ലക്നൗ: സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവാൻ ഓടുന്ന ട്രെയിനിന്റെ അടിയിൽ കിടന്ന് റീൽസ് എടുത്ത് യുവാക്കൾ. ഉത്തർപ്രദേശിലെ ഉന്നാവോയിലും അസമിലെ സിൽച്ചാറിലുമാണ് യുവാക്കൾ ഓടുന്ന ട്രെയിനിന്റെ അടിയിൽ കിടന്ന് റീൽസ് വിഡിയോ ചിത്രീകരിച്ചത്. അതേസമയം,വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. തലനാരിഴക്കാണ് ഈ യുവാക്കൾ രക്ഷപ്പെട്ടതെന്നും ആരും ഇത് ആവർത്തികരുതെന്നും പറഞ്ഞ് നിരവധി പേർ രംഗത്ത് വന്നു.
ഉന്നാവോയിലെ കുസുംഭി റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു ആദ്യത്തെ സംഭവം. ട്രെയിന്‍ എത്തുന്നതിന് മുൻപ് ട്രാക്കിൽ മൊബൈലുമായി കമിഴ്ന്നു കിടക്കുന്ന യുവാവിനെയാണ് റീൽലിൽ ആദ്യം കാണിക്കുന്നത്. ഇതു മറ്റൊരാൾ ചിത്രീകരിക്കുന്നുണ്ട്. പിന്നാലെ ട്രെയിൻ വരുന്നതും യുവാവിന് മുകളിലൂടെ കടന്നുപോകുന്നതും കാണാം. തുടർന്ന് യുവാവ് കിടന്നു കൊണ്ട് ട്രെയിനിന്റെ അടിയിൽ ചിത്രീകരിച്ച ദൃശ്യങ്ങളും ഉൾപ്പെടുത്തിയാണ് റീൽസ്. വീഡിയോ വൈറലായതോടെ ആർ.പി.എഫ് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഉന്നാവോ ഹസൻഗഞ്ച് സ്വദേശിയായ രഞ്ജിത് ചൗരസ്യയാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച സിൽച്ചാറിനു സമീപം രംഗ്പൂരിലാണ് രണ്ടാമത്തെ സംഭവം നടക്കുന്നത്. പാപ്പുൽ ആലം ബർഭൂയയാണ് ട്രെയിനെത്തുന്നതിന് തൊട്ടുമുൻപ് ട്രാക്കിൽ കിടന്ന് സമാനരീതിയിൽ റീൽസ് ചിത്രീകരിച്ചത്.
ഈ വീഡിയോയും വൈറലായിരുന്നു. സംഭവത്തിൽ നിയമനടപടിക്ക് ഒരുങ്ങുകയാണ് അസം പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |