സംസ്ഥാനത്തെ ആദിവാസികളുടെ ഹൃദയഭൂമികയായ അട്ടപ്പാടി ഇന്ന് വികസനത്തിന്റെയും സാമൂഹ്യ മുന്നേറ്റത്തിന്റെയും പടവുകൾ കയറുകയാണ്. അകാലത്തിൽ പൊലിഞ്ഞ ആദിവാസി ശിശുക്കളുടെയും പോഷകക്കുറവു സമ്മാനിച്ച അനാരോഗ്യവുമായി ജീവിക്കുന്ന അമ്മമാരുടെയും താഴ്വരയെന്ന ദുഷ്‌പേര് പതിയെ പതിയെ മറന്നുകൊണ്ടിരിക്കുകയാണ് അട്ടപ്പാടി. 'ആരോഗ്യമുള്ള അമ്മ, ആരോഗ്യമുള്ള കുഞ്ഞ്' എന്ന ലക്ഷ്യത്തോടെ 10 വർഷം മുമ്പ് ആരംഭിച്ച പ്രവർത്തനത്തിന് ഫലം കണ്ടുതുടങ്ങിയെന്നാണ് വിലയിരുത്തൽ. മുപ്പതും നാൽപതും ശിശുക്കൾ മരിച്ച മുൻവർഷങ്ങളിൽ നിന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ കുഞ്ഞുങ്ങളുടെ മരണം നാമമാത്രമായി മാറിയെന്നത് അതിന്റെ തെളിവാണ്. ഒരു ശിശുവിന്റെ ജീവൻ പോലും നഷ്ടപ്പെടാത്ത സാഹചര്യമാണ് ഇനിയുള്ള ലക്ഷ്യം.
മാതൃ ശിശുമരണങ്ങൾ സംഭവിക്കുന്നത് വിവിധ തലങ്ങളിൽ പരിശോധിച്ച് കാരണങ്ങൾ മനസിലാക്കാനുള്ള ശ്രമങ്ങൾ, ഫലം കാണുന്നതിന്റെ തെളിവാണ് അട്ടപ്പാടിയുടെ ഈ സാമൂഹ്യമുന്നേറ്റം. അട്ടപ്പാടിയിലെ ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, ആരോഗ്യ വിദ്യാഭ്യാസം നൽകുക, ആരോഗ്യപ്രവർത്തകർക്കുള്ള പരിശീലനങ്ങൾ എന്നിവ ഇപ്പോഴും തുടരുന്നുണ്ട്. ഗർഭിണികളിലെ പോഷകാഹാരക്കുറവും ആരോഗ്യപ്രശ്നങ്ങളും ശിശുമരണങ്ങൾക്ക് കാരണമാകുന്നതിനാൽ ഗർഭിണികളെ ആദ്യമൂന്നു മാസത്തിനുള്ളിൽ കണ്ടെത്തി പരിചരണവും ഇവരിലെ പോഷകാഹാരവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനായുള്ള പ്രത്യേക ശ്രദ്ധയും നൽകുന്നുണ്ട്. ഗർഭിണികളിൽ അനീമിയയുടേയും, തൂക്കക്കുറവിന്റെയും തോത് കുറയ്ക്കാൻ കഴിഞ്ഞതോടെ ഗർഭാവസ്ഥയുടെ സങ്കീർണതകളും നവജാത ശിശുമരണ നിരക്കും കുറഞ്ഞു.
2009ൽ നൂറോളം സ്വാഭാവിക ഗർഭഛിദ്രങ്ങളാണുണ്ടായത്. തൊട്ടടുത്ത വർഷങ്ങളിലും ഇത് തുടർന്നു. 2012 മുതൽ നവജാത ശിശുക്കളുടെ കൂട്ടമരണത്തിൽ നാടിന്റെ മനസു തകർന്നു. 2013, 2014 വർഷങ്ങളിൽ മുപ്പതും നാൽപതും ശിശുമരണങ്ങളുണ്ടായതോടെ അട്ടപ്പാടി ദേശീയതലത്തിൽ ചർച്ചയായി. തുടർന്ന് അങ്ങോട്ട് സ്വീകരിച്ച കടുത്ത നടപടികൾക്കു ഫലമുണ്ടായിത്തുടങ്ങി. വിദ്യാഭ്യാസത്തിലും വികസനത്തിലുമായി ആദിവാസികൾ സ്വയം മാറിയും അതിനു സഹായമായി. 2018 - 2019ൽ ശിശുമരണം 10 ആയി കുറയ്ക്കാനായി. അമ്മമാരിലെ പോഷകക്കുറവു കാരണം കഴിഞ്ഞ വർഷവും ഒരു കുട്ടിയും മരിക്കാനിടയായിട്ടില്ലെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.
ബാക്കിയാകുന്ന
ആശങ്കകൾ
പുതിയ ഭക്ഷണരീതികൾ പ്രചരിപ്പിക്കുമ്പോൾ, പരമ്പരാഗത ഭക്ഷണരീതി ഗോത്രജനതയ്ക്ക് കൈവിട്ടുപോകുകയാണ്. പലയിടത്തും പാരമ്പര്യ ഭക്ഷ്യകൃഷി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ചെറുധാന്യക്കൃഷിയുടെ സർക്കാർ പദ്ധതികൾ കടലാസിലൊതുങ്ങുന്നു. ഗർഭിണികൾക്കു പോഷക സമൃദ്ധമായ സമീകൃതാഹാരം ഉറപ്പാക്കുന്നതിൽ കൂടുതൽ ശ്രദ്ധവേണം. എല്ലാ ഊരുകളിലും അങ്കണവാടികൾ തുറക്കണം.
കൃഷി കുറഞ്ഞതോടെ പലവിധ കൂലിപ്പണികളെ ആശ്രയിക്കുന്ന ആദിവാസികൾക്കിടയിൽ തൊഴിലും വരുമാനവും ഇല്ലാത്തത് പോഷകമൂല്യമുള്ള ഭക്ഷണത്തിന്റെ ലഭ്യതയെയും ബാധിക്കുന്നു. ശുചിത്വ ആരോഗ്യകാര്യങ്ങളിൽ ബോധവത്ക്കരണം കാര്യക്ഷമമാക്കണം. അരിവാൾ രോഗ സ്‌ക്രീനിംഗ് പൂർത്തിയാക്കി കൃത്യമായി മോണിറ്ററിംഗ് നടത്തൽ ഉൾപ്പെടെ സമയമബന്ധിതവും കാര്യക്ഷമവുമായി നടന്നില്ലെങ്കിൽ നേട്ടങ്ങൾ കൈവിട്ടുപോകാനുള്ള സാധ്യത ഏറെയാണ്. സ്‌കൂളുകളിൽ പ്രത്യേകം ശ്രദ്ധ വേണം. തുച്ഛമായ വിലയുള്ള അയൺ ഗുളികകൾ യഥാസമയം ഗർഭിണികൾക്കു കൊടുക്കാത്തതാണ് കൂട്ടശിശുമരണത്തിന് ഒരു പ്രധാന കാരണമെന്ന് ആരോപണം ഉയർന്നിരുന്നു. അതിനാൽ ജാഗ്രത ആവശ്യമാണ്.
സ്വീകരിച്ച
പ്രധാന നടപടികൾ
കുഞ്ഞുങ്ങളുടെ പരിചരണത്തിനായി ന്യൂട്രിഷൻ റീഹാബിലിറ്റഷൻ സെന്റർ ശാക്തീകരിച്ചു, പ്രൈമറി ഹെൽത്ത് സെന്ററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. 28 സബ് സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി, നവജാത ശിശുമരണം തടയാൻ കോട്ടത്തറ ആശുപത്രിയുമായി ചേർന്ന് സിക്ക് ന്യൂബോൺ കെയർ സൗകര്യം ഏർപ്പെടുത്തി, മൊബൈൽ മെഡിക്കൽ യൂണിറ്റുകളിലൂടെ ഗർഭകാല പരിചരണം ശക്തമാക്കി.
പ്രത്യേക ആപ്പ് വഴി ഗർഭിണികളെ എല്ലാ ആഴ്ചയും നിരന്തരമായി നിരീക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്തി, കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾക്കിടയിൽ ബോധവത്ക്കരണവും സ്‌ക്രീനിംഗും ശക്തമാക്കി, വീടുകളിലെ പ്രസവം ഇല്ലാതാക്കാൻ മുൻകൂട്ടി ഗർഭിണികളെ കോട്ടത്തറ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ നടപടിയായി. ഗർഭകാല റജിസ്‌ട്രേഷൻ നേരത്തെയാക്കാനും തുടർ ആരോഗ്യ സേവനങ്ങൾ കൃത്യമായി ലഭ്യമാക്കാനും ഊര് ആശമാരുടെ സേവനം ഉറപ്പാക്കി.
അന്നമൂട്ടി
സാമൂഹ്യ അടുക്കള
ശിശുമരണങ്ങൾ ചർച്ചയായതോടെ 2013ലെ യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ ആശയമാണ് കമ്മ്യൂണിറ്റി കിച്ചൻ. ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, ആറ് വയസിന് താഴെയുള്ള കുട്ടികൾ, കൗമാരക്കാർ, 60ന് മുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ അതാത് ഊരുകളിൽ നിന്നുള്ള ഗുണഭോക്താക്കളെ കണ്ടെത്തി അവർക്ക് ഒരു നേരത്തെ ഭക്ഷണമെങ്കിലും നൽകുക എന്നതായിരുന്നു ആദ്യഘട്ടത്തിൽ നടപ്പാക്കിയ സാമൂഹ്യ അടുക്കള പദ്ധതി. അങ്കണവാടികൾ വഴി ഭക്ഷണമെത്തിച്ചായിരുന്നു തുടക്കം. പിന്നീട് 2014ൽ കേന്ദ്രസർക്കാരിന്റെ ദേശീയ ദാരിദ്ര്യ നിർമ്മാർജന യജ്ഞത്തിന്റെ ഭാഗമായി പദ്ധതി നടത്തിപ്പ് കുടുംബശ്രീയെ ഏൽപ്പിച്ചു. നിലവിൽ സപ്ലൈകോ, റേഷൻ കടകൾവഴി പല ഊരുകളിലെയും വീടുകളിലേക്ക് ഭക്ഷണ സാധനങ്ങളെത്തിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയുന്നുണ്ട്. പോഷകാഹാരം ലഭിച്ചു തുടങ്ങിയതുകൊണ്ട് തന്നെ പല ഊരുകളിലും സമൂഹ അടുക്കളകളുടെ ആവശ്യമില്ലാതായി, അത് വലിയൊരു മാറ്റമാണ്.
സ്ത്രീമുന്നേറ്റത്തിന്
അയൽക്കൂട്ടങ്ങൾ
2013 ലാണ് അട്ടപ്പാടിയിലെ അഗളി, പുതൂർ, ഷോളയാർ പഞ്ചായത്തുകളിലായി സ്ത്രീ കൂട്ടായ്മയായ അയൽക്കൂട്ടങ്ങൾ രൂപീകരിച്ചത്. അട്ടപ്പാടിയിലെ സ്ത്രീകളിൽ 90 ശതമാനം പേരുമിന്ന് അയൽക്കൂട്ടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇത് സ്ത്രീ സമൂഹത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ മുന്നേറ്റത്തിന് കാരണമായി. ഓരോ ആഴ്ചയും അയൽക്കൂട്ട യോഗങ്ങളും ഊര് കൂട്ടങ്ങളും ചേരാൻ കഴിയുന്നതിനാൽ ഊരുനിവാസികളിൽ ബോധവത്കരണം കാര്യക്ഷമമാക്കാൻ സഹായിച്ചു. ശിശുമരണങ്ങളെക്കുറിച്ചും ആരോഗ്യ പരിചരണത്തെക്കുറിച്ചും ജീവിതശൈലികളെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും സ്ത്രീകൾക്ക് അയൽക്കൂട്ടങ്ങൾ വ്യക്തമാക്കിക്കൊടുക്കുന്നുണ്ട്.
വിദ്യാഭ്യാസം
ഉറപ്പാക്കി
വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടമാണ് അട്ടപ്പാടിയുടെ പ്രധാന സവിശേഷത. ഗോത്രവർഗത്തിലെ ആദ്യ ഡോക്ടർ, അഡ്വക്കേറ്റ്, എൻജിനീയർ തുടങ്ങി നേട്ടങ്ങൾ എത്തിപ്പിടിക്കാൻ പ്രാപ്തരായാണ് അട്ടപ്പാടിക്കാർ വളരുന്നത്. പ്രാഥമിക വിദ്യാഭ്യാസ കാലത്തെ കൊഴിഞ്ഞുപോക്ക് കുറയ്ക്കാൻ സാധിച്ചത് സാമൂഹ്യമാറ്റത്തിന് ചാലക ശക്തിയായി. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കുടുംബശ്രീ, ഐ.ടി.ഡി.പി എന്നിവയുടെ സഹകരണത്തോടെ ആവിഷ്‌കരിച്ച പദ്ധതികളാണ് വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കിന് തടയിട്ടത്. മുൻകാലങ്ങളിൽ 600 ഓളം ആളുകളുടെ കൊഴിഞ്ഞുപോക്കുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 50ൽ താഴെയായി. സ്ത്രീകളുൾപ്പെടെയുള്ളവർ വിദ്യാഭ്യാസം നേടിയതിനാൽ വിവാഹം, ഗർഭകാലത്തെ ആരോഗ്യപരിപാലനം, ജോലി എന്നിവയിൽ കൂടുതൽ ശ്രദ്ധ നൽകാൻ അവർ പ്രാപ്തരായിയെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. നിലവിൽ ജനനി ജന്മരക്ഷ പദ്ധതി പ്രകാരം ഗർഭിണികൾക്ക് പ്രതിമാസം 2000 രൂപവെച്ച് സർക്കാർ ധനസഹായം നൽകുന്നുണ്ട്. ഐ.ടി.ഡി.പിയാണ് പദ്ധതി നടപ്പാക്കുന്നത്. കുഞ്ഞ് ജനിച്ച് ഒരു വയസാകുന്നത് വരെ ഈ പദ്ധതിയാനുകൂല്യം ലഭിക്കും. ഇതുകൂടാതെ ന്യൂട്രീഷ്യൻ ഫുഡ് നൽകുന്ന കിറ്റ് പദ്ധതിയും കാര്യക്ഷമമാണ്.
ഏകോപനത്തിന്
മൊബൈൽ ആപ്പ്
ഫീൽഡ് തലത്തിൽ ഗർഭിണികളെക്കുറിച്ച് പല വകുപ്പുകളും ശേഖരിക്കുന്ന കണക്കുകളിലുള്ള ആശയക്കുഴപ്പം പരിഹരിക്കാൻ നടപ്പാക്കിയ പദ്ധതിയാണ് ഒ.ഡി.കെ(ഒപ്പൺ ഡാറ്റാ കിറ്റ്) മൊബൈൽ ആപ്പ്. 2021ൽ അന്നത്തെ ജില്ലാ കളക്ടർ മൃൺമയി ജോഷിയുടെ നിർദ്ദേശപ്രകാരം പാലക്കാട് എൻ.ഐ.ടിയാണ് ആപ്പിന് രൂപം നൽകിയത്. ആരോഗ്യവകുപ്പ്, കുടുംബശ്രീ, ഐ.ടി.ഡി.പി ഇവരെ ഉപയോഗിച്ച് ഗർഭിണികളെ മോണിറ്റർ ചെയ്യാൻ ആപ്പ് സഹായിച്ചു. ഫീൽഡിസലെ ഗർഭിണികളുടെ എണ്ണം, പ്രസവത്തെ തുടർന്നുള്ള ചികിത്സ, ഏത് ആശുപത്രി, കുഞ്ഞ്, തൂക്കം, അസുഖം, ഹൈ റിസ്‌ക് എന്നിവ സംബന്ധിച്ച് എല്ലാ വിവരങ്ങളും ശേഖരിച്ചു. ഇതിപ്പോഴും തുടരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |