തൊടുപുഴ: കെ.എസ്.ഇ.ബിയുടെ ഡാമുകൾ ബഫർസോണാക്കാനുള്ള നീക്കം വിവാദത്തിൽ. ഡാമുകൾക്ക് ചുറ്റും നിർമ്മാണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയുള്ള ജലവിഭവ വകുപ്പിന്റെ വിവാദ ഉത്തരവിന്റെ ചുവടുപിടിച്ചാണ് കെ.എസ്.ഇ.ബിയുടെ നീക്കം. എന്നാൽ വിവാദ ഉത്തരവ് ജലവിഭവ വകുപ്പ് പിൻവലിച്ചിരുന്നു. എന്നാലിത് കെ.എസ്.ഇ.ബി ഡാമുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മാർച്ച് 25നാണ് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ വ്യക്തമാക്കിയത്. അൻവർ സാദത്ത് എം.എൽ.എയുടെ ചോദ്യത്തിനായിരുന്നു മറുപടി. ജലവിഭവ വകുപ്പിന്റെ വിവാദ ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞ ദിവസമായിരുന്നു നടപടി.
എന്നാൽ ജലവിഭവ വകുപ്പ് ഉത്തരവ് പിൻവലിച്ച സാഹചര്യത്തിൽ തുടർനടപടികളുമായി തങ്ങൾ മുന്നോട്ട് പോകുന്നില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. ഡാമുകൾ രണ്ടായി തിരിച്ച് നിർമ്മാണ നിയന്ത്രണം ഏർപ്പെടുത്തുന്നതായിരുന്നു ജലവിഭവ വകുപ്പിന്റെ ഉത്തരവ്. ഇതനുസരിച്ച് പരമാവധി ജലനിരപ്പ് മുതൽ 120 മീറ്റർ ദൂരത്തിൽ നിർമ്മാണം നിയന്ത്രിക്കും. 20 മീറ്ററിൽ ഒരു നിർമ്മാണവും പാടില്ല. തുടർന്നുള്ള 100 മീറ്ററിൽ നിർമ്മാണത്തിന് നിരാക്ഷേപ പത്രം (എൻ.ഒ.സി) വേണം. പരമാവധി മൂന്ന് നിലകളിലുള്ള നിർമ്മാണത്തിനെ അനുമതിയുണ്ടാകൂ.
കെ.എസ്.ഇ.ബിക്ക് 61 ഡാം
പരമാവധി ജലനിരപ്പ് വരെയുള്ള ഡാമിന്റെ സ്ഥലം കെ.എസ്.ഇ.ബി ജണ്ടകെട്ടി തിരിച്ചിട്ടുണ്ട്. ഇതിന് പുറത്തുള്ള സ്ഥലം പട്ടയ, പട്ടയേതര ഭൂമിയാണ്. ഇവിടെ പതിനായിരക്കണക്കിന് കുടുംബങ്ങൾ, ആരാധനാലയങ്ങൾ, സ്‌കൂളുകൾ, സർക്കാർ ഓഫീസുകൾ, ടൗണുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുണ്ട്. ഇതെല്ലാം ബഫർ സോണിലാകും. സംസ്ഥാനത്ത് കെ.എസ്.ഇ.ബിക്കുള്ള 61 ഡാമുകളിൽ 24 എണ്ണവും ഇടുക്കിയിലാണ്.
ബാണാസുരസാഗർ ഡാമിന് സമീപം നിർമ്മാണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേസ് പരിഗണിച്ചപ്പോൾ സർക്കാരിന് കൃത്യമായ നയമില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. തുടർന്ന് ഡാമുകൾക്ക് ചുറ്റുമുള്ള നിർമ്മാണത്തിന് എൻ.ഒ.സി നൽകുന്നതിനെക്കുറിച്ച് നിർദ്ദേശം സമർപ്പിക്കാൻ 2023ൽ ജലവിഭവ വകുപ്പ് എട്ടംഗസമിതിയെ നിയമിച്ചു. ഇവരുടെ റിപ്പോർട്ട് പ്രകാരമാണ് ബഫർസോൺ നടപ്പിലാക്കിയത്.
'ജനങ്ങളുടെ ആശങ്ക മനസിലാക്കി ജലവിഭവവകുപ്പ് പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഈ മാസം മൂന്നിന് ഉത്തരവിറക്കിയിരുന്നു. ഡാമിന്ചുറ്റുമുള്ള സ്വകാര്യ ഭൂമിയിൽ നിർമ്മാണ നിയന്ത്രണമില്ല."
-മന്ത്രി റോഷി അഗസ്റ്റിൻ
'നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയത് വൈദ്യുതി മന്ത്രിയാണ്. ബഫർ സോൺ നടപ്പിലാക്കുന്ന കാര്യം വ്യക്തമാക്കേണ്ടത് വൈദ്യുതി മന്ത്രിയാണ്".
-ബിജോ മാണി, ഡി.സി.സി ജനറൽ സെക്രട്ടറി
കെ.എസ്.ഇ.ബി ഡാമുകൾ
ഇടുക്കി-24
എറണാകുളം-1
പത്തനംതിട്ട-13
വയനാട്-8
കോഴിക്കോട്-9
മലപ്പുറം-1
തൃശൂർ-4
തിരുവനന്തപുരം-1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |