ആലപ്പുഴ: ആലപ്പുഴയിലെ ഹോംസ്റ്റേയിൽ നിന്ന് രണ്ട് കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടിയ കേസിൽ മുഖ്യപ്രതി സുൽത്താൻ അക്ബർ അലിയാണെന്ന് എക്‌സൈസ്. കേസിൽ സിനിമാമേഖലയുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യാൻ നോട്ടീസ് അയക്കുമെന്നും എക്‌സൈസ് വ്യക്തമാക്കി. ഇന്നലെയാണ് സുൽത്താൻ അക്ബർ അലിയെ തമിഴ്നാട് -ആന്ധ്ര അതിർത്തിയിൽ വച്ച് അന്വേഷണ സംഘം പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എക്സൈസ് കൂട്ടിച്ചേർത്തു.
'സിനിമാമേഖലയിലുളളവരിലേക്ക് അന്വേഷണം ഉണ്ടാകും. മറ്റ് രാജ്യങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നാണ് പ്രാഥമിക വിവരം. കേസിലെ മുഖ്യപ്രതി സുൽത്താൻ അക്ബർ അലിയാണ്. ഇയാളുടെ ഭാര്യ തസ്ലീമ സുൽത്താനയ്ക്ക് സിനിമയിൽ സുഹൃത്തുക്കളുണ്ട്. കഞ്ചാവ് ചെന്നൈയിലെത്തിച്ചാണ് ഇവർ കേരളത്തിലേക്ക് വിതരണം ചെയ്തിരിക്കുന്നത്. കേസിൽ അറസ്റ്റിലായ മൂന്ന് പേരെയും ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കുടുംബത്തോടൊപ്പം യാത്ര ചെയ്താണ് പ്രതികൾ കഞ്ചാവ് വിതരണം ചെയ്യുന്നത്. അപ്പോൾ പരിശോധനകൾ ഒഴിവാകും. പ്രതികൾ പറഞ്ഞ താരങ്ങൾക്ക് നോട്ടീസ് അയച്ച് ചോദ്യം ചെയ്യലിനായി വിളിപ്പിക്കും. അവർക്ക് കേസുമായി ബന്ധമുണ്ടെങ്കിൽ പ്രതി ചേർക്കും'- അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
എക്സൈസ് കസ്റ്റഡിയിലായ തസ്ളീമയുടെ ഫോണിലെ വാട്ട്സാപ്പ് ചാറ്റുകൾ ഉൾപ്പെടെ സൈബർ പൊലീസ് പരിശോധിച്ചിരുന്നു. മൂന്നു ദിവസം മുമ്പ് ചെന്നൈയിൽ നിന്ന് സുൽത്താൻ അയച്ച പാഴ്സലിന്റെ ഫോട്ടോകൾ ലഭിച്ചതാണ് ഇയാളിലേക്ക് അന്വേഷണം നീളാൻ ഇടയാക്കിയത്. കേസിൽ കസ്റ്റഡിയിലെടുത്ത കാർ വാടകയ്ക്കെടുത്താണ് തസ്ളീമയുടെ സഹോദരിയുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചായതിനാൽ കഴിഞ്ഞ ദിവസം ഇവരെ എക്സൈസ് മൊഴിയെടുക്കാൻ വിളിപ്പിച്ചിരുന്നു. ഇവരുടെ ഫോണിൽ നിന്ന് തസ്ളീമയുടെ മക്കളുടെ ഫോൺ നമ്പർ മനസിലാക്കിയ അന്വേഷണ സംഘം അതിന്റെ ലൊക്കേഷൻ തിരിച്ചറിഞ്ഞാണ് സുൽത്താനെ കുടുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |