കോഴിക്കോട്: താമരശേരിയിൽ സഹപാഠികളുടെ ക്രൂരമർദ്ദനത്തിൽ പത്താംക്ലാസുകാരൻ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടെ ജാമ്യഹർജിയിൽ വിധി പറയുന്നത് മാറ്റിവച്ചു. ഏപ്രിൽ പതിനൊന്നിനാണ് വിധി പറയുക. കഴിഞ്ഞ വ്യാഴാഴ്ച പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയതെങ്കിലും വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതാണ് വീണ്ടും മാറ്റിയത്. ജുവനൈൽ ഹോമിൽ കഴിയുന്ന ആറ് പേരുടെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ളത്.
പ്രതികൾക്ക് ജാമ്യം നൽകരുതെന്നും പ്രായപൂർത്തിയാകാത്ത കാര്യം കേസിൽ പരിഗണിക്കരുതെന്നും പ്രോസിക്യൂഷനും ഷഹബാസിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന ആവശ്യവുമായി ഷഹബാസിന്റെ പിതാവും നേരത്തെ രംഗത്തെത്തിയിരുന്നു. മകനെ കൊലപ്പെടുത്തിയതിൽ മുതിർന്നവരുടെ പങ്കുകൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം ദിവസങ്ങൾക്ക് മുൻപാണ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. മുഖ്യമന്ത്രിയിൽ നിന്ന് ശുഭ പ്രതീക്ഷയാണ് ലഭിച്ചതെന്ന് ഷഹബാസിന്റെ കുടുംബം അന്ന് പ്രതികരിച്ചിരുന്നു.
എളേറ്റിൽ വട്ടോളി എം.ജെ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു ഷഹബാസ്. ട്യൂഷൻ സെന്ററിലുണ്ടായ സംഘർഷത്തെ തുടർന്ന് ഫെബ്രുവരി 27ന് വൈകിട്ടാണ് ഷഹബാസിനെ താമരശേരി സ്‌കൂളിലെ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ചത്. രാത്രിയോടെ ഛർദ്ദിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതിനെ തുടർന്ന് കുട്ടിയെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.പ്രതികളായ വിദ്യാർത്ഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
വിദ്യാർത്ഥി കൊല്ലപ്പെട്ടതിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ട്യൂഷൻ സെന്ററിലെ സംഘർഷത്തിനുശേഷം പ്രതികളായ വിദ്യാർത്ഥികൾ സമൂഹമാദ്ധ്യമങ്ങളിൽ ഗ്രൂപ്പുകളുണ്ടാക്കി പ്രതികാര നടപടികൾക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കരാട്ടെയിൽ ഉപയോഗിക്കുന്ന നഞ്ചക്ക് കൊണ്ടുള്ള ആക്രമണത്തിലാണ് ഷഹബാസിന് പരിക്കേറ്റത്. നഞ്ചക്ക് ലഭിക്കാൻ മുതിർന്നവരുടെ സഹായം ലഭിച്ചോയെന്നതും പൊലീസ് പരിശോധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |