കീവ്: യുക്രെയ്‌നിന്റെ തലസ്ഥാനമായ കീവിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ മരുന്ന് കമ്പനിയുടെ സംഭരണശാലയിൽ മിസൈൽ ആക്രമണം നടത്തി റഷ്യ. ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ യുക്രെയ്‌ൻ തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് പുലർച്ചയോടെയായിരുന്നു ആക്രമണം. സംഭവത്തിൽ കമ്പനിയുടെ സംഭരണശാല മുഴുവനായി കത്തി നശിച്ചു. ഇന്ത്യൻ വ്യവസായി രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുളള കുസും എന്ന കമ്പനിയിലാണ് ആക്രമണമുണ്ടായത്. യുക്രെയ്നിലെ തന്നെ ഏറ്റവും വലിയ മരുന്ന് കമ്പനികളിലൊന്നാണ് കുസും.
യുക്രെയ്നിലെ ഇന്ത്യൻ വ്യവസായത്തെ ലക്ഷ്യം വച്ചുളള ആക്രമണമാണ് നടന്നതെന്ന് യുക്രെയ്ൻ എംബസിയും ആരോപിച്ചു. സ്ഥാപനത്തിന് നേരെയുളള റഷ്യയുടെ ആക്രമണം മനഃപ്പൂർവമാണെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്. ഇന്ത്യയുമായി പ്രത്യേക സൗഹൃദം അവകാശപ്പെടുമ്പോൾ തന്നെ റഷ്യൻ ഭരണകൂടം ഇന്ത്യൻ വ്യവസായത്തെ ലക്ഷ്യമിടുന്നുവെന്നും കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുളള മരുന്നുകൾ നശിപ്പിക്കുന്നുവെന്നാണ് യുക്രെയ്‌നിന്റെ ആരോപണം. രാജ്യത്തുടനീളം എല്ലാ മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കുന്ന കമ്പനിയാണ് കുസും.
ആക്രമണത്തിൽ യുക്രെയ്നിലെ ബ്രിട്ടീഷ് അംബാസഡർ മാർട്ടിൻ ഹാരിസ് പ്രതികരിച്ചു. കീവിലെ പ്രധാന മരുന്നു കമ്പനിയുടെ സംഭരണശാല റഷ്യ തകർത്തെന്നും റഷ്യൻ ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം എക്സിലൂടെ പറഞ്ഞു. യുക്രെയ്ൻ പൗരൻമാർക്കെതിരെയുളള റഷ്യയുടെ ആക്രമണം തുടരുകയാണെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
അടുത്തിടെ റഷ്യയുടെ ചില ഊർജ വിതരണ കേന്ദ്രങ്ങൾക്കുനേരെ യുക്രെയ്ൻ അഞ്ച് ആക്രമണങ്ങൾ നടത്തിയിരുന്നതായി റഷ്യൻ പ്രതിരോധ മന്ത്രാലയവും ആരോപിച്ചിട്ടുണ്ട്. ഇത്തരം ആക്രമണങ്ങൾ അമേരിക്ക മദ്ധ്യസ്ഥത വഹിച്ച മൊറട്ടോറിയത്തിന്റെ ലംഘനം കൂടിയാണെന്നും റഷ്യ ഓർമപ്പെടുത്തി. ഇരുരാജ്യങ്ങൾ തമ്മിലുളള ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കാനും സമാധാനം സ്ഥാപിക്കാനും ഇന്ത്യ ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും അത് പ്രാവർത്തികമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |