ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭരണം നടത്തുന്നത് മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ഭർത്താവാണെന്ന പരിഹാസവുമായി പ്രതിപക്ഷനേതാവ് അതിഷി മർലീന. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അതിഷി ഇക്കാര്യം ആരോപിച്ചത്. രേഖാ ഗുപ്തയുടെ ഭർത്താവ് മനീഷ് ഗുപ്ത എംസിഡി, ഡിജെബി, പിഡബ്ല്യൂഡി, ഡിയുഎസ്‌ഐബി തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രവും അതിഷി പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭർത്താവ് അനൗദ്യോഗികമായി ഭരണം നടത്തുന്നുവെന്നാണ് അതിഷിയുടെ പോസ്റ്റിലുളളത്.
'ഈ ചിത്രം നോക്കൂ, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം നടത്തുന്നത് രേഖാ ഗുപ്തയുടെ ഭർത്താവ് മനീഷ് ഗുപ്തയാണ്'- അതിഷി പോസ്റ്റിൽ കുറിച്ചു. ഇത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സർപഞ്ച് വ്യവസ്ഥയോടാണ് (ഗ്രാമീണ ഭരണത്തിൽ തിരഞ്ഞെടുക്കുന്ന വനിതാ നേതാവിന്റെ ഭർത്താവ് ഭരണം നടത്തുന്നതിനോടാണ്) അതിഷി ഇത് താരതമ്യം ചെയ്തിരിക്കുന്നത്. 'ഒരു ഗ്രാമത്തിൽ വനിതയെ പ്രധാന നേതാവായി തിരഞ്ഞെടുത്താൽ അവരുടെ ഭർത്താവായിരിക്കും എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്ന് നമ്മൾ മുൻപ് കേട്ടിരുന്നു. സ്ത്രീകൾക്ക് എങ്ങനെ ഭരണം നടത്തണമെന്ന് അറിയില്ലാത്ത അവസ്ഥയിലാണ് ഇത്തരത്തിൽ ചെയ്യുന്നത്. എന്നാൽ രാജ്യത്തിന്റെ ചരിത്രത്തിൽ ഇത് ആദ്യമായിരിക്കണം, ഒരു വനിതാ മുഖ്യമന്ത്രിയുടെ ഭർത്താവ് ഭരണം നടത്തുന്നതും ആദ്യത്തെ സംഭവമാണ്'- അവർ പോസ്റ്റിൽ കുറിച്ചു.
ഡൽഹിയിൽ വർദ്ധിച്ചുവരുന്ന ഭരണപരമായ ആശങ്കകളെക്കുറിച്ചും അതീഷി പ്രതികരിച്ചു. വൈദ്യുതി മുടക്കവും സ്വകാര്യ സ്‌കൂൾ ഫീസ് വർദ്ധനവിനെക്കുറിച്ചും പ്രതിപക്ഷ നേതാവ് ചോദിച്ചു. 'ഈ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമില്ലായ്മയുമായി ബന്ധപ്പെട്ടതാണോ? രേഖാ ഗുപ്തയ്ക്ക് ഭരണം എങ്ങനെ നടത്തണമെന്ന് അറിയില്ലേ? എല്ലാ ദിവസവും വൈദ്യുതി മുടക്കമുണ്ടാകുന്നതിന്റെ കാരണം എന്താണ്. ഇതൊക്കെ അങ്ങേയറ്റം അപകടകരമാണ്'- അതിഷി കൂട്ടിച്ചേർത്തു.
അതിഷിയുടെ ആരോപണങ്ങൾക്ക് ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ മറുപടി നൽകിയിട്ടുണ്ട്. ഒരു സ്ത്രീയായ പ്രതിപക്ഷ നേതാവ് മറ്റൊരു വനിതാ നേതാവിനെ അപമാനിക്കുന്നത് ആശ്ചര്യകരമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. 'രേഖാ ഗുപ്തയുടെ ഭർത്താവ് അവരെ പിന്തുണയ്ക്കുന്നതിൽ നിയമവിരുദ്ധതയോ അനീതിയോ ഇല്ല. ആംആദ്മി പാർട്ടിയിൽ മുൻപ് സംഭവിച്ച കാര്യങ്ങൾ അറിയില്ലേ?ഡൽഹിയിലെ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജയിലിലായപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ സുനിത കേജ്‌രിവാൾ ഓഫീസിൽ വച്ച് ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. അത് ജനാധിപത്യത്തിന് അപമാനമായില്ലേ?'- അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |