തിരുവനന്തപുരം: കേരള സർവകലാശാലാ സെനറ്റിലേക്കുള്ള വിദ്യാർത്ഥി തിരഞ്ഞെടുപ്പിൽ കെ.എസ്.യു വിജയിച്ച ഒരു സീറ്റിലെ ഫലം പ്രഖ്യാപിക്കുക ഹൈക്കോടതിയിലുള്ള കേസിൽ വിധി വന്ന ശേഷമായിരിക്കും. വിദ്യാർത്ഥി ക്വോട്ടയിലെ 10 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. സിംജോ സാമുവൽ സക്കറിയ, സൽമാൻ ഫാരിസ്, മുഹമ്മദ് ഷിനാസ് ബാബു എന്നിവരാണു കെഎസ്‌യു പാനലിൽ സെനറ്റിലേക്കു വിജയിച്ചത്. ഇതിൽ ലയോള കോളജിലെ സിംജോയുടെ ഫലമാണ് തടഞ്ഞു വച്ചിരിക്കുന്നത്. പ്രായപരിധിയുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസിലെ വിധി വന്ന ശേഷമാകും ഇതിൽ അന്തിമ തീരുമാനമെടുക്കുക. സിംജോയുടെ സ്ഥാനാർത്ഥിത്വത്തിനെതിരായ ഹർജിയിൽ, മത്സരിക്കാൻ കോടതി അനുവദിച്ചെങ്കിലും അന്തിമ തീരുമാനം കോടതി ഉത്തരവ് പ്രകാരമായിരിക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനാലാണ് ഫലം പ്രഖ്യാപിക്കാത്തത്. ഇതിൽ വ്യക്തതയുണ്ടായ ശേഷമായിരിക്കും തിരഞ്ഞെടുപ്പ് ഫലം വിജ്ഞാപനം ചെയ്യുക. സെനറ്റിലേക്ക് 6 സീറ്റുകളിൽ എസ്.എഫ്.ഐയും മൂന്നിൽ കെ.എസ്.യുവും ഒരു സീറ്റിൽ എം.എസ്.എഫുമാണ് വിജയിച്ചത്. കെ.എസ്.യുവിന്റെ ഒരു സീറ്റിലെ വിജയമാണ് പ്രഖ്യാപിക്കാനുള്ളത്.
വിജയിച്ചവർ: വൈഭവ് ചാക്കോ ( ലാ അക്കാഡമി), എസ്.ആർ.നിരഞ്ജൻ (കാര്യവട്ടം ക്യാമ്പസ് ), റിനോ സ്റ്റീഫൻ ആർ.ബി ( ലാ കോളേജ്), സൗരവ് സുരേഷ് (എസ്.ഡി കോളേജ്), ദേവിനന്ദന എം.എസ് (എസ്.എൻ കോളേജ്, കൊല്ലം), മുസാഫിർ അഹമ്മദ് എച്ച്. എസ് (നിലമേൽ എൻ.എസ്.എസ്) ഇവരാണ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്.എഫ്.ഐക്കാർ. സൽമാൻ (ലാ അക്കാഡമി ), ഷിനാസ് (ലാ അക്കാഡമി) എന്നിവരാണ് സെനറ്റിൽ കെ.എസ്.യുവിന്റെ പ്രതിനിധികൾ. ജാസ്‌മി (കായംകുളം എം.എസ്.എം കോളജ്) ആണ് എം.എസ്.എഫിന്റെ സെനറ്റിലെ പ്രതിനിധി. ആദ്യമായാണ് സെനറ്റിലേക്ക് എം.എസ്.എഫ് ജയിച്ചത്.
യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റുകളിൽ ഏഴിൽ ആറെണ്ണവും എസ്.എഫ്.ഐയാണ് നേടിയത്. കെ.എസ്.യുവിന് വൈസ് ചെയർപേഴ്സൺ സ്ഥാനം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |