തൃശൂർ: നാട്ടിക ദീപക് വധക്കേസിൽ അഞ്ച് ആർ എസ് എസ് പ്രവർത്തകർക്ക് ജീവപര്യന്തം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. കേസിലെ പ്രതികളെ നേരത്തെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു.
ഒന്ന് മുതൽ അഞ്ചുവരെ പ്രതികളായ പെരിങ്ങോട്ടുകര മരോട്ടിക്കൽ എം എസ് ഋഷികേശ്, പടിയംകൂട്ടാല വീട്ടിൽ കെ യു നിജിൽ (കുഞ്ഞാപ്പു), തെക്കേക്കര കൊച്ചാത്ത് കെ പി പ്രശാന്ത് (കൊച്ചു), പൂക്കോട് പ്ലാക്കിൽ രശാന്ത്, താന്ന്യം വാലപറമ്പിൽ വി പി ബ്രഷ്‌നേവ് എന്നിവരെയായിരുന്നു വെറുതെവിട്ടത്.
മുഖംമൂടി ആക്രമണമായിരുന്നതിനാൽ യഥാർത്ഥ പ്രതികൾ ആരെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയായിരുന്നു വിചാരണക്കോടതി പ്രതികളെ വെറുതേവിട്ടത്. വിധിക്കെതിരെ സർക്കാരും ദീപക്കിന്റെ കുടുംബവും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തെളിവുകൾ വിചാരണക്കോടതി ശരിയായി പരിശോധിച്ചില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിലയിരുത്തി. അക്രമത്തിന് പ്രേരിപ്പിച്ചു, തെളിവ് നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിരുന്ന ആറ് മുതൽ 10 വരെ പ്രതികളെ കുറ്റവിമുക്തരാക്കിയത് ഡിവിഷൻബെഞ്ച് ശരിവച്ചിരുന്നു.
2015 മാർച്ച് 25 ന് രാത്രി തൃശൂർ പഴുവിൽ വച്ചാണ് ദീപക് കൊല്ലപ്പെട്ടത്. ജനതാദൾ (യു) നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു. നാട്ടിൽ റേഷൻ കടയും ഉണ്ടായിരുന്നു. കടയടയ്‌ക്കാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിലെത്തിയ പ്രതികൾ കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. ബി ജെ പിയിലായിരുന്ന ദീപക് ജനതാദളിൽ ചേർന്നതിലെ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |