്കറിന് 1.3 ബില്യൺ ഡോളർ ആസ്തിയുണ്ട്. ചെന്നൈ പൊലീസ് പിടികൂടാതിരിക്കാൻ താനിപ്പോൾ ഒളിവിലാണെന്ന് ശങ്കർ മുൻപ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. മകനെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് ദിവ്യ നൽകിയ പരാതിയെത്തുടർന്ന്, എഫ്‌ഐആർ ഇല്ലാതെ തന്നെ അധികാരികൾ തന്റെ ഫോൺ, വാഹനം, ഐപി വിലാസം എന്നിവ ട്രാക്ക് ചെയ്യുന്നുണ്ടെന്നും ശങ്കർ ആരോപിച്ചിരുന്നു. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും കസ്റ്റഡി കരാർ ലംഘിച്ചെന്നും സമൂഹമാദ്ധ്യമ കുറിപ്പിൽ പറഞ്ഞു. ഇതിനുപിന്നാലെയാണ് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദിവ്യ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
2016ൽ പ്രസവശേഷം സുഖം പ്രാപിച്ചുവരുന്ന സമയത്തുൾപ്പെടെ, ശങ്കർ ലൈംഗിക ബന്ധത്തിന് പലതവണ നിർബന്ധിച്ചുവെന്ന് ദിവ്യ ആരോപിച്ചു. ഓപ്പൺ മാര്യേജിന് നിർബന്ധിച്ചു. ലൈംഗിക തൊഴിലാളികളെ ബന്ധപ്പെട്ടതായി ശങ്കർ സമ്മതിച്ചിട്ടുണ്ട്. സിംഗപ്പൂരിലെ വീട്ടിൽ, മകന്റെ കുളിമുറിയിൽ ഉൾപ്പെടെ, തന്റെ അറിവില്ലാതെ ശങ്കർ ഒളിക്യാമറകൾ സ്ഥാപിച്ചു. പല തവണ മർദ്ദിച്ചു. ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കി.
ആദായനികുതിയും അടയ്ക്കാതിരിക്കാൻ താമസം കാലിഫോർണിയയിൽ നിന്ന് വാഷിംഗ്ടണിലേക്കും പിന്നീട് സിംഗപ്പൂരിലേയ്ക്കും മാറ്റി. എക്‌സിറ്റ് ടാക്സ് അടയ്ക്കുന്നത് ഒഴിവാക്കാൻ യുഎസ് വിസ സ്റ്റാറ്റസ് മാറ്റി. സുഹൃത്തുക്കളോടൊപ്പം ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചതായും ഇതിന് വിസമ്മതിച്ചതാണ് വിവാഹജീവിതം തകരാൻ കാരണമായതെന്നും ദിവ്യ അഭിമുഖത്തിൽ വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |