ചെന്നൈ: മെട്രോ നഗരമായ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം പരന്തൂരിൽ നിർമ്മിക്കാൻ കേന്ദ്ര വ്യോമ മന്ത്രാലയം തത്വത്തിൽ അനുമതി നൽകി. പ്രദേശത്ത് വിമാനത്താവളത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുമ്പോഴാണിത്. പുതിയ വിമാനത്താവളത്തിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചു. 27,400 കോടി രൂപയാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ചെന്നൈ- ബംഗളൂരു പാതയിൽ ശ്രീപെരുംപുത്തൂരിനും കാഞ്ചീപുരത്തിനും ഇടയിലായാണ് പരന്തൂർ. 2024ൽ സ്ഥല അനുമതി (സൈറ്റ് ക്ലിയറൻസ്) ലഭിച്ച പദ്ധതിക്ക് അന്തിമാനുമതിക്കായി തമിഴ്നാട് ഇൻഡസ്ട്രിയിൽ ഡവലപ്‌മെന്റ് കോർപറേഷൻ (ടിഡ്‌കോ) സമർപ്പിച്ച അപേക്ഷ വിശദ പരിശോധനകൾക്കുശേഷം വ്യോമയാന മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. പൊതുസ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലൂടെയാണ് നിർമ്മാണം.
2026 ജനുവരിയിൽ ആരംഭിച്ച് രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. സംസ്ഥാന സർക്കാർ കണ്ടെത്തിയ നാല് സ്ഥലങ്ങളിൽ നിന്നാണ് വ്യോമയാന മന്ത്രാലയം പരന്തൂരിനെ തിരഞ്ഞെടുത്തത്. പുതിയ വിമാനത്താവളത്തിനൊപ്പം നിലവിലുള്ള വിമാനത്താവളവും പ്രവർത്തിക്കും. ഗ്രീൻഫീൽഡ് വിമാനത്താവള മാർഗരേഖയ്ക്ക് അനുസൃതമായാണ് നിർമ്മാണം. ചെന്നൈ-ശ്രീപെരുമ്പത്തൂരിലെ ഗതാഗതകുരുക്കിന് പരിഹാരമായി ചെന്നൈയിൽ നിന്ന് പരന്തൂരിലേക്ക് മെട്രോ ദീർഘിപ്പിക്കും.
വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലം......... 2,172.72 ഹെക്ടർ
ആദ്യ ഘട്ടത്തിന്റെ ചെലവ്......................................... 11,445 കോടി രൂപ
റൺവേ........................................................................ 2
ഒന്നാം ഘട്ട ടെർമിനലിന്റെ വിസ്തീർണം................................ 3.51 ലക്ഷം ച. മീറ്റർ
ദൂരം ചെന്നൈ സെൻട്രലിൽ നിന്ന്.............................................. 70 കി.മീറ്റർ
മീനമ്പാക്കം വിമാനത്താവളത്തിൽ നിന്ന്...................... 65 കി. മീറ്റർ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണത്തോടുള്ള പദ്ധതികളിലൊന്നാണിത്. പ്രത്യേകിച്ച് ഡൽഹി, മുംബയ്, ചെന്നൈ പോലുള്ള മെഗാ നഗരങ്ങളിൽ, പുതിയ വിമാനത്താവളത്തിലൂടെ വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യം പരിഹരിക്കപ്പെടും. കൂടാതെ തമിഴ്നാടിന്റെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ എൻ.ഡി.എ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
- കെ. റാം മോഹൻ നായിഡു
കേന്ദ്ര വ്യോമയാന മന്ത്രി
വിജയ് പിന്തുണ നൽകിയ സമരം
പദ്ധതിക്കെതിരെ പ്രദേശവാസികൾ ആരംഭിച്ച സമരം ആയിരം ദിവസം പിന്നിടുകയാണ്. വിമാനത്താവളത്തിനായി 13 ഗ്രാമം പൂർണമായി ഒഴിപ്പിക്കേണ്ടി വരുമെന്നാണ് സമരക്കാർ ആരോപിക്കുന്നത്. നഷ്ടപരിഹാരം ലഭിച്ചാലും എങ്ങോട്ടു പോകുമെന്നും എങ്ങനെ ജീവിക്കുമെന്ന് അറിയില്ലെന്നാണ് ഗ്രാമീണർ പറയുന്നത്. ടി.വി.കെ നേതാവ് നടൻ വിജയ് അടക്കമുള്ളവർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |