സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ മൂന്നു മാസത്തിനകം ഗവർണർമാർ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതിയുടെ ചരിത്രവിധി തമിഴ്‌നാടിനു മാത്രമല്ല, രാജ്യത്തെ എല്ലാ സംസ്ഥാന സർക്കാരുകൾക്കും അവകാശപ്പെട്ടതാണ്. ഭരണഘടനയിൽ വ്യക്തതയില്ലാത്ത കാര്യങ്ങളിൽ പൊതുവായ ജനഹിതത്തിന് പ്രാധാന്യം നൽകിയാണ് ഭരണകർത്താക്കൾ തീരുമാനമെടുക്കേണ്ടത്. അതല്ലാതെ ജനാധിപത്യത്തെ അട്ടിമറിക്കുന്ന രീതിയിൽ ഭരണഘടനയിലെ ആ വ്യക്തതക്കുറവിനെ ദുരുപയോഗം ചെയ്യുകയല്ല വേണ്ടത്. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാർ എത്രയും വേഗം നടപടിയെടുക്കണമെന്നല്ലാതെ കൃത്യമായ സമയപരിധി ഭരണഘടനയിലില്ല. ഭാവിയിൽ കേന്ദ്രം ഭരിക്കുന്നതും സംസ്ഥാനങ്ങൾ ഭരിക്കുന്നതും വ്യത്യസ്ത കക്ഷികളായിരിക്കുമെന്നും, അങ്ങനെ വരുമ്പോൾ ഗവർണറും സംസ്ഥാനം ഭരിക്കുന്നവരുമായി ബലംപിടിത്തമുണ്ടായാൽ ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയക്രമം നിശ്ചയിക്കാത്തത് തന്നിഷ്ടംപോലെ ഉപയോഗിക്കാൻ ഗവർണർമാർക്ക് അവസരമൊരുക്കുമെന്നും ഭരണഘടനാ കർത്താക്കൾ മുൻകൂട്ടി കണ്ടില്ല.
ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഒരു ആയുധമാക്കി ഇത് മാറ്റുമെന്ന് അവർ ധരിച്ചുകാണില്ല. ഗവർണർമാരായി വരുന്നവർ ജനഹിതവും ജനാധിപത്യത്തിന്റെ ഉന്നത മൂല്യങ്ങൾക്കുമായിരിക്കും എന്നും മുൻഗണന നൽകുക എന്ന ധാരണയിലാവും ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള സമയക്രമം നിശ്ചയിക്കാതിരുന്നത്. എന്നാൽ, ഈ വ്യക്തതക്കുറവ് എല്ലാവരുമല്ലെങ്കിലും ചില ഗവർണർമാർ സംസ്ഥാന സർക്കാരിനെ വരച്ച വരയിൽ നിറുത്താനുള്ള ഒരു അവസരമായി വിനിയോഗിച്ചിട്ടുണ്ട്. ഇതിനാണ് സുപ്രധാനമായ വിധിയിലൂടെ സുപ്രീംകോടതി അന്ത്യം കുറിച്ചിരിക്കുന്നത്. ഇനിമുതൽ നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർക്ക് മൂന്നുമാസത്തിൽ കൂടുതൽ രാജ്‌ഭവനിൽ വച്ചുകൊണ്ടിരിക്കാൻ പറ്റില്ല. പത്തു ബില്ലുകൾ തടഞ്ഞുവച്ച തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടി നിയമവിരുദ്ധമായി പ്രഖ്യാപിച്ചാണ് സുപ്രീംകോടതിയുടെ ഈ വിധി. സമയക്രമം പാലിക്കാത്ത ഗവർണർമാരുടെ നടപടി കോടതിയുടെ പരിശോധനയ്ക്ക് വിധേയമായിരിക്കുമെന്ന അസാധാരണമായ മുന്നറിയിപ്പും സുപ്രീംകോടതി നൽകിയിട്ടുണ്ട്.
തമിഴ്‌നാട് ഗവർണർ തടഞ്ഞുവച്ചിരിക്കുന്ന ബില്ലുകൾക്ക് അനുമതി ലഭിച്ചതായി കണക്കാക്കുമെന്നും അതിന്മേൽ രാഷ്ട്രപതി സ്വീകരിച്ചേക്കാവുന്ന നടപടികൾക്കും നിയമസാധുത ഉണ്ടാവില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. 2020 ജനുവരി മുതലുള്ള പത്തു ബില്ലുകളിൽ തീരുമാനം വൈകിച്ച തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്. ഈ വിധി തങ്ങളുടെ കേസിനും ബാധകമാണെന്നും അതിനാൽ തമിഴ്‌നാട് കേസിൽ വിധി പറഞ്ഞ ബെഞ്ചിലേക്ക് തങ്ങളുടെ ഹർജിയും മാറ്റണമെന്നും കേരളത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ചീഫ് ജസ്റ്റിസിനു മുമ്പാകെ അഭ്യർത്ഥിച്ചിട്ടുണ്ട്. ഏഴു ബില്ലുകളിൽ നാലെണ്ണത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടിയാണ് കേരളത്തിന്റെ ഹർജിയിൽ ചോദ്യം ചെയ്യുന്നത്.
നിയമസഭ പാസാക്കുന്ന ബില്ലിനോട് യോജിപ്പില്ലെങ്കിൽ അത് തിരിച്ചയയ്ക്കാൻ ഗവർണർക്ക് അധികാരമുണ്ട്. തിരിച്ചയച്ച ബിൽ മാറ്റമില്ലാതെ വീണ്ടും പാസായി വന്നാൽ ഗവർണർ അനുമതി നൽകണമെന്നാണ് നിയമം. ഇതും ഒരു മാസത്തിനകം വേണമെന്ന് സുപ്രീംകോടതി വിധിയിൽ പറഞ്ഞിട്ടുണ്ട്. ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള 'ഈഗോ ക്ളാഷി"ന്റെയും മറ്റും പേരിൽ അടുത്തിടെ അടിക്കടിയുണ്ടാകുന്ന ഒരു ഭരണഘടനാ പ്രശ്നത്തിനാണ് സുപ്രീംകോടതിയിൽ നിന്ന് അന്തിമ തീർപ്പ് ഉണ്ടായിരിക്കുന്നത്. പരമാധികാരം ജനങ്ങൾക്കാണെന്നുള്ള തത്വം മുറുകെപ്പിടിച്ചാണ് സുപ്രീംകോടതി ഈ വിധി പ്രസ്താവിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിധികളിൽ ഒന്നായി ഇത് ഭാവിയിൽ വിലയിരുത്തപ്പെടുമെന്ന് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |