ഗുരുവായൂർ: ഗവർണർ രാജേന്ദ്ര ആർലേക്കർ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ രാവിലെ ഏഴോടെയാണ് ഗവർണർ, ഭാര്യ അനഘയ്‌ക്കൊപ്പം ദർശനത്തിനെത്തിയത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർമാരായ പ്രമോദ് കളരിക്കൽ, എം.രാധ എന്നിവർ ചേർന്ന് ഗവർണറെ സ്വീകരിച്ചു. ചെയർമാൻ ഗവർണറെ പൊന്നാടയണിയിച്ചു. കൊടിമരച്ചുവട്ടിൽ നിന്ന് ഗുരുവായൂരപ്പനെ തൊഴുത ശേഷം നാലമ്പലത്തിലെത്തി തൊഴുത് പ്രാർത്ഥിച്ച് കാണിക്കയുമർപ്പിച്ചു. ദർശന ശേഷം ചുറ്റമ്പലത്തിലെത്തി പ്രദക്ഷിണം വെച്ചു തൊഴുതു.
ഗുരുവായൂരപ്പന്റെ പ്രസാദം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഗവർണർക്കും പത്‌നിക്കും നൽകി. തുടർന്ന് ശ്രീവത്സത്തിലെത്തി അൽപ്പനേരം വിശ്രമിച്ച ശേഷമാണ് ഗവർണർ മടങ്ങിയത്. ദേവസ്വത്തിന്റെ ഉപഹാരമായി ഭഗവാൻ ശ്രീകൃഷ്ണനും രുക്മിണി ദേവീയുമൊത്തുള്ള ചുമർച്ചിത്രവും നിലവിളക്കും ചെയർമാൻ ഡോ.വി.കെ.വിജയൻ സമ്മാനിച്ചു. വരവേൽപ്പിന് നന്ദി പറഞ്ഞ ഗവർണർ ദേവസ്വം ചെയർമാനെയും മറ്റും രാജ്ഭവനിലേക്ക് പ്രത്യേകം ക്ഷണിച്ചു.
മമ്മിയൂർ ക്ഷേത്രത്തിലും ഗവർണർ ദർശനം നടത്തി. ക്ഷേത്രഗോപുരത്തിൽ ഗവർണറെ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ, എക്‌സിക്യൂട്ടീവ് ഓഫീസർ എൻ.ഷാജി, ആർ.ജയകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ക്ഷേത്രം മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരി പ്രസാദം നൽകി. ഭഗവൽ ദർശനത്തിനു ശേഷം നിവേദ്യങ്ങൾ അടങ്ങിയ പ്രസാദ കിറ്റും, മഹാദേവന്റെ ഫോട്ടോയും ചെയർമാൻ ജി.കെ.പ്രകാശൻ ഗവർണർക്ക് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |