കെ.കെ.രാഗേഷിന് മുൻതൂക്കം
കണ്ണൂർ: സി.പി.എം ജില്ലാക മ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റും 15ന് രാവിലെ യോഗം ചേരും. നിലവിലെ സെക്രട്ടറി എം.വി. ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ പുതിയ ജില്ലാസെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതടക്കമുള്ള തീരുമാനങ്ങൾ ഈ യോഗങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന.
യുവനിരയിൽനിന്ന് ഒരാളെ സെക്രട്ടറിയായി വരാനുള്ള സാദ്ധ്യതയാണ് കൂടുതൽ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയായ മുൻ എം.പി കെ.കെ.രാഗേഷിന്റെ പേരിനാണ് നിലവിൽ മുൻതൂക്കം. രാജ്യസഭയിൽ മികച്ച പ്രകടനം നടത്തിയിരുന്ന ഇദ്ദേഹം മുഖ്യമന്ത്രിയുടെ വിശ്വസ്തനും കൂടിയാണ്. എസ്.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ച ഏക മലയാളിയാണ് രാഗേഷ്. അഖിലേന്ത്യാ കിസാൻസഭ ജോയിന്റ് സെക്രട്ടറി എന്ന നിലകളിൽ ഡൽഹിയിൽ നടന്ന കർഷകസമരത്തിന്റെ മുൻനിരയിൽ തിളങ്ങിയതും രാഗേഷിന്റെ പേരിന് മുൻതൂക്കം നൽകുന്ന ഘടകങ്ങളാണ്.
നേരത്തെ എം.വി.ജയരാജൻ ലോക് സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്നപ്പോൾ ആക്ടിംഗ് ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ ടി.വി.രാജേഷ്, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ എം.പ്രകാശൻ , എൻ.ചന്ദ്രൻ തുടങ്ങിയവരുടെ പേരുകളും പാർട്ടിയുടെ സജീവ പരിഗണനയിലുണ്ട്. പാർട്ടിയിൽ തഴക്കവും പഴക്കവുമുള്ള നേതാവെന്ന നിലയിൽ എം.പ്രകാശനും യുവ നേതാക്കളിൽ പ്രമുഖനെന്ന നിലയിൽ ടി.വി.രാജേഷിനും സെക്രട്ടറി പദവിയിലെത്താനുള്ള സാദ്ധ്യത സജീവമാണ്.
തന്നെക്കാൾ കഴിവുള്ള ഒരാളായിരിക്കും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വരികയെന്നും പാർട്ടി ഈ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നുമാണ് എം.വി ജയരാജൻ ഈ വിഷയത്തിൽ മാദ്ധ്യമങ്ങളോട് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
സാദ്ധ്യതാ ലിസ്റ്റ്
കെ.കെ.രാഗേഷ്
സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം. കണ്ണൂർ കാഞ്ഞിരോട്ടെ സി. ശ്രീധരന്റെയും കർഷക തൊഴിലാളിയായ കെ.കെ.യശോദയുടെയും മകൻ. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയിട്ടുണ്ട്. 55 വയസ്. എസ്.എഫ്.ഐയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ ആദ്യ മലയാളി.എസ്.എഫ്.ഐ.യുടെ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ച് സംസ്ഥാന നേതൃത്വത്തിലേക്കും അഖിലേന്ത്യ നേതൃത്വത്തിലേക്കും ഉയർന്നു.2015ൽ രാജ്യസഭ അംഗം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി.
ടി.വി.രാജേഷ്
സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം.കുളപുരത്ത് ചന്തുക്കുട്ടിയുടെയും മാധവിയുടെയും മകൻ. ചെറുതാഴം ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം. പയ്യന്നൂർ കോളേജിൽ നിന്ന് പൊളിറ്റിക്സിൽ ബിരുദം.തിരുവനന്തപുരംഗവൺമെന്റ് ലോ കോളേജിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം. എസ്.എഫ്.ഐ മുൻസംസ്ഥാന സെക്രട്ടറി.2011ലും 2016ലും കല്യാശ്ശേരിയിൽ നിന്നും എം.എൽ.എ.2024ൽ സി.പി.എം കണ്ണൂർ ജില്ലാ ആക്ടിംഗ് സെക്രട്ടറി.
എം.പ്രകാശൻ
അഴീക്കോട് തെക്കുഭാഗം സ്വദേശിയായ എം. പ്രകാശൻ നിലവിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്. എം.എ, എൽ.എൽ.ബി ബിരുദധാരിയും ജേർണലിസം പി.ജി ഡിപ്ലോമ നേടിയ ആളുമാണ്. അഴീക്കോട് തെക്കുഭാഗം എൽ.പി സ്‌കൂൾ പ്രധാനാദ്ധ്യാപകനായിരുന്നു. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനായി വിരമിക്കുകയായിരുന്നു. 2005ലെ ഉപതിരഞ്ഞെടുപ്പിലും 2006ലെ തിരഞ്ഞെടുപ്പിലും അഴീക്കോട് നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്,അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ്, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സംസ്ഥാന ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി, കണ്ണൂർ സഹകരണ സ്പിന്നിംഗ് മിൽ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അദ്ധ്യാപക ദമ്പതികളായ പരേതനായ എൻ.അച്യുതന്റെയും എം.സരോജിനിയുടെയും മകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |